ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത് മൂന്ന് വര്‍ഷം! സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍! കാണൂ
വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി മൂന്ന് വര്‍ഷം തികയുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ 2016 എപ്രില്‍ ഏട്ടിനായിരുന്നു റിലീസ് ചെയ്തിരുന്നത്. തട്ടത്തിന്‍ മറയത്തിനു ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ഒരുക്കിയ സിനിമ കൂടിയായിരുന്നു ഇത്. ഒരു ഫീല്‍ഗുഡ് ചിത്രമായിട്ടായിരുന്നു സംവിധായകന്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം അണിയിച്ചൊരുക്കിയിരുന്നത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ ജേക്കബിനും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന ദുരിത കാലത്തിന്റെ കഥയായിരുന്നു വിനീത് പറഞ്ഞത്. താരങ്ങളുടെ പ്രകടനം കൊണ്ടും സംവിധായകന്റെ മേക്കിങ്ങ് കൊണ്ടുമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം മികച്ചൊരു സിനിമയായി മാറിയത്. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവയെ നാടകീയമായി ഉപയോഗിക്കാതെ വളരെ ഒതുക്കത്തില്‍ സംവിധാനം ചെയ്യാന്‍ വിനീതിന് സാധിച്ചിരുന്നു.
എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടെന്നും ആ തിരിച്ചറിവോടെയും ആത്മവിശ്വാസത്തിലൂടെയും നേരിലൂടെയും വേണം ജീവിതത്തില്‍ വിജയിക്കാന്‍ എന്നും കാണിച്ചു തരുന്ന ഒരു സിനിമ കൂടിയായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. ചിത്രത്തില്‍ ജേക്കബായി രണ്‍ജി പണിക്കര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ നിവിന്‍ പോളിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ജെറി മാറി.
ഇവര്‍ക്കൊപ്പം ടിജി രവി,സായികുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍,ശ്രീനാഥ് ഭാസി,ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്റെ സംഗീതവും സിനിമയില്‍ മികച്ചുനിന്നിരുന്നു, നോബില്‍ ബാബു തോമസായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











