ഫഹദ് ഫാസിലിനോട് അസൂയ ഈ ഒരൊറ്റ കാര്യത്തിൽ: വിനയ് ഫോർട്ട് വെളിപ്പെടുത്തിയപ്പോൾ
സോഷ്യൽ മീഡിയ സജീവമായതോടെ താരങ്ങൾക്ക്, പ്രത്യേകിച്ച് സിനിമാ ആർട്ടിസ്റ്റുകൾക്ക്, ജനങ്ങളുടെ കണ്ണിൽ നിന്ന് ഒളിക്കുക എളുപ്പമല്ലാതെയായി. സിനിമ താരങ്ങൾക്ക് ചുറ്റും പണ്ട് ഉണ്ടായിരുന്ന നിഗൂഢത ഇന്ന് അന്യമാണ്. പക്ഷെ ഫഹദ് ഫാസിൽ ഇതിൽ നിന്നുമൊക്കെ തികച്ചും വ്യത്യസ്തനാണ്. അധികം അഭിമുഖങ്ങളിലോ, സോഷ്യൽ മീഡിയയിലോ ആവേശം നടനെ കാണാറേയില്ല. അടുത്തിടെ, ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, ഫഹദിന്റെ ഈ ഗുണത്തെ കുറിച്ച്, നടൻ വിനയ് ഫോർട്ട് തുറന്നു പറഞ്ഞിരുന്നു. ഫഹദിനോട് തനിക്ക് ആകെ അസൂയ തോന്നിയിട്ടുള്ളത് ഈ ഒരു കാര്യത്തിൽ മാത്രമാണെന്നാണ് വിനയ് പറഞ്ഞത്.
ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാറില്ല എന്ന് വെളിപ്പെടുത്തിയ പ്രശസ്ത നടൻ, ആവേശം താരം സോഷ്യൽ മീഡിയയിൽ ഇല്ല എന്നും സ്ഥിരീകരിച്ചു. ഫഹദ് തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് കാണുമ്പോൾ മാത്രമാണ് തനിക്ക് താരത്തിനോട് അസൂയ തോന്നിയിട്ടുള്ളത് എന്നും വിനയ് ഫോർട്ട് വെളിപ്പെടുത്തി. വളരെ കുറച്ചു പേർക്ക് മാത്രമാണ് പ്രശസ്ത താരത്തിന്റെ പേർസണൽ ഫോൺ നമ്പർ അറിയാവുന്നത് എന്നും, അവരിൽ ആര് വിളിച്ചാലും ഫഹദ് ഉടനെ ഫോൺ എടുക്കുമെന്നും വിനയ് പറഞ്ഞു.

"ഫഹദിന് സ്മാർട്ട് ഫോൺ ഇല്ല, ചെറിയൊരു ഫോൺ ആണ് യൂസ് ചെയ്യുന്നത്. സോഷ്യൽ മീഡിയ ഒന്നുമില്ല പുള്ളിക്ക്. വേറെ ആരെങ്കിലും ഒക്കെയാണ് അതൊക്കെ ഡീൽ ചെയ്യുന്നത്. അപ്പോൾ എനിക്ക് പുള്ളിയോട് ആ കാര്യത്തിൽ അസൂയയുണ്ട്. ഞാൻ വിചാരിക്കും, എന്നെങ്കിലും ഞാൻ സ്റ്റാർ ആയിക്കഴിഞ്ഞാൽ ഞാനും സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട്, ഞാനും ഇതേ പോലെ ആളുകൾ വിളിക്കുമ്പോൾ എടുക്കുക - അതെനിക്ക് വളരെ നിർബന്ധമാണ് - ആര് വിളിച്ചാലും എടുക്കും. പിന്നെ ഞാൻ ആളുകളെ വിളിക്കുമ്പോൾ ഞാൻ പ്രതീക്ഷിക്കും, അവർ ഫോൺ എടുത്ത് നേരെ സംസാരിക്കണം എന്ന്," വിനയ് ഫോർട്ട് വിശദീകരിച്ചു.
ഫഹദ് ഫാസിൽ എന്തിനാണ് സ്മാർട്ട് ഫോൺ ഒഴിവാക്കിയതെന്ന് ഇത് വരെ ചോദിച്ചിട്ടില്ലെന്നും, അതൊരു വ്യക്തിപരമായ തീരുമാനമായതു കൊണ്ട് താൻ അത് ബഹുമാനിക്കുന്നുവെന്നും, വിനയ് പറഞ്ഞു. "അയാളെ പിന്തുടർന്ന് ആളുകൾ നടക്കുകയല്ലേ? അയാൾ എവിടെയുണ്ടെന്ന് തപ്പിയൊക്കെ ആളുകൾ വരാറുണ്ട്. അത് ഫഹദ് ഫാസിൽ ഒരു പ്രൈവസിക്ക് വേണ്ടി തന്നെ ചെയ്യുന്നതാണ്," ആട്ടം നടൻ വെളിപ്പെടുത്തി. ഫിലിം സ്കൂളിൽ തന്റെയൊപ്പം പഠിച്ച ബോളിവുഡിൽ ജോലി ചെയ്യുന്ന പലരും, ഫഹദ് എവിടെയാണെന്ന് തന്നെ വിളിച്ചു അന്വേഷിക്കാറുണ്ടെന്നും വിനയ് പറഞ്ഞു.

"ബോളിവുഡിൽ ഒക്കെയുള്ള എന്റെ ഫിലിം സ്കൂൾ സുഹൃത്തുക്കൾ വിളിച്ച്, ഫഹദിന്റെ നമ്പർ കിട്ടുമോ, ഒന്ന് കാണാൻ പറ്റുമോ എന്നൊക്കെ ചോദിക്കാറുണ്ട്. ആ തരത്തിലാണ് ഇപ്പോൾ ഫഹദ് ഫാസിലിന് ഇൻഡസ്ട്രിയിൽ ഉള്ള സ്ഥാനം. എന്റെ കൈയിൽ അയാളുടെ പേർസണൽ നമ്പർ ഉണ്ട്, പക്ഷെ ഞാൻ അത് ആർക്കും കൊടുക്കാറില്ല. ഫഹദ് അയാളുടെ പേർസണൽ നമ്പർ എനിക്ക് തന്നത് എന്നോടുള്ള വിശ്വാസം കൊണ്ടാവില്ലേ. അത് കൊണ്ട് ഞാൻ അതൊരിക്കലും ഷെയർ ചെയ്യാൻ ബാധ്യസ്ഥനല്ല," വിനയ് ഫോർട്ട് കൂട്ടി ചേർത്തു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, https://www.instagram.com/vinayforrt/ എന്നീ പേജുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











