എന്തൊക്കെ പറഞ്ഞു?, ദിലീപ് പണിതരുമെന്ന് ബോധ്യമുണ്ട്, പിണക്കം മറന്ന് ഒരുമിച്ചോ?; ചർച്ചയായി വിനയൻ-ദിലീപ് വീഡിയോ!
മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കരിയർ ബെസ്റ്റ് സിനിമകളിൽ ചിലത് സമ്മാനിച്ചതും ബ്ലെസിയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്റെ മകൻ അദിതിന്റെ വിവാഹം. സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
മോഹൻലാൽ, മീര ജാസ്മിൻ തുടങ്ങി മലയാള സിനിമയിലെ സൂപ്പർ താരങ്ങളും താര സുന്ദരിമാരും എല്ലാം വിവാഹത്തിലും ശേഷം നടന്ന സൽക്കാരത്തിലും പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹാഘോഷത്തിൽ പങ്കെടുക്കാനായതിന്റെ സന്തോഷവും പങ്കുവെച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു... എന്‍റെ മകന്‍റെ വിവാഹം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്.

അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമയായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണത്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറയുമ്പോൾ ആ കുടുംബത്തോട് എന്‍റെ ഹൃദയത്തില്‍ അത്രയും സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം. എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം.
നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലും സന്തോഷം എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. വിവാഹത്തിന്റെയും സൽക്കാരത്തിന്റെയും വീഡിയോകൾ വൈറലായപ്പോൾ അക്കൂട്ടത്തിൽ ഒരു വീഡിയോ വലിയ രീതിയിൽ ചർച്ചയായി. സംവിധായകൻ വിനയനും നടൻ ദിലീപുമാണ് വൈറൽ വീഡിയോയിലുള്ളത്.
ഇരുവരും കളി ചിരി തമാശകളുമായി വിവാഹ സദസിൽ ഒരുമിച്ച് ഇരുന്ന് കുശലം പങ്കിടുന്ന വീഡിയോയാണ് ചർച്ചയാകുന്നത്. പലപ്പോഴായി ദിലീപിനെ വിമർശിച്ച് സംസാരിച്ചിട്ടുള്ളയാളാണ് വിനയൻ. ദിലീപിന് ആനപ്പകയാണെന്ന് വിനയൻ ഒരിക്കൽ പറഞ്ഞത് വൈറലായിരുന്നു. തന്റെ കരിയറിൽ പ്രശ്നങ്ങൾ വരാൻ ഒരു പരിധി വരെ കാരണക്കാരൻ ദിലീപാണെന്നും വിനയൻ മുമ്പ് പറഞ്ഞിരുന്നു.
എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ദിലീപ് ആളുകളെ എളുപ്പത്തിൽ സ്വാധീനിച്ച് മനസ് മാറ്റാൻ കഴിവുള്ളവനാണ്. മമ്മൂട്ടിയും മോഹൻലാലും അയാളുടെ കൈകളിലെ കളിപ്പാവകളാണെന്നും എനിക്കറിയാം. രാഷ്ട്രീയ രംഗത്തില്ലാത്തതിന്റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമരംഗത്ത് പ്രവർത്തിക്കുന്നത്. ദിലീപ് കാരണം പത്ത് വർഷത്തോളം ഞാൻ സിനിമ ചെയ്യാൻ ബുദ്ധിമുട്ടി.

ദിലീപിനെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരും മലയാള സിനിമയിൽ ഉണ്ടാകരുതെന്ന ശാഠ്യമാണ് ദിലീപിന്റേത്. പ്രതികാരം ചെയ്യുന്നതിൽ ദിലീപ് വിദഗ്ദ്ധനാണ് എന്നാണ് മുമ്പ് പലപ്പോഴായി വിനയൻ ദിലീപിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ സംസാരിച്ചിട്ടുള്ള വിനയൻ എന്തുകൊണ്ടാണ് ഇപ്പോൾ ദിലീപിനോട് സൗഹൃദവും സ്നേഹവും പ്രകടിപ്പിക്കുന്നത് എന്ന ചോദ്യമാണ് വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഇവർ ഒരുമിച്ചോ.
ദിലീപും വിനയനും കളിച്ച് ചിരിച്ച് നിൽക്കുന്നു. കാലം മായ്ക്കാത്ത പിണക്കങ്ങൾ ഇല്ല, സത്യത്തിൽ ഇവർ തമ്മിൽ അത്ര വലിയ ശത്രുതയുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് പടത്തിന്റെ സമയത്ത് പ്രൊമോഷൻ ഇന്റർവ്യൂവിൽ ദിലീപിന്റെ സിനിമ ഡെഡിക്കേഷനെ കുറിച്ചൊക്കെ വിനയൻ പറഞ്ഞിരുന്നു.
ദിലീപിനോട് അത്ര വലിയ കലിപ്പ് ഉണ്ടേൽ ആള് അങ്ങനെയൊക്കെ പറയുമോ?, എന്തൊക്കെ ദിലീപിനെ പറഞ്ഞ വ്യക്തിയാണ് വിനയൻ. ദിലീപ് പണിതരുമെന്ന് ബോധ്യമുള്ളതുകൊണ്ടാകും ഇപ്പോൾ സൗഹൃദം കാണിക്കുന്നത്. അല്ലെങ്കിൽ പിണക്കം മറന്ന് ഒരുമിച്ചതാകും, പിണക്കങ്ങളൊക്കെ മാറട്ടെ.... രണ്ടുപേരും കൂടി ഒരു നല്ല സിനിമ ചെയ്യട്ടെ. ഒരു ജന്മം അല്ലേ ഉള്ളൂ എന്നിങ്ങനെ സമ്മിശ്ര പ്രതികരണങ്ങളാണ് ദിലീപ്-വിനയൻ ലേറ്റസ്റ്റ് വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ വന്ന കമന്റുകൾ.


Click it and Unblock the Notifications

















