ആലീസാന്റിയുടെ വള വിറ്റ കാശാണ് അച്ഛനും അമ്മയ്ക്കും കല്യാണത്തിന് കൊടുത്തത്; ഇന്നസെന്റിനെ പറ്റി വിനീത് ശ്രീനിവാസൻ
മലയാള സിനിമയിലെ ഏറ്റവും വലിയ നഷ്ടമാണ് നടന്‍ ഇന്നസെന്റിന്റെ വേര്‍പാടോട് കൂടി ഉണ്ടായിരിക്കുന്നത്. അമ്പത്തിയൊന്ന് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തിനൊടുവില്‍ താരം വിട വാങ്ങുമ്പോള്‍ കണ്ണീരണിയുകയാണ് കേരളം. മരണവിവരം അറിഞ്ഞ ഉടനെ നടന്മാരായ മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവര്‍ ഇന്നസെന്റിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. താരങ്ങളെല്ലാം പൊട്ടിക്കരയുന്ന സ്ഥിതിയാണ് ആശുപത്രിയില്‍ കണ്ടിരുന്നത്.
ഇതിനൊപ്പം സോഷ്യല്‍ മീഡിയ പേജുകളിലും ഇന്നസെന്റിനെ പറ്റിയുള്ള കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുകയാണ്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന് ഇന്നസെന്റ് ഭാര്യയായ ആലീസിന്റെ വള പണയം വെച്ച് നല്‍കിയ പണത്തെ കുറിച്ചും മറ്റും താന്‍ കേട്ടറിഞ്ഞ കഥകളുമാണ് വിനീത് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓര്‍മ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിന് വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിന് വേണ്ടി കാത്തുനിന്ന പ്രതിഭാശാലികള്‍ ഓരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്', വിനീത് ശ്രീനിവാസന്‍ പറയുന്നു. അതേ സമയം നടന്‍ ഗോവിന്ദ് പത്മസൂര്യയും മറ്റ് ചില താരങ്ങളുമൊക്കെ ഇന്നസെന്റിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ്.
'കാര്‍ണവരെ കുത്തും, കുടയാണ് എന്റെ കയ്യിലിരിക്കണേ, ഞാന്‍ ഇവിടുത്തെ സംബന്ധകാരനാ, ഭാസുരയുടെ ഭര്‍ത്താവ്'
അന്ന് അദ്ദേഹം ആ കുട കൊണ്ട് കുത്തിയത്, ഇക്കിളിയാക്കിയത്, ഒരു രണ്ടാം ക്ലാസുകാരന്റെ ഹൃദയത്തില്‍ ആണ്. ഒരു പക്ഷെ ആ പ്രായത്തില്‍ മമ്മുക്കയേക്കാളും ലാലേട്ടനെക്കാളും എന്നെ സ്വാധിനിച്ചത് ഇന്നസെന്റ് ചേട്ടന്റെ നിഷ്‌കളങ്കമായ ഭാവങ്ങളും, അവതരണ ശൈലിയുമാണ്. മണിച്ചിത്രത്താഴും രാംജിറാവു സ്പീകിംഗ് ഒക്കെ ഏറെക്കുറെ കാണാപാടമായിരുന്നു.

കുട്ടികാലത്ത് അദ്ദേഹത്തിന്റെ ഡയലോഗുകള്‍ മനഃപാഠമായി പറഞ്ഞു ഞാന്‍ കുറെ ഷൈന്‍ ചെയ്തിട്ടുണ്ട്. പിന്നീട്ട് കോളേജ് ഹോസ്റ്റലില്‍ പവര്‍ കട്ട് ഉണ്ടാകുമ്പോള്‍ മാന്നാര്‍ മത്തായി സ്പീകിംഗ് ഒരു ശബ്ദരേഖ പോലെ കൂട്ടുകാരോട് പറയുമായിരുന്നു. ഇന്ന് ഞാന്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് സ്റ്റിക്കറില്‍ കൂടുതലും അദ്ദേഹത്തിന്റെ ഭാവങ്ങള്‍ ആണ്. ഒരുമിച്ചു അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും, ഞാന്‍ ജഡ്ജ് ആയിട്ടുള്ള ഒരു ഷോയുടെ ഫൈനലില്‍ സ്‌പെഷ്യല്‍ ജഡ്ജ് ആയി അദ്ദേഹവും കൂടെ ഉണ്ടായിരുന്നു.
മാന്നാര്‍ മത്തായി സ്പീകിംഗ് ഡയലോഗുകള്‍ കാണാതെ പഠിച്ചിട്ടുണ്ട് എന്നുള്ളത് ഒരുപാട് അഹങ്കാരത്തോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'താന്‍ എന്തിനാടോ അത് കാണാതെ പഠിക്കണത്. അത് യൂട്യൂബ് അടിച്ചാല്‍ കിട്ടില്ലേ' എന്നുള്ള മറുപടിയും കിട്ടി ബോധിച്ചു. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ സിനിമ ഡയലോഗ് ഡെലിവറി ആണ് എന്നെ സ്വാധീനിച്ചിരുന്നതെങ്കില്‍ പിന്നീട് അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിലെ ഡയലോഗുകളുടെ ഒരു ആരാധകനായി ഞാന്‍ മാറി.
'എനിക്ക് കാന്‍സര്‍ വന്നതിന്റെ കുശുമ്പാണ് എല്ലാവര്‍ക്കും' അദ്ദേഹം നര്‍മ്മത്തിലൂടെ ജീവിതത്തിന്റെ ആഴം അളന്നു. ജീവിതം ഇത്രയേയുള്ളു എന്നും, ജീവതം ഇത്രയും ഉണ്ടെന്നും ഒരേപോലെ നമ്മളെ പഠിപ്പിച്ച നമ്മടെ സ്വന്തം ഇന്നസെന്റ് ചേട്ടന് നര്‍മ്മത്തില്‍ ചാലിച്ച, സ്‌നേഹത്തില്‍ കുതിര്‍ത്ത, നിഷ്‌കളങ്കമായ ഓര്‍മ്മപ്പൂക്കള്‍', എന്നാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.
നേരത്തെ അര്‍ബുദരോഗ ബാധിതനായിരുന്ന ഇന്നസെന്റ് അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കൊവിഡ് വരികയും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അര്‍ബുദരോഗമല്ല മരണകാരണമെന്ന് ആശുപത്രിയില്‍ നിന്നും വ്യക്തമാക്കിയിരുന്നു. നടന്റെ സ്ഥിതി ഗുരുതരമായിരിക്കുമ്പോഴും ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാല്‍ മാര്‍ച്ച് 26 ന് രാത്രി പത്തേമുപ്പതോട് കൂടി ഇന്നസെന്റ് വിടവാങ്ങുകയായിരുന്നു.


Click it and Unblock the Notifications











