ബിഗ് ബജറ്റ് ചിത്രവുമായി ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്! സംവിധാനം വിജീഷ് മണി
ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദ് ആയിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് മലയാളത്തിലൊരു സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംവിധായകന്‍ വിജീഷ് മണി ഒരുക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് വിജയന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്നത്. പുരാണം ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിരിക്കുമിതെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നുമാണ് ഇരുവരും പറയുന്നത്.

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെങ്കിലും വിജയേന്ദ്ര പ്രസാദ് ഒരുക്കിയ 25 ഓളം സിനിമകളില്‍ പകുതിയലധികം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി, ബജ്രംഗി ഭായിജാന്‍ എന്നിങ്ങനെയുള്ള സിനിമകളാണ് എടുത്ത് പറയാനുള്ളത്. തിരക്കഥ ഒരുക്കിയതിനൊപ്പം നാലോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
നേരത്തെ ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി വിശ്വഗുരു, സുഭാഷ് ചന്ദ്രബോസിന്റെ കഥയുമായി 'നേതാജി', എന്നീ സിനിമകള്‍ വിജീഷിന്റെ സംവിധാനത്തിലെത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവും വിജീഷ് മണിയാണ്.


Click it and Unblock the Notifications











