വിനീത് ശ്രീനിവാസന്റെ ഹാട്രിക്ക് ഹിറ്റായി മനോഹരം? സിനിമയെക്കുറിച്ചുളള ആദ്യ പ്രതികരണമിങ്ങനെ
അരവിന്ദന്റെ അതിഥികള്‍,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. രണ്ടു സിനിമകളുടെയും വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെതായി ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് മനോഹരം. നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷം വിനീതിനെ നായകനാക്കി അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് സിനിമ എത്തിയിരിക്കുന്നത്. മനോഹരത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസനൊപ്പം നടന്‍ ഇന്ദ്രന്‍സും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് മനോഹരം.

പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. സിനിമ കണ്ടവരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവരുന്നത്. മനോഹരന്‍ എന്ന ആര്‍ട്ടിസ്റ്റായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നത്. പ്രിന്റിംഗ് ടെക്‌നോളജി വന്നതിന് ശേഷം മനോഹരന്‍ എന്ന പെയിന്റിംഗ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ഇത്തവണയും തന്റെ റോള്‍ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ആദ്യ പകുതി ഫീല്‍ ഗുഡ് ആയിട്ടാണ് ഒരുക്കിയിട്ടുളളതെന്നും അറിയുന്നു. അന്‍വര്‍ സാദിഖിന്റെ സംവിധാന മികവിനെക്കുറിച്ചും പ്രതികരണങ്ങള്‍ വരുന്നു. കൂടാതെ സിനിമയുടെ ഛായാഗ്രഹണവും സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

അപര്‍ണാ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍,ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്. വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ധിഖി, മഞ്ജു സുനില്‍, ശ്രീലക്ഷ്മി, വീണാ നായര്‍, നന്ദിനി, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എകെയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുളള സജീവ് തോമസാണ് സംഗീതം നല്‍കുന്നത്. നിതിന്‍ രാജ് എഡിറ്റിങ്ങ് ചെയ്യുന്നു.


Click it and Unblock the Notifications











