'അമ്മയുടെ മോളെ ഞാൻ തൊട്ടിട്ടുപോലുമില്ല ഇങ്ങനെ കരയല്ലേ, ലാലേട്ടൻ എന്നെ അടിക്കുന്നത് കണ്ട് അമ്മ കരഞ്ഞു'
പലരേയും മോഹൻലാൽ ഫാനാക്കിയ ഒരു സിനിമയാണ് പവിത്രം. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം എല്ലാക്കാലവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പ്രാണനേക്കാൾ വലുതായ കുഞ്ഞനിയത്തി മീനാക്ഷിക്ക് വേണ്ടി മീരയെ ഉപേക്ഷിച്ച ഉണ്ണികൃഷ്ണൻ എന്ന ചേട്ടച്ഛന്റെ കഥ ഇന്നും മലയാളികൾക്ക് തീരാ നൊമ്പരമാണ്. അവസാനം അനുജത്തി കൈവിട്ടുപോയെന്ന തോന്നലിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ പാപഭാരവും പേറി മീരയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉണ്ണി ചെല്ലുന്നുണ്ട്.
മീര ഉറച്ച നിലപാട് എടുക്കുമ്പോൾ വൈകിയ വേളയിലും പുനസംഗമം സാധ്യമാകുന്നില്ല. അല്ലെങ്കിലും ചേട്ടച്ഛന്റെ ജന്മം മീനാക്ഷിക്ക് വേണ്ടി മാത്രം നീക്കിവെച്ചതായിരുന്നു. ഒരുപാട് പ്രായവ്യത്യാസമുള്ള ഏട്ടനും അനിയത്തിയും തമ്മിലുള്ള അടുപ്പത്തിലെ ഏറ്റക്കുറച്ചിലുകളാണ് സിനിമയുടെ പ്രധാന പ്രമേയം.

നാച്വറൽ ആക്ടിങിന്റെ കാര്യത്തിൽ തന്നെ വെല്ലാൻ വേറൊരാളില്ലെന്ന് മോഹൻലാൽ ഉണ്ണികൃഷ്ണനിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. മോഹൻലാലിന് പുറമെ ചിത്രത്തിൽ തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. വേറെയും നിരവധി കഥാപാത്രങ്ങളും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും മലയാളികൾ വിന്ദുജയെ ഓർക്കുന്നത് പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിയായിട്ടാണ്.
ഇപ്പോഴിതാ പവിത്രം സിനിമയുടെ ഷൂട്ടിങിനിടെ തന്റെ അമ്മ അലറിക്കരയാൻ ഇടയാക്കിയ ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിന്ദുജ മേനോൻ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. ആ സാഹചര്യത്തിൽ അമ്മയെ മോഹൻലാൽ ആശ്വസിപ്പിച്ചതിനെ കുറിച്ചും വിന്ദുജ മേനോൻ വെളിപ്പെടുത്തി.
'ചിത്രത്തിൽ കള്ള് ഷാപ്പിൽ സുഹൃത്തുക്കൾക്കൊപ്പം കയറുന്ന ഒരു സീനുണ്ട്. കള്ള് ഷാപ്പിൽ തന്റെ പെങ്ങളുണ്ടെന്ന് അറിഞ്ഞ് ചേട്ടച്ഛൻ ഓടി വരുന്നതും തുടർന്ന് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് മീനാക്ഷിയെ തല്ലുന്നതുമാണ് സീൻ. എനിക്ക് ഒരു ധാരണയുണ്ടായിരുന്നില്ല ഈ സീൻ എങ്ങനെയാണ് ഷൂട്ട് ചെയ്യേണ്ടതെന്ന്.'
'ആ സീനിന്റെ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മേക്കപ്പ് മാനെ വിളിച്ച് പല കളർ മിക്സ് ചെയ്യിപ്പിച്ച് അവ തന്റെ കയ്യിൽ പതിപ്പിച്ച് ചേട്ടച്ഛൻ (മോഹൻലാൽ) അത് എന്റെ കവിളിൽ വെച്ചു. അപ്പോൾ അടി കൊണ്ടത് പോലെ കവിളിൽ പാടായി. ശേഷം സീൻ ഷൂട്ട് തുടങ്ങി. ഒരുപാട് പേര് കൂടി നിൽക്കുന്നുണ്ട്. പലരും കരയുന്നുണ്ട്. അതിനിടയിലാണ് ചേട്ടച്ഛൻ എന്നെ തല്ലുന്നത്. ഇതെല്ലാം കൂടി കണ്ട് അമ്മ ഭയങ്കര കരച്ചിലായി. സാധാരണ അമ്മയ്ക്ക് അങ്ങനെയൊന്നും സംഭവിക്കാറില്ല.'

'അമ്മ കരയുന്നത് കണ്ട് ചേട്ടച്ഛൻ എന്നെയും കൂട്ടി അമ്മയുടെ അടുത്ത് പോയി എന്നെ കാണിച്ച് കൊടുത്തു. അമ്മയുടെ മോളെ ഞാൻ തൊട്ടിട്ടുപോലുമില്ല. കവിളിൽ ഉള്ളത് ഞാൻ നേരത്തെ വെച്ച പാടാണ്. ഇങ്ങനെ കരയല്ലേ എന്നൊക്കെ ചേട്ടച്ഛൻ പറഞ്ഞു. സത്യത്തിൽ ക്യാമറയുടെ പുറത്തെ ആംഗിളിൽ നിന്ന് നോക്കുന്നവർക്ക് ഇത് റിയലായി നടക്കുന്ന സംഭവമായി തോന്നും.'
'അദ്ദേഹത്തിന്റെ അഭിനയവും അങ്ങനെ തന്നെയാണ്. റിയലായി കള്ളുകുടിച്ച പോലെയാണ് അദ്ദേഹം കള്ള് കുടിച്ച് അഭിനയിക്കുന്നത് കണ്ടാൽ തോന്നുക. ഗ്യാങ്സ്റ്ററായി അഭിനയിച്ചാൽ യഥാർത്ഥത്തിൽ ഗ്യാങ്സ്റ്ററാണോയെന്ന് തോന്നും. അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് ഒരു നാച്വറൽ എബിലിറ്റിയുണ്ട്.'
'ജന്മന ദൈവം അനുഗ്രഹിച്ച് വിട്ടിരിക്കുന്ന കൂട്ടത്തിലുള്ളയാളാണ് അദ്ദേഹം', എന്നാണ് പവിത്രം സിനിമ ഷൂട്ടിങ് അനുഭവം പങ്കിട്ട് വിന്ദുജ മേനോൻ പറഞ്ഞത്. 1985ൽ പുറത്തിറങ്ങിയ ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. 1991ൽ കേരള സ്കൂൾ കലോത്സവത്തിലെ കലാതിലകമായിരുന്ന വിന്ദു ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്ത് നിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു.


Click it and Unblock the Notifications