ഉറപ്പായും ചെന്നൈ അല്ല: പ്രേക്ഷകർക്ക് മറുപടിയുമായി കരം സംവിധായകൻ വിനീത് ശ്രീനിവാസൻ
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ വിനീത് ശ്രീനിവാസൻ, ഒരു നടനായും, ഗായകനായും, സംവിധായകനായും കഴിവ് തെളിയിച്ചയാളാണ്. പക്ഷെ എന്നും പ്രേക്ഷകർക്ക് ഏറ്റവും ആകാംക്ഷ വിനീത് എന്ന സംവിധായകൻ അടുത്തതായി എന്താണ് ചെയ്യാൻ പോവുന്നത് എന്നതിനെ കുറിച്ചാണ്. ഇത്തവണ, പതിവിന് വിപരീതമായി, അധികം കൊട്ടിഘോഷങ്ങൾ ഇല്ലാതെയാണ് പ്രശസ്ത സംവിധായകൻ തന്റെ അടുത്ത സംവിധാന സംരംഭം തുടങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് പോലും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
എന്നാൽ ഏറെ കാത്തിരിപ്പിന് ഒടുവിൽ, തന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് ഇറങ്ങി 15 കൊല്ലങ്ങൾ പൂർത്തിയായ ദിവസം (ജൂലൈ 16) വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രമായ 'കരം' പ്രഖ്യാപിച്ചു. ഫീൽ ഗുഡ് ചിത്രങ്ങളുടെ ഈ തലമുറയിലെ അമരക്കാരനായി അറിയപ്പെടുന്ന സംവിധായകൻ, ഇത്തവണ തന്റെ പതിവ് രീതികളോട് വിട പറഞ്ഞിരിക്കുകയാണ്. ഒരു മ്യൂസിക്കൽ റൊമാന്റിക് ചിത്രം പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക്, ഒരു പക്കാ ആക്ഷൻ ത്രില്ലറുമായിട്ടാണ് വിനീത് ഇത്തവണ എത്തുന്നത്.

ഫീൽ ഗുഡ് ജോണർ മാത്രമല്ല, തന്റെ ഏറ്റവും വലിയ 'ബലഹീനത'യായ ചെന്നൈ പട്ടണത്തെ പോലും, ഇത്തവണ വിനീത് ശ്രീനിവാസൻ തന്റെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. 'കരം' എന്ന നോബിൾ ബാബു തോമസ് നായകനാവുന്ന തന്റെ പുതിയ സിനിമയ്ക്ക് യാതൊരു വിധത്തിലുമുള്ള ചെന്നൈ ബന്ധങ്ങളും ഇല്ലെന്ന് അടുത്തിടെ വിനീത് തുറന്നു പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, പ്രേക്ഷകർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി പറയുമ്പോഴാണ് സംവിധായകൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.

കുറച്ചു കാലമായി, പ്രത്യേകിച്ച് ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളുടെ റിലീസിന് ശേഷം, വിനീത് ശ്രീനിവാസന് ചെന്നൈ നഗരത്തോടുള്ള പ്രണയം വലിയ രീതിയിൽ ട്രോളുകൾ ആഘോഷിച്ചിരുന്നു. പ്രതീക്ഷിച്ചതു പോലെ, കരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത സംവിധായകനോട്, കമന്റ് സെക്ഷനിൽ ചില പ്രേക്ഷകർ ഈ പടത്തിൽ ചെന്നൈ ഉണ്ടാകുമോ എന്ന ചോദ്യവുമായി എത്തി. "ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ?" എന്ന ഒരു ആരാധകന്റെ ചോദ്യത്തിന്, ഒരു ചിരിയോടെ "ചെന്നൈ ഇല്ല... ഉറപ്പിക്കാം!!" എന്നാണ് വിനീത് മറുപടി നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ആഘോഷിക്കുകയാണ് സംവിധായകന്റെ ഈ മറുപടി.
മറ്റു സംവിധായകരിൽ നിന്ന് വ്യത്യസ്തമായി, തന്റെ പോസ്റ്റുകളിൽ ആരാധകരും ഫോള്ളോവെഴ്‌സും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിനീത് ശ്രീനിവാസൻ കാണിക്കുന്ന സന്നദ്ധതയെ പ്രേക്ഷകർ ഇപ്പോൾ അഭിനന്ദിക്കുകയാണ്. തന്റെ സിനിമകളിൽ ഫീൽ ഗുഡ് ഘടകം, പരിധി വിടുന്നുവെന്നും ക്രിഞ്ചാണെന്നുമുള്ള പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ച്, തന്റെ ഫിൽമോഗ്രാഫിയിൽ ഒരു വ്യത്യസ്ത ചിത്രം എത്രയും പെട്ടെന്ന് ഉൾപ്പെടുത്താൻ വിനീത് കാണിച്ച ധൈര്യത്തെയും സോഷ്യൽ മീഡിയ പ്രശംസിക്കുകയാണ്. തിരയ്ക്ക് ശേഷം സംവിധായകന്റെ ത്രില്ലെർ ചിത്രം കാണാനുള്ള ആകാംക്ഷയും എല്ലാവരും രേഖപ്പെടുത്തുന്നുണ്ട്.
മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നായകനായി എത്തുന്ന നോബിൾ ബാബു തോമസ് തന്നെയാണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്.


Click it and Unblock the Notifications











