മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ ആ മമ്മൂട്ടി ചിത്രമാണ്; തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്‍
സൗഹൃദ സിനിമകള്‍ പറയുന്നതില്‍ എക്കലവും വിജയിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യത്തെ ചിത്രം മുതല്‍ വിനീത് സൗഹൃദവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഇതേ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.
മലയാള സിനിമയുടെ മാറ്റത്തിന്റെ പാതയില്‍ വിനീത് അഭിനയിച്ച ട്രാഫിക് അടക്കമുള്ള ചിത്രങ്ങളെ എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ താന്‍ എങ്ങനെയാണ് മലയാള സിനിമയുടെ മാറ്റത്തെ കാണുന്നതെന്ന് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ബിഗ് ബിയാണ് മലയാള സിനിമയുടെ ഗെയിം ചേഞ്ചര്‍ എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. താനും അതിന്റെ ഒരു ഭാഗമായെന്നും വിനീത് പറഞ്ഞു. വിനീതിന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
'മലയാള സിനിമയില്‍ മാറ്റം സംഭവിച്ചു തുടങ്ങുന്നത് അമല്‍ നീരദിന്റെ വരവോടുകൂടിയാണ്. അദ്ദേഹം മലയാള സിനിമയില്‍ പുതിയ തരത്തലിലുള്ള ഒരു സൗന്ദര്യാത്മകത കൊണ്ടു വന്നു. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ഒരു സിനിമ ചെയ്തു. ആ ചിത്രമാണ് മലയാള സിനിമയുടെ ഗെയിം ചേഞ്ചര്‍ എന്നാണ് വ്യക്തിപരമായി ഞാന്‍ കരുതുന്നത്,' വിനീത് പറഞ്ഞു.
ഇത് 2010ന് മുമ്പാണ്. അതിന് ശേഷം നിരവധി ഛായാഗ്രാഹകര്‍ സിനിമയിലേക്കെത്തി. 2010ന് ശേഷം മലയാള സിനിമയില്‍ പുതിയ കുറെ സംവിധായകരും പുതിയ കുറെ എഴുത്തുകാരും വന്നു. ചാപ്പാ-കുരിശ് എന്ന ചിത്രം ചെയ്യുന്ന സമയത്ത് ഞാന്‍ ഒരിക്കല്‍ സമീര്‍ താഹിറിന്റെ അടുത്ത് ചോദിച്ചിരുന്നു. ഇത്ര എളുപ്പത്തില്‍ എങ്ങനെയാണ് ഛായാഗ്രഹണത്തെ നോക്കികാണുന്നത് എന്ന്. കാനന്‍ 70 വെച്ചാണ് അവര്‍ ഷൂട്ട് ചെയ്യുന്നത്.
പ്രോപ്പര്‍ ഡിജിറ്റല്‍ ക്യാമറ വെച്ചുപോലുമല്ല ഷൂട്ട് ചെയ്യുന്നത്. എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് ലൈറ്റ് അപുകള്‍ ചെയ്തിരിക്കുന്നത്. സിനിമകളില്‍ കാണുന്ന വലിയ ലൈറ്റുകളോ ഫാന്‍സി ലൈറ്റുകളോ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. ഒരു ക്യമാറയും എല്‍.ഇ.ഡി ലൈറ്റിന്റെ സ്ട്രിപ്‌സുമാണ് ഉണ്ടായിരുന്നത്.
താന്‍ അത് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും വിനീത് പറയുന്നു. വലിയ സെറ്റപ്പുകളോട് കൂടിയ സിനിമകളില്‍ ഞാന്‍ മുന്നെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് പക്ഷെ അത്രയൊന്നുമില്ല. തെരുവിലൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍, എങ്ങനെയാണ് താങ്കള്‍ക്ക് ആ കോണ്‍ഫിഡന്‍സ് ലഭിച്ചതെന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്.
നമ്മള്‍ ക്യാമറയെ ഒരു ഉപകരണമായി മാത്രമാണ് കാണുന്നത്. നമ്മള്‍ അതിനെ വലിയ ബഹുമാനത്തോടെയല്ല കാണുന്നത്. കഥപറയാനുള്ള ടൂള്‍ മാത്രമാണ്. അങ്ങനെ കാണുമ്പോള്‍ ക്യാമറയോടുള്ള പേടി നമുക്ക് പോകും എന്നാണ് സമീര്‍ താഹിര്‍ പറഞ്ഞത്. അങ്ങനെ ഒരു ചിന്ത പോലും ആള്‍ക്കാര്‍ക്ക് വന്നുതുടങ്ങുന്നത് അമല്‍നീരദ് സ്‌കൂള്‍ ഓഫ് ഫിലിം മേക്കിങ്ങില്‍ നിന്നാണെന്നാണെന്നും വിനീത് പറയുന്നു.

2010ന് ഒക്കെ ശേഷം മലയാളത്തില്‍ അതുവരെ വന്നുകൊണ്ടിരുന്ന സിനിമകള്‍ കണ്ട് ഫ്രസ്‌ട്രേറ്റഡ് ആയ ഒരു കൂട്ടം ആളുകള്‍ക്ക് മലയാളം സിനിമയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും മാറുകയായിരുന്നു. അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടല്‍ പ്രൊഡ്യൂസ് ചെയ്തു, ആഷിഖ് അബു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കൊണ്ടു വന്നു. രാജീവ് പിള്ളയും ബോബി-സഞ്ജയ് ചേര്‍ന്ന് ട്രാഫിക്ക് ഉണ്ടാക്കി.
ഞാന്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംവിധാനം ചെയ്തു. അത് കഴിഞ്ഞ്, മഹേഷ് നാരായണന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും വലിയൊരു മാറ്റം തന്നെ ഉണ്ടാക്കി. പുതിയ സംവിധായകരും പുതിയ എഴുത്തുകാരും പുതിയ ടെക്‌നീഷ്യന്‍സും പുതിയ മ്യൂസിക് ഡയറക്ടര്‍മാരുമുണ്ടായെന്നും മലയാള സിനിമയുടെ ഇത്രയും കാലത്തെ മാറ്റത്തെ അടയാളപ്പെടുത്തി വിനീത് പറഞ്ഞു.


Click it and Unblock the Notifications