നോക്കുമ്പോൾ കാവ്യ മാധവൻ, നൊമ്പരമായത്; ആ കുട്ടിയോട് എന്ത് സ്നേഹത്തോടെ പെരുമാറിയതാണ്: വിനയൻ പറഞ്ഞത്
മലയാള സിനിമാ ലോകത്തെ പ്രബലർ തന്നോട് കാണിച്ച അനീതിയെക്കുറിച്ച് സംവിധായകൻ വിനയൻ പല തവണ സംസാരിച്ചിട്ടുണ്ട്. സംഘടനകൾ വിനയന് നേരെ തിരിയുകയും ഏറെക്കാലം വിലക്ക് നേരിടേണ്ടിയും വന്നെങ്കിലും ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ വിനയന് സാധിച്ചു. വിനയൻ മാക്ടയുടെ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ദീലീപടക്കമുള്ള താരങ്ങളുമായുണ്ടായ പ്രശ്നമാണ് പിന്നീട് സംവിധായകന്റെ കരിയറിനെ ബാധിച്ചത്. ഒരു ഘട്ടത്തിൽ അപ്രഖ്യാപിത വിലക്ക് എഎംഎംഎ, ഫെഫ്ക എന്നീ സംഘടനകൾ വിനയന് മേൽ ചുമത്തി.
ഇതിനെതിരെ നിയമപരമായി നീങ്ങിയ വിനയൻ കേസിൽ വിജയിക്കുകയും ചെയ്തു. താരങ്ങൾ ഒന്നടങ്കം തനിക്കെതിരെ നിന്ന കാലത്ത് ഒറ്റയ്ക്ക് നിൽക്കുക വിനയന് എളുപ്പമായിരുന്നു. സംവിധായകനെ വേദനിപ്പിച്ച സംഭവങ്ങളും ഇതിനിടെ നടന്നു. സിനിമാ ലോകത്തെ പലരുടെയും യഥാർത്ഥ മുഖം വിനയൻ മനസിലാക്കി. ഒരിക്കൽ നടി കാവ്യ മാധവനെക്കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എനിക്കെതിരെ മലയാള സിനിമയിലെ മൊത്തം താരങ്ങളും ടെക്നീഷ്യൻമാരും സരോവരം ഹോട്ടലിൽ കൂടി. എല്ലാ ചാനലിലും ലെെവായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്ത ഒരു പയ്യൻ അത് റെക്കോഡ് ചെയ്തതിന്റെ കുറച്ച് ഭാഗം കൊണ്ട് തന്നു. ഞാനത് കാണാൻ നിന്നില്ല. എനിക്ക് പ്രയാസമായിരുന്നു. അതിന് മുമ്പ് താൻ കണ്ട കാഴ്ച തന്നെ വേദനിപ്പിച്ചെന്നും വിനയൻ പറയുന്നു. ഗണേശ് കുമാറോ രഞ്ജി പണിക്കറോ എനിക്കെതിരെ സംസാരിക്കുന്നു. വിനയനെ വെച്ചേക്കില്ല എന്നൊക്കെ പറഞ്ഞ് സംസാരിക്കുമ്പോൾ പിറകിൽ ഒരാൾ ഭയങ്കരമായി കെെയടിക്കുന്നു. നോക്കുമ്പോൾ കാവ്യ മാധവനാണ്.
എനിക്കത് നൊമ്പരമുണ്ടാക്കി. ഈ കുട്ടിയോടൊക്കെ എന്ത് സ്നേഹത്തിലും ഇഷ്ടത്തിലും പെരുമാറിയതാണ്. മലയാളവും തമിഴുമൊക്കെയായി അഞ്ചാറ് പടങ്ങൾ കൊടുത്ത ആളാണ്. ഏറ്റവും നന്നായാണ് ട്രീറ്റ് ചെയ്തത്. രക്ഷപ്പെടണമെന്ന ആത്മാർത്ഥത മനസ് കൊണ്ട് കാണിച്ചതാണ്. പിന്നെ എന്തിനാണിങ്ങനെ ചെയ്തതെന്ന് തോന്നി. കാവ്യ മാത്രമല്ല പലരും അങ്ങനെയായിരുന്നെന്നും വിനയൻ അന്ന് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകായിരുന്നു സംവിധായകൻ.
ഊമപെണ്ണിന് ഉരിയാട പയ്യൻ, ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് എൻ മന വാനിൽ, വിക്രം നായകനായ കാശി തുടങ്ങിയ വിനയന്റെ സിനിമകളിൽ കാവ്യ മാധവൻ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോഴും മലയാള സിനിമ ലോകത്തെ വിവാദങ്ങളിൽ വിനയൻ ശക്തമായി പ്രതികരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ തിലകനെ സംഘടനകൾ വിലക്കിയതിനെക്കുറിച്ച് വിനയൻ സംസാരിക്കുകയുണ്ടായി. 2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. "ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു" എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചതെന്ന് വിനയൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഷെെൻ ടോം ചാക്കോയുടെ ലഹരിക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 19ാം നൂറ്റാണ്ട് ആണ് വിനയന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2022 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. സിജു വിൽസണാണ് ഈ ചിത്രത്തിൽ നായകനായെത്തിയത്. വിലക്കുകൾ വിനയന്റെ സിനിമകളെ കാര്യമായി ബാധിച്ചിരുന്നു.


Click it and Unblock the Notifications











