പെൺമക്കളില്ലാത്ത വിഷമം; അവരുടെ കാര്യത്തിലും സ്ട്രിക്റ്റും പൊസസീവും ആയിരുന്നു; വിജയ് യേശുദാസ്
ഗാന ഗന്ധർവൻ യേശുദാസിന്റെ മകൻ എന്ന പേരിന് അപ്പുറത്ത് പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കാൻ വിജയ് യേശുദാസിന് സാധിച്ചു. പ്രത്യേകിച്ചും തമിഴകത്ത് നിരവധി ആരാധകർ വിജയ് യേശുദാസിനുണ്ട്. ഗായകൻ എന്നതിനപ്പുറം ചില സിനിമകളിൽ വിജയ് അഭിനയിച്ചിട്ടുമുണ്ട്. അടുത്തിടെയിറങ്ങിയ സാൽമൺ എന്ന മലയാള സിനിമയിൽ വിജയ് യേശുദാസ് പ്രധാന വേഷം ചെയ്തു.
പിതാവിനെക്കുറിച്ച് വിജയ് യേശുദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യേശുദാസിന്റെ ഇപ്പോഴത്തെ ദിനചര്യകളെക്കുറിച്ച് വിജയ് സംസാരിച്ചു. ആനന്ദ വികടൻ ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായകൻ.
അദ്ദേഹത്തിന് ഹൽവ, മെെസൂർ പാക്ക് തുടങ്ങിയവയൊക്കെ ഇഷ്ടമാണ്. പക്ഷെ കൺട്രോൾ ഉണ്ട്. രണ്ട് മൂന്ന് വർഷം മുമ്പ് വെജിറ്റേറിയനായിരുന്നു. ഇത്രയും വർഷക്കാലം നോൺ വെജിറ്റേറിയനായിരുന്നിട്ട് പെട്ടെന്ന് ഭക്ഷണക്രമം മാറ്റുന്നത് ശരീരത്തെ ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ ഇപ്പോൾ ചിക്കനൊക്കെ കഴിക്കാൻ തുടങ്ങിയെന്നും വിജയ് യേശുദാസ് പറയുന്നു.
പെൺമക്കൾ ഇല്ലാത്ത വിഷമം പിതാവിനുണ്ടായിരുന്നെന്നും വിജയ് യേശുദാസ് തുറന്ന് പറഞ്ഞു. എന്റെ മകൾ വന്നതോടെ ആ വിഷമമാെക്കെ പോയി. അമ്മയുടെ ചേച്ചിയുടെ മകൾ ഉണ്ട്. മുമ്പ് അവരെയാണ് മകളെ പോലെ കണ്ടിരുന്നത്. അവരുടെ കാര്യത്തിലും അദ്ദേഹം വളരെ പൊസസീവും സ്ട്രിക്റ്റും ആയിരുന്നു.

ഇപ്പോഴും ദിവസവും അദ്ദേഹം പ്രാക്ടീസ് ചെയ്യും. എന്റെ അനിയന്റെ കുഞ്ഞ് പിറന്നിട്ട് ആറ് മാസമായി. കീർത്തനം പാടുമ്പോൾ കുഞ്ഞിനും പറഞ്ഞ് കൊടുക്കും. പ്രായം പരിഗണിച്ച് അദ്ദേഹം ഇപ്പോൾ ആക്ടിവിറ്റികളൊക്കെ കുറച്ചിട്ടുണ്ട്. ചേട്ടനൊപ്പം യുഎസിലാണ് ഇപ്പോഴുള്ളത്. അദ്ദേഹം വളരെ പ്രൊട്ടക്ടീവാണ്. മൂന്ന് വർഷമായി അവിടെയാണ്. എല്ലാ വർഷവും ആറ് മാസം അവിടെ പോയി വരികയായിരുന്നു. എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിന്നെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.
കുടുംബത്തിൽ നിന്നും ഗാനരംഗത്തേക്ക് പുതിയ തലമുറ വരുമോ എന്ന ചോദ്യത്തിനും വിജയ് യേശുദാസ് മറുപടി നൽകി. അവർക്ക് പാടാൻ താൽപര്യമുണ്ട്. അവർക്ക് ഇഷ്‌ടമുണ്ടെങ്കിൽ നടക്കും. കർണാടിക് സംഗീതം പഠിപ്പിക്കണമെന്നാെക്കെ അപ്പ ഇടയ്ക്ക് പറയും. ഞാൻ അത് തടയും. നമ്മളായി നിർബന്ധിക്കാതെ അവർ തന്നെ ആഗ്രഹിച്ച് വരുന്നതാണ് നല്ലതെന്നും വിജയ് യേശുദാസ് അഭിപ്രായപ്പെട്ടു.

നേരത്തെ നൽകിയ മറ്റൊരു അഭിമുഖത്തിൽ യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാമായി മുന്നോട്ട് പോകുന്നത്. അതിനിടയ്ക്ക് തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ ആണ് എന്തിന് നമ്മുടെ മെക്കിട്ട് കയറുന്നത് എന്ന് ആലോചിക്കുന്നത്. ദേഷ്യം അത്ര നല്ല കാര്യമല്ല. അത്ര ദേഷ്യം വരുമ്പോൾ മാത്രമേ അപ്പ പൊട്ടിത്തെറിച്ചിട്ടുള്ളൂ. താനും അങ്ങനെയാണെന്നും വിജയ് യേശുദാസ് അന്ന് വ്യക്തമാക്കി.
കുടുംബത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ബാക്ക് ബോണായി അമ്മയും എപ്പോഴും ഒപ്പമുണ്ടായിരുന്നു. മക്കൾ എപ്പോഴും അടുത്തുണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. യാത്രപോകുമ്പോഴെല്ലാം ഞങ്ങളെയും ഒപ്പം കൊണ്ട് പോയിരുന്നെന്നും വിജയ് യേശുദാസ് അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications