'എന്നോടുള്ള പകയാണ് അവർ മണിയോട് തീർത്തത്, അവരോട് സഹതാപം മാത്രം'; കേരളീയത്തിന് എതിരെ വിനയന്റെ കുറിപ്പ്!
നാടൻ പാട്ടുകളും നർമ്മവുമായി മലയാളിയെ രസിപ്പിച്ച കലാഭവൻ മണി ഓർമ്മയായിട്ട് വർഷം എട്ട് തികയുന്നു. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച് ആറിന് അബോധാവസ്ഥയിൽ ആശുപത്രിയിലേക്കുപോയ മണി പിന്നെ ഒരിക്കലും തന്റെ പാട്ടുകളുമായി മടങ്ങി വന്നില്ല. ഓട്ടോക്കാരനായി ജീവിതം തുടങ്ങിയ മണി കൈവെയ്‌ക്കാത്ത മേഖലകൾ സിനിമാ രംഗത്ത് ചുരുക്കമായിരുന്നു. ഏതെങ്കിലും ഒരു വേഷത്തിൽ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും പല രൂപത്തിലും ഭാവത്തിലും മണി പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, സല്ലാപം, അനന്തഭദ്രം, ആമേൻ, സമ്മർ ഇൻ ബെത്‌ലഹേം, ആയിരത്തിലൊരുവൻ തുടങ്ങിയ ചിത്രങ്ങൾ മണിയുടെ വ്യത്യസ്‌തമായ ഒരു മുഖമാണ് പ്രേക്ഷകർക്ക് കാണിച്ചുതന്നത്. അനന്തഭദ്രത്തിലെ ചെമ്പനും ആമേനിലെ ലൂയിപാപ്പനും കരുമാടിക്കുട്ടനിലെ കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ രാമുവും മണിയുടെ എന്നെന്നും ഓർക്കാവുന്ന കഥാപാത്രങ്ങളാണ്.

മണിയുടെ ഓർമകൾക്ക് പത്ത് വർഷം തികയുമ്പോൾ ദിലീപ് അടക്കമുള്ള മണിയുടെ സിനിമാ രംഗത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രിയതാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കിട്ടെത്തി. മണിയുടെ സിനിമാ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചൊരു സംവിധായകനാണ് വിനയൻ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അടക്കമുള്ള സിനിമകൾ മണിക്ക് സമ്മാനിച്ചത് വിനയനാണ്. ഇപ്പോഴിതാ മണിയുടെ ഓർമദിനത്തിൽ വിനയൻ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്.
വിനയന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... 'മണി വിടപറഞ്ഞിട്ട് എട്ട് വർഷം... സ്മരണാഞ്ജലികൾ... അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.'
'കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ പന്ത്രണ്ട് ചിത്രങ്ങളിൽ മണി അഭിനയിച്ചു. വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസ രാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവുമൊക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.'
'മണിക്ക് നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽ തന്നെ പലപ്പോഴും എനിക്ക് പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ് മണിയെക്കുറിച്ച് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.'

'മലയാള സിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണ് ഞാൻ. ഈയ്യിടെ ആഘോഷപൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ...? അവിടെ വിവിധ നടന്മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷെ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല.'
'താനെന്നും ഒരു കമ്മ്യൂണിസ്റ്റാണെന്ന് തുറന്ന് പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്ന് വന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനകരമാണ് എന്നാണ് എന്റെ അഭിപ്രായം. ആ ഒഴിവാക്കലിന് കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു.'
'മണിയുടെ ചിത്രം എടുത്തിരുന്നുവെങ്കിൽ അതിൽ വാസന്തിയും ലഷ്മിയും കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും. നമ്മുടെ അക്കാദമിയിലേയും സാംസ്കാരിക വകുപ്പിന്റെയും ഭരണ സാരഥികൾക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്നത് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഞാൻ ചിരിച്ചുപോയി... നമ്മുടെ സാംസ്കാരിക നായകരുടെയും വകുപ്പ് മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ എനിക്കവരോട് സഹതാപമാണ് തോന്നിയത്.'
'വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്കാരിക വകുപ്പുമൊക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ച് വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ട് വർഷം കഴിയുന്നു.'
'ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുപോലും അത് നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുൻഗണന ഏതിനൊക്കെയാണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷെ ഒന്നുണ്ട് മണീ... ഏത് സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേപോലെ ആരുമില്ല... അതിലും വലിയ ആദരവുണ്ടോ...?', എന്ന് കുറിച്ചാണ് വിനയൻ കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications