ആലപ്പുഴയിലെ സംഭവം വേദനിപ്പിച്ചു, താന്‍ പിണറായി വിജയന്റെ ആരാധകനാണെന്ന് നടന്‍ വിജയ് സേതുപതി!
കുറഞ്ഞ സമയത്തിനുള്ളില്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടില്‍ മക്കള്‍ ശെല്‍വം എന്നറിയിപ്പെടുന്ന താരത്തിന് കേരളത്തില്‍ വമ്പന്‍ ആരാധകനിരയാണുള്ളത്. അടുത്തിടെ കേരളത്തില്‍ സിനിമയുടെ ചിത്രീകരണത്തിനെത്തിയ വിജയ് സേതുപതി ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വരുന്നവരെ നിരാശരാക്കുകയില്ലെന്ന് മാത്രമല്ല അവരെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തുമൊക്കെയാണ് വിജയ് സേതുപതി വരവേല്‍ക്കുന്നത്.
ജാതി-മത വ്യവസ്തകള്‍ ഇന്നും നമ്മുടെ നാട്ടില്‍ ശക്തമായി നിലകൊള്ളുകയാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈയിടെ ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഞാനൊരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് മനസിലായത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹത്തിലൂടെയും ഇതിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുകയാണ്.

താന്‍ പിണറായി വിജയന്റെ കടുത്ത ആരാധകനാണ്. ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ബാധിച്ചപ്പോള്‍ ഏറ്റവും വേഗം പത്ത് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത് മറക്കാനാകില്ലെന്നും താരം പറയുന്നു. ഒരിക്കല്‍ താന്‍ പിണറായി വിജയനെ നേരില്‍ കണ്ട അനുഭവവും താരം വെളിപ്പെടുത്തിയിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചു. അദ്ദേഹം വന്നപ്പോള്‍ എല്ലാവരും നിശബ്ദരായി. ഹെഡ്മാസ്റ്ററെ കാണുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ നിശബ്ദരാകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം വളരെ കൂളാണ്. ഏത് പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാന്‍ അറിയാം.
ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ തമിഴ് സിനിമയിലും ഉണ്ടാകണമെന്നും അത് ആര് തടഞ്ഞാലും സംഭവിക്കുമെന്നും വിജയ് സേതുപതി വ്യക്തമാക്കി. സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്കെതിരായി നടക്കുന്ന ചൂഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നും അത്തരത്തില്‍ ചൂഷണം ചെയ്യുന്നവര്‍ എത്ര വര്‍ഷം കഴിഞ്ഞാലും ചോദ്യം ചെയ്യപ്പെടുമെന്ന തോന്നലുണ്ടാക്കാന്‍ മീ ടു കാംപെയ്‌നിന് കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications