മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയില്‍ ശബ്ദം കൊടുക്കുന്നു; പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രത്യേകത പറഞ്ഞ് വിനയൻ
വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വിത്സണ്‍ നായകനായിട്ടെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. വൈകാതെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേ സമയം സിനിമയുടെ പിന്നണിയില്‍ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.
വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
ഈ സ്‌നേഹം 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്..
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹന്‍ലാലും എന്റെ പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിന് ശബ്ദം നല്‍കിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ സംഘര്‍ഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മുക്ക നല്‍കുന്നു.

സിജു വിത്സണ്‍ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതല്‍ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകള്‍. മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകള്‍ക്കോ, അഭിപ്രായങ്ങള്‍ക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്‍മാരായ ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാന്‍ അര്‍പ്പിക്കട്ടെ.
മമ്മുക്കയും ലാലും ഡബ്ബിംഗ് തീയറ്ററില്‍ വന്ന ശേഷമാണ് നിര്‍മ്മാതാവ് ഗോപാലേട്ടനോട് ഞാന്‍ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മലയാള സിനിമയില്‍ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. ഇതു വായിക്കുമ്പോള്‍ അവര്‍ക്കു സ്വയം മനസ്സിലാകുമല്ലോ?
എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്‌നേഹമേയുള്ളു. പത്തു വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്. ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയില്‍ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലുംചില സിനിമകള്‍ ചെയ്തു തീയറ്ററില്‍ എത്തിച്ചു. അതൊരു വാശി ആയിരുന്നു. അത്തരം വാശി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയന്‍ എന്ന സംവിധായകന്‍ ഇന്നു സിനിമയിലേ കാണില്ലായിരുന്നു..

കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ. ഈ പുത്തന്‍ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങള്‍ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ വെറുപ്പിന്റെയും അസൂയയുടെയും ഹോര്‍മോണുകള്‍ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കു ശ്രമിച്ചു നോക്കാം. അതില്‍ എന്നെക്കാള്‍ കൂടുതല്‍ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളില്‍ പലരും.
യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്. ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്ര സിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സെപ്തംബര്‍ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു..


Click it and Unblock the Notifications











