'ധ്യാൻ വരുമ്പോഴുള്ള അപ്പുവിന്റെ അവസ്ഥ ആലോചിച്ച് ടെൻഷനായിരുന്നു, പക്ഷെ ഇരുവരും പെട്ടന്ന് കട്ട സിങ്കായി'
ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ പഴയ മോഹന്‍ലാൽ-ശ്രീനിവാസൻ കോമ്പോ തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു ആരാധകര്‍ക്ക്. വര്‍ഷങ്ങള്‍ക്കുശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും. സിനിമ സംവിധായകനാവാനുള്ള മോഹവുമായി കേരളം വിട്ട് മദ്രാസില്‍ എത്തുന്ന ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്.
കഥയിലെ വിവിധ കാലങ്ങളില്‍ ധ്യാന്‍ ശ്രീനിവാസിന്റെ കഥാപാത്രത്തിന് പല മാറ്റങ്ങള്‍ വരുന്നുണ്ട്. അതിനനുസരിച്ചുള്ള പ്രകടനവും നടന്‍ പുറത്തെടുക്കുന്നുണ്ട്. പ്രണവിന്റെ കഥാപാത്രവും അതുപോലെ തന്നെയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രണവും ധ്യാനും ആദ്യമായി കാണുന്നതെന്നും എന്നാൽ ഇപ്പോൾ ഇരുവരും കട്ട കമ്പിനിയാണെന്നുമാണ് വിനീത് പറയുന്നത്. വിനീതിന്റെ വാക്കുകളിലേക്ക്... 'എനിക്ക് ടെൻഷനുണ്ടായിരുന്നു... ധ്യാൻ കൂടി വരുമ്പോഴുള്ള അപ്പുവിന്റെ (പ്രണവ്) അവസ്ഥ ആലോചിച്ച്. ഇവർ തമ്മിൽ സിങ്കാകുമോ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു. രണ്ട് ആക്ടേഴ്സ് തമ്മിൽ ഒരു സിങ്കുണ്ടെങ്കിലല്ലേ ഒരു മാജിക്കുണ്ടാവൂ.'
'പക്ഷെ ഇരുവരും ലുക്ക് ടെസ്റ്റിന്റെ ഡെ തൊട്ട് ഭയങ്കര കമ്പനിയായി നമ്മളൊക്കെ ഞെട്ടുന്ന രീതിയിലുള്ള ഫ്രണ്ട്ഷിപ്പായി. ഷൂട്ടിന്റെ മൂന്നാം ദിവസമായപ്പോഴേക്കും ഇരുവരും എപ്പോഴും ഒരുമിച്ചായി. ആ സമയത്ത് ധ്യാനിന് ഡയറ്റും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് കമ്പനി കൂടാൻ നിൽക്കാതെ നേരെത്തെ പോയി കിടക്കും. നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാണെന്ന് അറിയാം. പക്ഷെ അതാണ് സത്യം.'
'പക്ഷെ ഞാനും അപ്പുവും വിശാഖുമെല്ലാം ഒരുമിച്ച് മുറിയിലിരുന്ന് പാട്ടും മറ്റുമായിരുന്നു. അങ്ങനെ മട്ടന്നൂരിൽ ഷൂട്ടുണ്ടായിരുന്ന സമയത്ത് ഞങ്ങളെല്ലാം കമ്പനി കൂടിയിരിക്കുന്ന സമയത്ത് അപ്പു വന്ന് നോക്കിയപ്പോൾ അക്കൂട്ടത്തിൽ ധ്യാൻ ഇല്ല. ഉടനെ ഞാൻ പോയി വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് അപ്പു ധ്യാനിനെ വിളിക്കാൻ പോയി. അങ്ങനൊരു ഫ്രണ്ട്ഷിപ്പൊക്കെയാണ് അവർക്കിടയിൽ. ഇരുവരും തമ്മിലുള്ള ബോണ്ട് സിനിമയിലും കാണാൻ പറ്റും.'
'ഇവർ തമ്മിൽ നേരത്തെ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഒരു പരിചയവും ഇല്ല. ഞാനോ ധ്യാനോ ചെറുപ്പത്തിലൊന്നും അപ്പുവിനെ കണ്ടിട്ടില്ല. ഹൃദയത്തിന് തൊട്ട് മുമ്പാണ് അപ്പുവിനോട് സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും അപ്പുവും ധ്യാനും തമ്മിൽ കട്ട സിങ്കായിരുന്നുവെന്ന്', വിനീത് പറയുന്നു.

പിന്നീട് ഇരുവരുടെയും പ്രകടനത്തെ കുറിച്ചാണ് വിനീത് സംസാരിച്ചത്. 'ധ്യാൻ മാത്രമല്ല പ്രണവും സിനിമയിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രണ്ടുപേരും ഈ പടം കൊണ്ടുപോകും. അവരുടെ ഡ്യുവോയാണ് ഈ പടം കാരിചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ധ്യാനിന്റെ പ്രകടനം കാണാൻ ആളുകൾ വെയ്റ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നുണ്ട്.'
'പ്രണവിനെ തന്നെ വീണ്ടും കാസ്റ്റ് ചെയ്തത് ഈ സിനിമയിലെ റോൾ പ്രണവിന് ആപ്റ്റായിരുന്നു. നിവിനും പ്രണവും ധ്യാനും ഇവർ മൂന്നുപേരും ഈ സിനിമയ്ക്ക് മസ്റ്റായി വേണ്ട ആൾക്കാരാണ്. ഇവരില്ലെങ്കിൽ ഈ രീതിയിൽ ഈ സിനിമ ചെയ്യാൻ പറ്റില്ല. ഇവർ മൂന്നുപേരും ഓക്കെ പറഞ്ഞപ്പോഴാണ് ഈ സിനിമ നടക്കുമെന്ന വിശ്വാസം എനിക്ക് വന്നത്.'
'പ്രണവിപ്പോൾ ചെന്നൈയിലുണ്ട്. പക്ഷെ പ്രമോഷനായി വരാൻ സാധ്യതയില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്', എന്നും വിനീത് പറയുന്നു. പൊതുവെ സിനിമാ പ്രമോഷനുകളിൽ പ്രണവ് പങ്കെടുക്കാറില്ല. സെലിബ്രിറ്റി ലൈഫ് ആഗ്രഹിക്കുന്നില്ലെന്നതാണ് കാരണം. വല്ലപ്പോഴും മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിൽ പ്രണവിന് ഒട്ടനവധി ആരാധകർ കേരളത്തിലുണ്ട്.


Click it and Unblock the Notifications











