'ഞങ്ങൾ അകത്തേക്ക് വിളിക്കുന്നില്ലെന്ന് മനസിലായപ്പോൾ ലാൽ അങ്കിൾ പോയി, അദ്ദേഹത്തെ ക്ഷണിക്കണമെന്ന ചിന്ത വന്നില്ല'
പ്രതീക്ഷിച്ചതുപോലെ തന്നെ വലിയ സ്വീകാര്യത ലഭിച്ച സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷം ഗംഭീര പ്രതികരണങ്ങളോടെ മുന്നേറുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയൊരു അഭിമുഖത്തിൽ വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കല്യാണി പ്രിയദർശനും പ്രധാന വേഷങ്ങൾ ചെയ്ത സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് മോഹൻലാലിന്റെ വസതിയിലാണ്. മൂന്ന് ദിവസത്തോളം മോഹൻലാലിന്റെ വസതിയിൽ വർഷങ്ങൾക്കുശേഷത്തിന്റെ ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ് കാണാൻ ഒരു ദിവസം മോഹൻലാൽ എത്തിയിരുന്നു.

മുമ്പ് ഹൃദയം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മോഹൻലാലും ഭാര്യ സുചിത്രയും സന്ദർശനം നടത്തിയിരുന്നു. മോഹൻലാൽ വന്നപ്പോൾ അകത്തേക്ക് ക്ഷണിക്കാൻ തങ്ങൾ മറന്നുപോയിയെന്നാണ് വിനീത് പ്രമോഷനിടെ ഓർമകൾ പങ്കുവെക്കവെ പറഞ്ഞത്. വർഷങ്ങൾക്കുശേഷം സെറ്റിൽ ലാലേട്ടൻ വന്നിരുന്നുവോയെന്ന് അവതാരക ചോദിച്ചപ്പോഴാണ് വിനീത് രസകരമായ ഓർമ പങ്കിട്ടത്.
'ഒരു ദിവസം അദ്ദേഹം വന്നിരുന്നു. സെറ്റിൽ അല്ല അദ്ദേഹത്തിന്റെ വീട്ടിൽ ഷൂട്ട് ചെയ്യുമ്പോഴാണ് അദ്ദേഹം വന്നത്. ഹൃദയത്തിന്റെ സമയം മുതൽ അങ്ങനെയാണ്. കൂട്ടുകാരുടെ വീട്ടിലും കുടുംബക്കാരുടെ വീട്ടിലുമാണ് കുറേ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വർഷങ്ങൾക്കുശേഷം സിനിമയിൽ ലാൽ അങ്കിളിന്റെ വീട്ടിൽ മൂന്നോ രണ്ടോ ദിവസത്തെ ഷൂട്ടുണ്ടായിരുന്നു.'
'ആ ഷൂട്ടിനിടയിൽ അദ്ദേഹം ഒരു ദിവസം വന്നിരുന്നു. പക്ഷെ അദ്ദേഹം വന്നപ്പോൾ ഞങ്ങൾക്ക് ഒരു മിസ്റ്റേക്ക് പറ്റി. ഞങ്ങൾ എല്ലാവരും ഷൂട്ടിനിടയിൽ നിൽക്കുന്നത് കൊണ്ട് അദ്ദേഹത്തെ അകത്തേക്ക് വിളിച്ചില്ല. അങ്ങനെ ചെയ്യാൻ തലയിൽ ഓടിയതുമില്ല. അതുകൊണ്ട് വാതിലിന് അടുത്ത് തന്നെ അദ്ദേഹത്തെ നിർത്തി സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ നമ്മൾ അകത്തേക്ക് വിളിക്കില്ലെന്ന് അദ്ദേഹത്തിന് മനസിലായിയെന്ന് തോന്നുന്നു.'
'ശരി നടക്കട്ടേ മക്കളേ... എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി. മീറ്റർ ഓടുകയാണല്ലോ... അതിന്റെ ഇടയിൽ ആയതുകൊണ്ട് പെട്ടന്ന് അദ്ദേഹത്തെ അകത്തേക്ക് വിളിക്കണമെന്ന ചിന്ത വന്നില്ല. അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തെ വിളിച്ചില്ലെങ്കിൽ മോശമല്ലേയെന്നതൊന്നും തലയിൽ ഓടിയില്ലെന്നാണ്', വിനീത് ഓർമ പങ്കിട്ട് പറഞ്ഞത്.

പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വന്ത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിച്ചത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.43 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications