ഈ സമയത്ത് കീർത്തിയുടെ വീട്ടിൽ പോയത് തെറ്റാണ്, സ്വന്തം കുടുംബമെവിടെ? വിജയ്ക്ക് വിമർശനം
ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് നടൻ വിജയ് ഇന്നുള്ളത്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്ക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയ ശക്തികൾക്ക് വിജയുടെ കടന്ന് വരവ് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. അതേസമയം കടുത്ത വിമർശനങ്ങളും താരത്തിന് നേരെ വരുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിൽ വിജയ്ക്ക് വിജയിക്കാനാകുമോ എന്ന ചോദ്യവുമുണ്ട്. കഴിഞ്ഞ ദിവസം പൊങ്കലിന് വിജയ് അണികളെ നിരാശപ്പെടുത്തിയെന്ന വാദം ഇതിനോടകം ഉയർന്നിട്ടുണ്ട്.
തമിഴ്നാട് ഒന്നടങ്കം ആഘോഷിക്കുന്ന പൊങ്കൽ ദിനം വിജയ് ആഘോഷിച്ചത് നടി കീർത്തി സുരേഷിന്റെ വീട്ടിൽ വെച്ചാണ്. വിജയും കീർത്തിയും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ വിജയ് തന്റെ ഇന്നത്തെ സ്ഥാനം മനസിലാക്കേണ്ടതുണ്ടെന്നാണ് വിമർശനം. രാഷ്ട്രീയത്തിൽ ജനനായകനായി ഉയരണമെങ്കിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. നായിക നടിക്കൊപ്പം പ്രധാന ദിവസങ്ങൾ ആഘോഷിക്കുന്നത് ഇമേജിനെ ബാധിക്കുമെന്നാണ് വാദം.

സിനിമാ താരമായി മാത്രം ഇനി ഇടപെടാനാകില്ലെന്ന് വിജയ് മനസിലാക്കേണ്ടതുണ്ടെന്നും വാദമുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റും മുൻ നിർമാതാവുമായി അന്തനൻ. വിജയ്ക്ക് ഇന്നും രാഷ്ട്രീയത്തിലെ പല കാര്യങ്ങളും അറിയില്ലെന്ന് അന്തനൻ വിമർശിക്കുന്നു. എല്ലാവരും പൊങ്കൽ സ്വന്തം വീട്ടിൽ വെച്ചാണ് ആഘോഷിക്കുക. എന്നാൽ വിജയ് മറ്റൊരു വീട്ടിൽ പോയി ആഘോഷിച്ചു. ഇതേക്കുറിച്ച് എന്തായാലും ജനങ്ങളിൽ നിന്ന് ചോദ്യമുണ്ടാകും.
വിജയ് ഇന്ന് വലിയ രാഷ്ട്രീയ കക്ഷിയാണ്. രാഷ്ട്രീയത്തിലേക്ക് വന്ന ശേഷമുള്ള ആദ്യ പൊങ്കൽ. അത് എങ്ങനെ കൊണ്ടാടുന്നു എന്നത് വളരെ മുഖ്യമാണ്. ഇപ്പോൾ കീർത്തി സുരേഷിനൊപ്പം പൊങ്കൽ ആഘോഷിക്കുന്നത് അബദ്ധമാണ്. ഇമേജ് വളരെ വലുതാണ്. വിജയ്ക്ക് ഇതൊന്നും അറിയാത്തതാണോ അറിഞ്ഞിട്ടും കാര്യമാക്കാത്തതാണോ എന്നറിയില്ല. ഇക്കാര്യങ്ങൾ ചുറ്റുമുള്ളവരെങ്കിലും വിജയോട് പറഞ്ഞ് മനസിലാക്കണമെന്നും അന്തനൻ അഭിപ്രായപ്പെട്ടു.

ഈ സമയത്ത് കീർത്തി സുരേഷിന്റെ വീട്ടിൽ പോയത് തെറ്റാണ്. കുറഞ്ഞ പക്ഷം ഫോട്ടോകളെങ്കിലും പുറത്ത് വരാതെ നോക്കാമായിരുന്നു. നിങ്ങളുടെ കുടുംബത്തിനൊപ്പമല്ലേ പൊങ്കൽ കൊണ്ടാടേണ്ടത്. നിങ്ങൾക്കും കുടുംബവും മക്കളുമില്ലേ. അവരുടെ കൂടെ ആഘോഷിക്കേണ്ടെ. ആ ഫോട്ടോകളായിരുന്നു പുറത്ത് വരേണ്ടത്. പ്രമുഖരെല്ലാം സ്വന്തം കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ഫോട്ടോകളാണ് പുറത്ത് വിട്ടതെന്നും അന്തനൻ ചൂണ്ടിക്കാട്ടി.
ഇലക്ഷനിൽ വോട്ട് ലഭിക്കണമെങ്കിൽ ഇപ്പോഴേ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ടെന്നും അന്തനൻ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും മാറി നിൽക്കാനാണ് വിജയുടെ തീരുമാനം. വിജയെയും കുടുംബത്തെയും പൊങ്കലിന് പോലും ഒരുമിച്ച് കണ്ടില്ലെന്നതും ചർച്ചയാകുന്നുണ്ട്. വിജയെയും ഭാര്യ സംഗീതയെയും ആരാധകർ ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി.
ഇരുവരും അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിജയ് സിനിമാ രംഗത്ത് നിന്നും അകലുമ്പോൾ മകൻ ജേസൺ സഞജയ് സിനിമയിലേക്ക് വരികയാണ്. സംവിധായകനായാണ് ജേസണിന്റെ അരങ്ങേറ്റം. ആദ്യ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications