രാമനാഥനാവാൻ കഴിയാഞ്ഞതിന് കാരണം; ശോഭനയെയും ജ്യോതികയെയും താരതമ്യം ചെയ്യുന്നത് ശരിയല്ല; വിനീത്
നടനായും നർത്തകനായും പ്രേക്ഷകർക്ക് സുപരിചിതനാണ് വിനീത്. വിനീതെന്ന പേരിൽ മറ്റ് പ്രശ്സ്തും ഉണ്ടെങ്കിലും ഇവരേക്കാളെല്ലാം മുമ്പ് മലയാള സിനിമയിൽ ഇടം പിടിച്ചയാളാണ് വിനീത്. ചെറുപ്പകാലത്ത് തന്നെ പ്രഗൽഭരായ ഫിലിം മേക്കേർസിനൊപ്പം പ്രവർത്തിക്കാൻ വിനീതിന് കഴിഞ്ഞു. ഐവി ശശിയുടെ ഇടങ്ങളിൽ എന്ന സിനിമയിലൂടെയാണ് വിനീത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. രണ്ടാമത്തെ ചിത്രം ഹരിഹരന്റെ നഖക്ഷതങ്ങളാണ്. ഏറെ പ്രേക്ഷക പ്രീതി നേടാൻ ഈ സിനിമയിലൂടെ വിനീതിനായി.
തുടർന്നിങ്ങോട്ട് നായകനായും സഹനടനായും വില്ലനായും സിനിമകളിൽ വിനീത് നിറഞ്ഞ് നിന്നു. നിരവധി വേദികളിൽ ക്ലാസിക്കൽ ഡാൻസും അവതരിപ്പിച്ചു. മലയാളത്തെ പോലെ തന്നെ തമിഴ് തെലുങ്ക് സിനിമകളിലും വിനീത് സജീവമായിരുന്നു. കാതൽ ദേശം, ചന്ദ്രമുഖി തുടങ്ങിയവ വിനീതിന്റെ ഹിറ്റ് തമിഴ് സിനിമകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു ചന്ദ്രമുഖി. മലയാളത്തിൽ ഡോ. ശ്രീധർ ശ്രീരാം ചെയ്ത രാമനാഥൻ എന്ന കഥാപാത്രമാണ് തമിഴിൽ വിനീത് ചെയ്തത്. യഥാർത്ഥത്തിൽ മണിച്ചിത്രത്താഴിൽ രാമനാഥനായി എത്തേണ്ടിയിരുന്നത് വിനീതായിരുന്നു. ഈ സിനിമ ചെയ്യാൻ പറ്റാഞ്ഞതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിനീതിപ്പോൾ. ദി ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരിരുന്നു നടൻ.
ഒരു സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ എത്ര ചെറിയ പടം ആണെങ്കിലും അതിനൊരു പ്രയോരിറ്റി ഉണ്ട്. അന്നും എന്നും അതിന് മൂല്യമുണ്ട്. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കാം. അങ്ങനെ ഒരുപാട് സംഭവിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴ് ഒരു നിവൃത്തിയും ഇല്ലായിരുന്നു. സുരേഷേട്ടന്റെയും ലാലേട്ടന്റെയും ഡേറ്റുകളിൽ പാച്ചിക്ക മറ്റ് സംവിധായകരോടൊപ്പം സിനിമ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് ഈ കഥാപാത്രം മുഴുനീളെ വേണമായിരുന്നു. എനിക്ക് പരിണയത്തിന്റെ സീനുകൾ നടക്കുകയാണ്.
ഭരതൻ സാർ നോക്കി. പക്ഷെ ചെയ്യാൻ പറ്റിയില്ലെന്ന് വിനീത് വ്യക്തമാക്കി. ചന്ദ്രമുഖിയിൽ രജിനികാന്ത് സാറാണ് എന്നെ നിർദ്ദേശിച്ചതെന്ന് കേട്ടിട്ടുണ്ട്. ജ്യോതിക നല്ല ഫിലിം ഡാൻസറാണ്. ക്ലാസിക്കൽ ഡാൻസ് ഒരു ദിവസം കൊണ്ട് കാണിക്കാൻ പറ്റിയതല്ല. നിരന്തര പരിശീലനത്തിലൂടെയേ ബോഡി മനസ്സിലാക്കൂ. പക്ഷെ ജ്യോതികയ്ക്ക് കലാ മാസ്റ്റർ സിംപ്ലിഫൈ ചെയ്ത് കാണിച്ച് കൊടുത്തു. അവർ ആ രീതിയിൽ ചെയ്തു.

മണിച്ചിത്രത്താഴിനെ റീമേക്കുകളുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. ഒറിജിനൽ ഒറിജിനലാണ്. ലാലേട്ടന്റെയും ശോഭനയുടെയും പെർഫോമൻസുകൾ താരതമ്യം ചെയ്യാൻ പറ്റില്ല. ശോഭന അക്കാദമിക്കലി ട്രെയ്ൻ ചെയ്ത രാജ്യത്തെ മികച്ച നർത്തകിമാരിലൊരാളാണ്. അതൊരിക്കലും ക്ലാസിക്കൽ ഡാൻസറാല്ലാത്തവർക്ക് ചെയ്യാൻ പറ്റില്ല. ആ താരതമ്യം ശരിയല്ലെന്നും വിനീത് പറഞ്ഞു.
കേരളത്തിൽ നിന്നും രണ്ട് തവണ സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാണി പുരസ്കാരവും വിനീതിന് ലഭിച്ചു. നാളുകൾക്ക് ശേഷം വിനീത് ശ്രദ്ധേയ വേഷം ചെയ്തിരിക്കുന്ന സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസിൽ നായകനായ സിനിമയിൽ ശ്രദ്ധേയ വേഷമാണ് വിനീത് ചെയ്തിരിക്കുന്നത്. അഖിൽ സത്യനാണ് സിനിമ സംവിധാനം ചെയ്തത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിനീതിന് എടുത്ത് പറയത്തക്ക സിനിമ മലയാളത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. ഈ പരാതിക്കുള്ള മറുപടിയായി പാച്ചുവും അത്ഭുതവിളക്കും. റിയാസ് എന്ന കഥാപാത്രത്തിനെയാണ് സിനിമയിൽ വിനീത് അവതരിപ്പിച്ചത്. 2021 ൽ കാൽച്ചിലമ്പ് എന്ന സിനിമയിലാണ് ഇതിന് മുമ്പ് വിനീത് മലയാളത്തിൽ അഭിനയിച്ചത്. എന്നാൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നടന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











