ഒരുപാട് ഷോകൾ ഏറ്റ സമയത്താണ് അദ്ദേഹം വിട്ട് പിരിയുന്നത്; എന്റെ നഷ്ടം മറ്റുള്ളവർക്ക് ദുരിതമാകരുത്; വിന്ദുജ
പവിത്രം എന്ന സിനിമയിലൂടെയാണ് ഇന്നും വിന്ദുജ മേനോനെ പ്രേക്ഷകർ ഓർക്കുന്നത്. വർഷങ്ങൾക്കിപ്പുറവും പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം പ്രേക്ഷകർ മറന്നിട്ടില്ല. ബാവതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന വിന്ദുജ ഒരുപിടി സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. നൃത്തത്തിനാണ് അന്നും ഇന്നും വിന്ദുജ പ്രാധാന്യം നൽകുന്നുണ്ട്. നിരവധി സീരിയലുകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിന്ദുജ.
അച്ഛൻ കെപി വിശ്വനാഥൻ മേനോന്റെ മരണത്തെക്കുറിച്ചും താൻ ആ വിയോഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് വിന്ദുജ സംസാരിച്ചു.
നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങളുണ്ടാകും. കയറ്റിറക്കങ്ങൾ ഉണ്ടാകും. അതിലൊക്കെ ഞാൻ പോസിറ്റിവിറ്റി കണ്ടെത്തുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ കുറച്ച് നാളായിട്ടേ ഉള്ളൂ അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട്. ഞാൻ ഒരുപാട് ഷോകളും പ്രോഗ്രാമുകളും ഏറ്റ സമയത്താണ് അദ്ദേഹം ഞങ്ങളെ വിട്ട് പിരിയുന്നത്. പെട്ടെന്ന് എനിക്കാദ്യം ഹിറ്റ് ചെയ്തത് എന്റെ പേഴ്സണൽ ലോസ് മറ്റുള്ളവർക്ക് ദുരിതമാകരുത് എന്നാണ്.

പ്രത്യേകിച്ച് ഈ ഷോയിൽ 250 ഓളം ആളുകൾ വരുന്നുണ്ട്. ബംഗാളിൽ നിന്നാണെങ്കിലും കേരളത്തിൽ നിന്നാണെങ്കിലും. ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം എവിടെയൊക്കെയോ നമ്മുടെ മനസ് തെറ്റിപ്പോയാലും നമ്മളതിനെ പിടിച്ച് നിർത്താനുള്ള വൈദഗ്ധ്യം വേണം. അതുകൊണ്ടാണ്ട് കുട്ടികൾക്ക് പരാജയവും മനസിലാകണമെന്ന് താൻ പറയുന്നതെന്ന് വിന്ദുജ മേനോൻ വ്യക്തമാക്കി.
പവിത്രത്തിലേത് വലിയ ക്യാരക്‌റായിരുന്നു. അതിനെ മറികടക്കുന്ന റോൾ എനിക്ക് വന്നിട്ടില്ല. ആ കാലത്ത് നായികാ കേന്ദ്രീകൃതമായ റോൾ വളരെ കുറവായിരുന്നു. പവിത്രം ലഭിച്ചത് ഭാഗ്യമാണെന്നേ എനിക്ക് പറയാൻ പറ്റൂ. ചിലപ്പോൾ അതൊരു ഭാരമായും തോന്നിയിട്ടുണ്ട്. എന്റെ കാലത്ത് പല നടീ നടൻമാരും പഠിത്തം നിർത്തിയാണ് സിനിമയിൽ വന്നത്. പക്ഷെ എനിക്കും അച്ഛനും പഠിത്തം പ്രധാനമായിരുന്നു. കരിയറിൽ ശ്രദ്ധ കൊടുത്തില്ലെന്ന കുറ്റബോധമില്ല.

തനിക്ക് പറ്റാവുന്ന പരമാവധി ആ സമയത്ത് കരിയറിൽ താൻ ചെയ്തിട്ടുണ്ടെന്നും വിന്ദുജ വ്യക്തമാക്കി. പതിനഞ്ചാം വയസിലാണ് വിന്ദുജ പവിത്രത്തിൽ അഭിനയിച്ചത്. നേഹ എന്നാണ് വിന്ദുജയുടെ മകളുടെ പേര്. മകൾക്ക് സിനിമാ മോഹമുണ്ട്. അഭിനയിക്കാൻ അവസരവും വന്നിട്ടുണ്ട്. വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് വിന്ദുജ നേരത്തെ വ്യക്തമാക്കുകയുണ്ടായി.
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന വിന്ദുജ 1997 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുത്തു. 2016 ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ തിരിച്ചെത്തി. ഇന്ന് ടെലിവിഷൻ ഷോകളിലും വിന്ദുജ സാന്നിധ്യം അറിയിക്കുന്നു.


Click it and Unblock the Notifications