പൃഥ്വി ആദ്യം അത് പറഞ്ഞപ്പോള്‍ പരിഭ്രമിച്ചു! ലൂസിഫറില്‍ ബോബിക്ക് ശബ്ദം നല്‍കിയതിനെക്കുറിച്ച് വിനീത്
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമയ്ക്ക് തുടക്കം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്കാക്കിയാണ് സിനിമ കുതിക്കുന്നത്. ലൂസിഫറില്‍ വില്ലനായെത്തി ഗംഭീര പ്രകടനം നേടിയ താരമായ വിവേക് ഒബ്‌റോയിക്കായി ശക്ദം നല്‍കിയത് വിനീതായിരുന്നു. അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ വിനീതിന്റെ ശബ്ദസാന്നിധ്യത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
പൃഥ്വിരാജ് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് താന്‍ വിവേകിനായി ശബ്ദം നല്‍കിയതെന്ന് വിനീത് പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്കെത്തുമെന്ന് വിവേക് ഒബ്‌റോയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയന്റെ ചിത്രീകരണത്തിനിടയില്‍ ഫോണിലൂടെയായിരുന്നു അദ്ദേഹത്തിനോട് സിനിമയെക്കുറിച്ച് സംസാരിച്ചതെന്നും അദ്ദേഹം ഉടന്‍ തന്നെ ഓക്കേ പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലൂസിഫറിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ലൂസിഫറിലേക്ക് എത്തിയത്
മോഹന്‍ലാലിന്റെ വില്ലനായാണ് വിവേക് ഒബ്‌റോയ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രാംഗോപാല്‍ വര്‍മ്മയല്ലാതെ അധികമാരും ഈ താരത്തെ നന്നായി വിനിയോഗിച്ചിട്ടില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു. ബോബി എന്ന ചിരിക്കുന്ന വില്ലനായാണ് അദ്ദേഹം എത്തിയത്. നടനും നര്‍ത്തകനുമായ വിനീതായിരുന്നു അദ്ദേഹത്തിനായി ശബ്ദം നല്‍കിയത്. മോഹന്‍ലാലിന്റെ വില്ലന് ശബ്ദം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വിനീതിപ്പോള്‍.

പൃഥ്വിരാജിനാണ് ആ ക്രഡിറ്റ്
വിവേക് മലയാളത്തിലേക്കെത്തുമ്പോള്‍ ആരായിരിക്കും അദ്ദേഹത്തിനായി ശബ്ദം നല്‍കുന്നതെന്ന ചോദ്യം ഉന്നയിച്ച് നേരത്തെ ആരാധകരെത്തിയിരുന്നു. പൃഥ്വിരാജായിരുന്നു ഈ ദൗത്യം വിനീതിനെ ഏല്‍പ്പിച്ചത്. ഡബ്ബിംഗ് നന്നായതിന്റെ മുഴുവന്‍ ക്രഡിറ്റും അദ്ദേഹത്തിനാണെന്ന് വിനീത് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൃഥ്വി വിളിച്ചപ്പോള്‍ താന്‍ പരിഭ്രമിച്ചിരുന്നുവെന്നും താന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്ക അലട്ടിയിരുന്നതായും അദ്ദേഹം പറയുന്നു.

നേരത്തെ ചെയ്ത് വെച്ചിരുന്നു
എങ്ങനെ ഡബ്ബ് ചെയ്യണമെന്നും ശബ്ദത്തിലെ മോഡുലേഷനെക്കുറിച്ചുമൊക്കെ പൃഥ്വി നന്നായി പറഞ്ഞുതനന്നിരുന്നു. അദ്ദേഹം ഡബ്ബ് ചെയ്ത് വെച്ച കാര്യം കേള്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. സംവിധാന സഹായിയായ വാവയും മുരളി ഗോപിയും ഇക്കാര്യത്തില്‍ തനിക്കൊപ്പം നിന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയൊരു കാര്യമാണ്. ഡബ്ബിംഗിനായി മറ്റുള്ളവര്‍ വിളിച്ചാല്‍ ഇനി താന്‍ പോവുമെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്.

മാനത്തെ വെള്ളിത്തേരുമായി സാമ്യം
ലൂസിഫറിലെ ശബ്ദത്തിന് മാനത്തെ വെള്ളിത്തേരുമായി സാമ്യമെന്ന തരത്തില്‍ ചിലരൊക്കെ പറഞ്ഞിരുന്നു. ആ സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രവുമായി സാമ്യമുണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തില്‍ പൂര്‍ണ്ണ പങ്കും ഫാസിലിനുള്ളതാണ്. ഒരാഴ്ച കുത്തിയിരുന്ന് പഠിച്ചതിന് ശേഷമാണ് ആ സിനിമ ഡബ്ബ് ചെയ്തത്. സാധാരണഗതിയില്‍ തന്റെ ഡബ്ബിംഗ് പെട്ടെന്ന് തീരാറുണ്ട്. ലൂസിഫറിലെ ഡബ്ബിംഗിനെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ത്തന്നെ പാച്ചിക്കയെ വിളിച്ച് നന്ദി പറഞ്ഞിരുന്നു.

മലയാളം പറയിപ്പിച്ചേനേ!
ലൂസിഫര്‍ ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചതെങ്കില്‍ തീര്‍ച്ചയായും താന്‍ വിവേകിനെക്കൊണ്ട് തന്നെ ഡബ്ബിംഗും ചെയ്യിച്ചേനെയെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്യഭാഷാ താരങ്ങള്‍ മലയാളത്തില്‍ അഭിനയിക്കുന്പോള്‍ സാധാരണയായി എബിസിഡി പറഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വിവേക് അങ്ങനെയായിരുന്നില്ല. കുത്തിയിരുന്ന് സംഭാഷണങ്ങളെല്ലാം പഠിച്ചിരുന്നു. എബിസിഡി പറഞ്ഞ താരത്തിന് അഭിമുഖമായി നിന്ന് താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വിനീതിനെ താന്‍ ഡബ്ബിംഗിനായി വിളിച്ചതെന്നും കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം അതിനായി സമ്മതിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











