നസീർ സാറിന്റെ അക്കൗണ്ട് ഫ്രീസായി, ഷാനവാസ് അന്ന് ചെയ്തത് എല്ലാവരെയും വിഷമിപ്പിച്ചു; കാരണം അറിഞ്ഞപ്പോൾ'
മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത അനശ്വര നായകനാണ് പ്രേം നസീർ. സൂപ്പർതാരമായി ആരാധകർ വാഴ്ത്തിയ പ്രേം നസീർ ഏവർക്കും പ്രിയങ്കരനായിരുന്നു. സഹപ്രവർത്തകർക്ക് മറക്കാനാകാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ചാണ് പ്രേം നസീർ ലോകത്തോട് വിട വാങ്ങിയത്. 1989 ജനുവരി പതിനാറിന് തന്റെ 62ാം വയസിലാണ് പ്രേം നസീർ മരിച്ചത്. അഞ്ചാം പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പ്രേം നസീറിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജി തമ്പി.
പ്രേം നസീറിന്റെ മരണ സമയത്ത് ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. 'നസീർ സാറിന് ആ സമയത്തൊരു ഇഷ്യൂ ഉണ്ടായി. മദിരാശിയിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത് വെച്ചു. ഒരു പൈസ പോലും അദ്ദേഹത്തിന് ബാങ്കിൽ നിന്ന് എടുക്കാൻ പറ്റാത്ത അവസ്ഥ. ഒരിക്കലും പറയാൻ പാടില്ലാത്തതാണെങ്കിലും സാമ്പത്തികമായി വലിയൊരു പ്രശ്നം നസീർ സാറിന് നിലനിൽക്കുന്നുണ്ട്'

'അദ്ദേഹത്തെ പോലെ കാരുണ്യവാനായ, കൂടെ നിൽക്കുന്നവരെ സഹായിച്ച വേറൊരു വ്യക്തി ഉണ്ടോയെന്ന് ചോദിച്ചാൽ നസീർ സർ കഴിഞ്ഞേ ഉള്ളൂ. മദിരാശിയിൽ വന്നാൽ ആരും എന്ത് ആവശ്യമുണ്ടെങ്കിലും ആദ്യം ഓടിച്ചെല്ലുന്നത് നസീർ സാറിന്റെ വീട്ടിലേക്കാണ്. അവിടെ ചെല്ലുന്നവർക്ക് തീർച്ചയായും അദ്ദേഹം സഹായം ചെയ്തിരിക്കും. പല ആൾക്കാരും മദിരാശിയിൽ മരിക്കുന്നത് നസീർ സാറുണ്ടെന്ന വിശ്വാസത്തിലാണ്. കാരണം വീട്ടിൽ ബോഡി എത്തിക്കും'
'നസീർ സാറിന്റെ ബോഡി മദിരാശിയിൽ ഒരു ദിവസം പാെതുദർശനത്തിന് വെക്കണമെന്ന് എംജിആറിന് വലിയ ആഗ്രഹമുണ്ട്. ഒരു ദിവസം അവിടെ പൊതുദർശനത്തിന് വെച്ചു. മൃതദേഹം തിരിച്ച് നാട്ടിലേക്ക് കൊണ്ട് പോകണം. മോഹൻലാലിന്റെ ഭാര്യയുടെ അച്ഛൻ ബാലാജി സർ നസീർ സാറുമായി വലിയ അടുപ്പമുള്ളയാളാണ്. ചാർട്ടേഡ് ഫ്ലെെറ്റിൽ കൊണ്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഷാനു അതിനെ എതിർത്തു. അതെല്ലാവർക്കും വലിയ വിഷമമായി'

'എന്തുകൊണ്ട് ഷാനു അങ്ങനെ പറഞ്ഞെന്ന് ഞങ്ങൾക്ക് തോന്നി. നസീർ സാറിന്റെ ബോഡി സാധാരണ തിരുവനന്തപുരത്തേക്ക് വരുന്ന ഫ്ലെെറ്റിൽ കാർഗോയിൽ പാക്ക് ചെയ്ത് കൊണ്ട് വരികയാണ് ചെയ്തത്. എയർപോർട്ട് വരെ ഞങ്ങൾ അനുഗമിച്ചു. തിരുവനന്തപുരത്ത് മലയാള സിനിമ മാെത്തം ഉണ്ടായിരുന്നു. എന്തുകൊണ്ട് ചാർട്ടേഡ് ഫ്ലെെറ്റിൽ കൊണ്ട് പോയില്ലെന്നത് വലിയ ചോദ്യ ചിഹ്നമായി'
'എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ഒരിക്കൽ ഷാനുവിനോട് ഞാൻ ചോദിച്ചു. അച്ഛൻ ഒരുപാട് പേരെ സഹായിച്ച ആളാണ്. അച്ഛന്റെ ജീവിതത്തിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ ആവശ്യത്തിന് വേണ്ടി ഒരാളുടെ മുമ്പിലും കൈ നീട്ടേണ്ടി വരികയോ, ആരോടെങ്കിലും സഹായം ചോദിക്കുകയോ ചെയ്യരുത് എന്നായിരുന്നു അതെന്ന് ഷാനു പറഞ്ഞു'
'ചാർട്ടേഡ് ഫ്ലെെറ്റിൽ കൊണ്ട് വന്നാൽ അന്ന് ആ പൈസ കൊടുക്കാൻ ഷാനുവിന്റെ കൈയിൽ ഇല്ല. ബാലാജി സാറോ അവിടെയുള്ള നൂറ് പോരേ പണം കൊടുത്തനെ. പക്ഷെ അവിടെ നസീർ സാറിന്റെ വാക്കുകളാണ് ഷാനു പാലിച്ചത്. എനിക്കതിൽ അഭിമാനം തോന്നി. അച്ഛന്റെ വാക്ക് പാലിക്കാൻ വേണ്ടിയാണ് ഷാനു അങ്ങനെ ചെയ്തത്. അന്ന് ഷാനുവിനെ ഒരുപാട് പേർ കുറ്റപ്പെടുത്തി'
'പക്ഷെ അവിടെയും ഒരു ചെറിയ നാടകം നടന്നു. നമ്മൾ തീരുമാനിക്കുന്നത് പോലെയല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത്. എയർപോർട്ടിൽ ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു. ഷാനുവും കുടുംബവും ടിക്കറ്റെടുത്ത് കയറി. ഒടുവിലാണ് കാർഗോയിൽ നസീർ സാറിന്റെ ബോഡി കയറ്റുന്നത്. ഭാരം നോക്കിയാണ് ചാർജ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ അപ്പോൾ അടയ്ക്കാൻ പൈസയില്ല. വിധിയുടെ വൈകൃതം എന്ന് ഞാൻ പറയും. അവസാനം കലൂർ ശശിയും ഞാനുമുൾപ്പെടെ എല്ലാവരും കൈയിൽ നിന്ന് പൈസയെടുത്താണ് അത് അടച്ചത്,' വിജി തമ്പി ഓർത്തു.


Click it and Unblock the Notifications











