എന്നോ നടന്ന സംഭവം, അന്ന് തീർത്തതാണ്, വിജയ് കുടുംബം നോക്കാത്തവനോ; പ്രതികരിച്ച് പിതാവ്
ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്നുള്ളത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഒരുങ്ങുകയാണ് വിജയ്. മുഖ്യമന്ത്രിക്കസേരയാണ് വിജയ് ലക്ഷ്യം വെക്കുന്നത്. ഇതിനിടെ വിജയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നത് ഭാര്യ സംഗീത വിജയ് നൽകിയ ഡിവോഴ്സ് പെറ്റീഷനാണ്. വിവാദങ്ങളിൽ വിജയ് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിഹെെന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഇംഗ്ലീഷിൽ ക്യാരക്ടർ അസാസിനേഷൻ എന്ന് പറയും. വ്യക്തിഹത്യ. വിജയ് ഇത്തരക്കാരനാണ്, കുടുംബത്തിന് എതിരാണ്, അച്ഛനോടും അമ്മയോടും എതിർപ്പുണ്ട് എന്നിങ്ങനെ പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നു. അതാണ് ഇപ്പോൾ പറയുന്ന വ്യക്തിപരമായ കാര്യങ്ങൾ. എപ്പോഴോ സംഭവിച്ച് സമരസപ്പെട്ട ഒരു വിഷയത്തെ ഇപ്പോൾ വലിച്ചിഴച്ചു. കഴിഞ്ഞ കാര്യമാണ്. അത് വീണ്ടും ഈ സമയത്ത് വരുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ്ക്കെതിരെ ചില യൂട്യൂബ് ചാനലിൽ ആസൂത്രിതമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു.

ആര് രാഷ്ട്രീയത്തിൽ വന്നാലും പ്രശ്നങ്ങൾ വരും. അത് മറികടന്ന് വരണം. മൂന്ന് വർഷം മുമ്പ് വിജയ്നെ ഞാനും ഭാര്യയും കണ്ടപ്പോൾ ഞാൻ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു എന്ന് കാഷ്വലായി പറഞ്ഞു. വലിയ കാര്യങ്ങളായാലും വിജയ് അങ്ങനെയാണ് സംസാരിക്കുക. നിന്നെ അവർ വെറുതെ വിടില്ല, നീ രാഷ്‌ട്രീയത്തിൽ വരാതിരിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്ന് ഞാൻ പറഞ്ഞു. ഇതുവരെയും അവന് ദ്രോഹം ചെയ്തവരുടെ അവസ്ഥ പിന്നീട് എന്തായി എന്ന് കാണിച്ച് ഒരു ലിസ്റ്റ് ഞാൻ വിജയ്ക്ക് നൽകി. നേരിടാം എന്ന് വിജയ് കൂളായി പറഞ്ഞു. എത്ര പേർ എതിരായി വന്നാലും നേരിടുമെന്ന ആത്മവിശ്വാസം ഒരു രാഷ്‌ട്രീയ നേതാവിന് വേണം.


Click it and Unblock the Notifications
