'ആ സമയത്ത് ഒരു ഷോക്കായിരുന്നു, എന്താണ് നടക്കുന്നതെന്ന് മനസിലായില്ല, ബേസിലിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു'
കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ സിനിമയായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൻ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയായിരുന്നുവെങ്കിലും വേണ്ടത്ര സ്വീകാര്യ സിനിമയ്ക്ക് ലഭിച്ചില്ല. ഒടിടി റിലീസിനുശേഷം സിനിമ വലിയ രീതിയിൽ ട്രോളും വിമർശനവും ഏറ്റുവാങ്ങിയിരുന്നു.
സിനിമയുടെ പ്രമോഷൻ സമയത്ത് പറഞ്ഞ കാര്യങ്ങളുടെ പേരിൽ നായകനായ ധ്യാനിനും വർഷങ്ങൾക്കുശേഷത്തിന്റെ റിലീസിനുശേഷം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ സംവിധായകനായ വിനീത് അപ്പോഴത്തെ തന്റെ മാനസീകാവസ്ഥ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്. വർഷങ്ങൾക്കുശേഷം സിനിമയുടെ റിലീസിനുശേഷം മീഡിയയ്ക്ക് മുമ്പിൽ വിനീത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വീണ്ടും അഭിമുഖങ്ങൾ കൊടുത്ത് തുടങ്ങിയത്. ഒടിടി റിലീസിനുശേഷം വിമർശനങ്ങൾ വന്നപ്പോൾ ആ സമയത്ത് അത് ഒരു ഷോക്കായിരുന്നുവെന്ന് വിനീത് പറയുന്നു.
വർഷങ്ങൾക്കുശേഷം സിനിമയ്ക്ക് വിമർശനവും ട്രോളും വന്നപ്പോൾ ആ സമയത്ത് അത് ഒരു ഷോക്കായിരുന്നു. കാരണം ഇത് തിയേറ്ററിൽ നന്നായിട്ട് പോയ സിനിമയാണല്ലോ. തിയേറ്റിലും യുനാനിമസ്സായിരുന്നില്ല. കുറേപ്പേർക്ക് ഇഷ്ടമായി. പിന്നെ എന്റെ ഫ്രണ്ട്സിൽ തന്നെ തിയേറ്ററിൽ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ബേസിലിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു.
അതേസമയം അഭിക്ക് തീരെ ഇഷ്ടമായില്ല. അത് അവൻ എന്നെ വിളിച്ച് പറഞ്ഞിരുന്നു. അങ്ങനെയുള്ള ഫീഡ് ബാക്കുകൾ എനിക്ക് കിട്ടുന്നുണ്ടായിരുന്നു. പല സിനിമയ്ക്കും അതുണ്ട്. തിയേറ്ററിൽ സിനിമ പെർഫോം ചെയ്യുന്നത് കാണുമ്പോൾ നമുക്ക് അറിയാല്ലോ ഒരു വൈഡ് ഓഡിയൻസിന് അത് കിട്ടീട്ടുണ്ടെന്ന്. പക്ഷെ ഒടിടിയിൽ വന്നപ്പോൾ അലക്കുകല്ലിട്ട് അടിക്കുന്ന ഫീലായിരുന്നു. ആദ്യത്തെ മൂന്ന്, നാല് ദിവസം എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല.
പിന്നെ ഓക്കെയായി. എന്തൊക്കെയാണ് ഫീഡ് ബാക്ക്, എവിടെയാണ് ആളുകൾക്ക് പ്രശ്നം തോന്നിയത് അതൊക്കെ നമ്മൾ മനസിലാക്കണമല്ലോ. തിയേറ്ററിൽ ഒരു ഡാർക്ക് വന്ന് ആളുകൾ സിനിമ കാണുമ്പോൾ അവർ പൈസ മുടക്കി വന്ന് ഫുൾ കോൺസൻട്രേഷനിൽ ഒരു പടം കാണുമ്പോൾ അവർ കുറച്ചുകൂടി ഇമോഷണലായിട്ടാണ് സിനിമ കാണുന്നത്.

മ്യൂസിക്കൽ പാർട്ട് ആളുകൾക്ക് റിലേറ്റാകുന്നതും തിയേറ്ററിൽ കാണുമ്പോഴാണ്. കംഫേർട്ട് സ്പേസിൽ ഇരുന്ന് നമ്മൾ എന്തെങ്കിലും കാണുമ്പോൾ കൂടുതൽ അനലറ്റിക്കലായിരിക്കും. അനലൈസ് ചെയ്ത് കാണുമ്പോൾ മിസ്റ്റേക്ക് പെട്ടന്ന് കണ്ടെത്താനാകും. ഫ്രെയിം ഫ്രീസ് ചെയ്ത് മിസ്റ്റേക്ക് കണ്ടുപിടിക്കാം. പക്ഷെ ഇതൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
അതിൽ വേറൊന്നും പറയാനില്ലെന്നുമാണ് വിനീത് പറഞ്ഞത്. ഒരു ജാതി ജാതകമാണ് വിനീതിന്റെ ഏറ്റവും പുതിയ റിലീസ്. വിനീതിന്റെ അഴിഞ്ഞാട്ടമാണ് സിനിമയിലെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.


Click it and Unblock the Notifications