ജഗതി ശ്രീകുമാറിനെതിരെ കേസ്, പുറത്തിറങ്ങാൻ പറ്റാതായ സമയം; നടനെ തിരഞ്ഞ് പൊലീസെത്തി: വിനയൻ
മലയാള സിനിമാ രംഗത്ത് മാറ്റി നിർത്താൻ പറ്റാത്ത നടനായിരുന്നു ഒരു കാലത്ത് ജഗതി ശ്രീകുമാർ. 2012 ൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെയാണ് ജഗതി ശ്രീകുമാർ സിനിമാ രംഗത്ത് നിന്നും അകന്നത്. കരിയറിൽ ജഗതി ചെയ്യാത്ത തരത്തിലുള്ള റോളുകളില്ല. കോമഡി റോളുകളിലാണ് നടൻ കൂടുതലും തിളങ്ങിയത്. ജഗതിയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംവിധായകൻ വിനയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിനയന്റെ കല്യാണസൗഗന്ധികം എന്ന സിനിമയിൽ ജഗതി അഭിനയിച്ചിട്ടുണ്ട്. അന്നത്തെ സംഭവമാണ് വിനയൻ പങ്കുവെച്ചത്. പടമൊക്കെ സൂപ്പറാണ് പക്ഷെ ജഗതി ശ്രീകുമാറിന്റെ ഡബ്ബിംഗ് വിനയൻ കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് പലരും എന്നോട് പറയുമായിരുന്നു. ഞാൻ ചിരിക്കും. ചിലരോട് സത്യം പറഞ്ഞു. ജഗതി ശ്രീകുമാറല്ല ഡബ് ചെയ്തത് രമേശ് കുറുമശേരി എന്ന മിമിക്രി ആർട്ടിസ്റ്റാണെന്ന സത്യം പിന്നീടാണ് പുറത്തറിയുന്നത്. അന്ന് ജഗതി ചേട്ടൻ ഒരു കേസിൽ പെട്ടു. അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നു. ലിനിമ റിലീസ് ചെയ്യാനുള്ള ഡേറ്റും തീരുമാനിച്ചു.

കേസ് തീരും, പ്രശ്നമുണ്ടാകില്ലെന്ന് കരുതിയാണ് മുന്നോട്ട് പോയത്. പക്ഷെ പുള്ളിക്ക് വെളിയിൽ വരാൻ പറ്റാത്ത അവസ്ഥയായിരുന്നു. മദ്രാസിലായിരുന്നു ഞങ്ങൾ. അവിടെ പൊലീസ് തിരക്കി വന്നു. ജഗതി ശ്രീകുമാർ ഡബ് ചെയ്യാൻ വരുമ്പോൾ അറിയിക്കണം എന്ന് പറഞ്ഞു. ഞാൻ അറിയിക്കാം എന്ന് മറുപടി നൽകി. എന്നാൽ മറ്റൊരാളെ വെച്ച് താൻ ഡബ് ചെയ്യുകയായിരുന്നെന്നും വിനയൻ ഓർത്തു.
ഈ സിനിമയിലേക്ക് വരുമ്പോൾ ദിവ്യ ഉണ്ണിക്ക് 14-15 വയസേയുള്ളൂ. ദിവ്യയുടെ അച്ഛൻ ഉണ്ണിയേട്ടൻ എന്റെ വലിയ സുഹൃത്തായിരുന്നു. ദിവ്യ മിടുക്കിയാണ്, ഡാൻസറാണ്. കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അന്ന് മോഹിനി താരമായി നിൽക്കുന്ന സമയമാണ്. ഈ സിനിമയിൽ ദിവ്യ ഉണ്ണിയെ മാറ്റി മോഹിനിയെ വെക്കണം എന്ന നിർദ്ദേശം വന്നു. ദിവ്യ പുതുമുഖമാണ്. ദിലീപ് അന്ന് അറിയപ്പെടുന്ന നടനല്ല. രണ്ട് പേരുമായാൽ എങ്ങനെയാണെന്ന ടെൻഷൻ പ്രൊഡക്ഷൻ കമ്പനിക്ക് വന്നു.
ദിവ്യ ഈ ക്യാരക്ടറിന് പറ്റിയ ആളാണെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. അന്ന് മോണിറ്ററില്ല. ഫിലിം കൊണ്ട് പോയി തിയറ്ററിലിട്ട് കാണണം. ദിവ്യ ഉണ്ണിയെ മാറ്റാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞത് സെൻട്രൽ പിക്ചേർസിന് ടെൻഷനുണ്ടാക്കി. അവർ റഷുകൾ പ്രസാദ് ലാബിൽ പോയി കണ്ടു. പിന്നെ അവൻ പറഞ്ഞത് ഈ കുട്ടിക്ക് ശ്രീദേവിയുടെ ചെറിയ സാദൃശ്യമുണ്ട്, ഈ കുട്ടിയെ വെച്ച് തന്നെ മുന്നോട്ട് പോകാമെന്നാണ്. കല്യാണ സൗഗന്ധികം സൂപ്പർഹിറ്റായെന്നും വിനയൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











