അവന്റെ ഭാര്യ വരെ പറയാറുണ്ട്; പക്ഷെ കേൾക്കില്ല; ധ്യാൻ നൽകാറുള്ള മറുപടി; തുറന്ന് പറഞ്ഞ് വിനീത്
മലയാള സിനിമാ രംഗത്ത് അടുത്ത കാലത്ത് തുടരെ സിനിമകളിൽ കണ്ട നടൻമാരാണ് ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും. രണ്ട് പേരും തമ്മിൽ ചില സാമ്യതകളുണ്ട്. ചെയ്യുന്ന സിനിമകളുടെയെല്ലാം പ്രൊമോഷന് കൃത്യമായി ഷൈനും ധ്യാനും എത്താറുണ്ട്. ഇവർ നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധ നേടുന്നു. എന്നാൽ ധ്യനിന്റെ കാര്യത്തിൽ ആരാധകർക്ക് നിരാശ തോന്നുന്ന ഘടകം നടന്റെ പരാജയ സിനിമകളാണ്. ഒന്നിന് പിറകെ ഒന്നായി പരാജയ സിനിമകളാണ് ധ്യാനിനെ തേടി വരുന്നത്.
ഇക്കഴിഞ്ഞ രണ്ട് വർഷം പരിശോധിച്ചാൽ ധ്യാനിന്റെ ഹിറ്റ് സിനിമകൾ വിരലിൽ എണ്ണാൻ പോലുമില്ല. അച്ഛൻ ശ്രീനിവാസവും ചേട്ടൻ വിനീതിനും ശേഷം സിനിമാ രംഗത്തേക്ക് കടന്ന് വന്ന ധ്യാനിന് ഇവരെ പോലെ കരിയറിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല. സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും ധ്യാനിന് വലിയ ജനപ്രീതിയുണ്ട്. അഭിമുഖങ്ങളിൽ രസകരമായി സംസാരിക്കുന്നതാണ് ധ്യാനിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണം.

അതേസമയം തുടരെ പരാജയ സിനിമകൾ വരുന്നത് കാരണം ധ്യാനിന് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വരാറുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ധ്യാനിന് കരിയറിൽ വഴിത്തിരിവാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. വൻ താര നിര അണിനിരക്കുന്ന സിനിമയിൽ ധ്യാനിന് സുപ്രധാന വേഷമാണ്. സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച് വലിയ മേക്കോവറും ധ്യാൻ നടത്തി.
ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. നല്ല സിനിമകൾ തെരഞ്ഞെടുക്കണമെന്ന്താനുൾപ്പെടെ എല്ലാവരും ധ്യാനിനോട് പറയാറുണ്ടെന്ന് വിനീത് വ്യക്തമാക്കി. ആരും പറയുന്നത് കേൾക്കില്ല. വിശാഖും അജു വർഗീസും പറയാറുണ്ട്. അവന്റെ ഭാര്യയും പറയാറുണ്ട്. ആരും പറയുന്നത് കേൾക്കില്ല, ഞാനിതൊരു ജോലിയായാണ് കാണാറ്, 9-5 ജോലി ചെയ്യുന്ന ആൾക്കാർ ഓരോ ദിവസവും ഒപ്പിടുന്നു, ഹായ് നല്ല ഒപ്പ് എന്ന് പറയാൻ പറ്റുമോ, എല്ലാ ദിവസവും ജോലിക്ക് പോകണം എന്നാണ് തന്റെ ആഗ്രഹമെന്നാണ് ധ്യാൻ പറയാറെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

തന്റെ സിനിമകൾ പരാജയപ്പെടുന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസനും അടുത്തിടെ സംസാരിച്ചിട്ടുണ്ട്. പരാജയം കാര്യമാക്കുന്നില്ലെന്നും ചേട്ടനുള്ളത് തന്റെ ധൈര്യമാണെന്നും ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. വിനീത് സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് കാര്യമായ ചലനം ധ്യാനിന്റെ കരിയറിൽ ഉണ്ടായില്ല.
ഹിറ്റ് സിനിമകളിലൂടെ ധ്യാൻ വിമർശനങ്ങൾക്ക് മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിവിൻ പോളി, പ്രണവ് മോഹൻലാൽ തുടങ്ങി വലിയ താര നിര അണിനിരക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് പ്രണവും വിനീതും ഒന്നിച്ച സിനിമയാണ് വർഷങ്ങൾക്ക് ശേഷം.


Click it and Unblock the Notifications