മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രം ദേശീയ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു,സിനിമകളെ കുറിച്ച് വിനയന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുമായി വരികയാണ് സംവിധായകന്‍ വിനയന്‍. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുന്‍പാണ് സിനിമ വൈകാതെ വരുമെന്ന കാര്യം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. 19-ാം നൂറ്റാണ്ടിലെ ഐതിഹാസിക കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.
പുതിയ പ്രോജ്കടുകളെ കുറിച്ച് മാത്രമല്ല തന്റെ സംവിധാനത്തില്‍ പിറന്ന ചില ഹിറ്റ് സിനിമകളെ കുറിച്ച് പറഞ്ഞ് എത്തുകയാണ് വിനയനിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ദാദാസാഹിബ്, കലാഭവന്‍ മണിയുടെ കരുമാടിക്കുട്ടന്‍ എന്നീ സിനിമകളെ കുറിച്ച് വിനയന്‍ തുറന്ന് സംസാരിച്ചത്.

വിനയന്റെ കുറിപ്പ് വായിക്കാം
ശ്രീ സേതു ശിവാനന്ദന്‍ അയച്ചു തന്ന ഈ പോസ്റ്ററിലുടെ കരുമാടിക്കുട്ടന്റെ ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ സജീവമാകുന്നു. ഇരുപതാണ്ടു മുന്‍പ് നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചു കൊണ്ട് കലാഭവന്‍ മണി എന്ന അതുല്യ നടന്‍ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ചിത്രങ്ങള്‍ ചെയ്തു. വാസന്തിയും 'ലഷ്മിയും പിന്നെ ഞാനും', 'കരുമാടിക്കുട്ടനും' ആയിരുന്നു അവ.'

കല്യാണ സൗഗന്ധികം' രാക്ഷസരാജാവ്' തുടങ്ങി എന്റെ ഒട്ടനവധി സിനിമകളില്‍ മണി അഭിനയിച്ചിട്ടുണ്ടങ്കിലും മലയാളി ഉള്ളിടത്തോളം കാലം മണിയേ ഓര്‍മ്മിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ ഈ രണ്ടു ചിത്രങ്ങളിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമുണ്ട്. താണ സമുദായത്തില്‍ ജനിച്ച കരുമാടി എന്നു വിളിക്കുന്ന യുവാവിന്റെ കഥയോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായ നന്ദിനിക്കുട്ടി എന്ന യുവതിയുടെ അസാധാരണ കഥ പറയുന്ന ചിത്രം കൂടിയാണ് 'കരുമാടിക്കുട്ടന്‍'.

'ദാദാസാഹിബ്' ഈ വര്‍ഷം 20-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡിസംബറില്‍ ആ ആഘോഷം ഗംഭീരമാക്കണമെന്നാണ് ആഗ്രഹം. പലരും പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ തന്നെ മലയാള സിനിമയില്‍ മതസൗഹാര്‍ദ്ദത്തിനു വേണ്ടിയും, തീവ്രവാദത്തിനെതിരെയും ശക്തമായി സംസാരിച്ച സിനിമ ആയിരുന്നു അത്. മമ്മുക്ക അവതരിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനി ദാദാസാഹിബിന്റെ വേഷം നാഷനല്‍ അവാര്‍ഡിന്റെ സെലക്ഷനില്‍ എത്തിയിരുന്നതാണ്.
Recommended Video

അത്രക്കു മനോഹരവും തീവ്രവുമായി ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. തൂക്കിലേറ്റി കൊന്ന ഒരാളുടെ ശരീരത്തില്‍ ജീവന്റെ അവസാന തുടിപ്പ് നിലനില്‍ക്കുകയും, നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതത്തിലേക്ക് അയാള്‍ തിരിച്ചു വരികയും ചെയ്യുക എന്ന അസാധാരണമായ ആ കഥാതന്തു അന്നു ഞാന്‍ പലരോടും പറഞ്ഞപ്പോള്‍ കഥയില്‍ പറയാം പക്ഷേ സിനിമ എടുത്തു വിശ്വസനീയം ആക്കാന്‍ പറ്റുമോ എന്നതായിരുന്നു മറു ചോദ്യം. പക്ഷേ പ്രേക്ഷകര്‍ അതു സ്വീകരിച്ചു. എന്റെ സിനിമാ ജീവിതത്തില്‍ വ്യത്യസ്ഥമായ കഥ പറയാന്‍ കഴിഞ്ഞ ഒരു സിനിമ ആയിരുന്നു ദാദാസാഹിബ്.


Click it and Unblock the Notifications