ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും; ഉണ്ണി മുകുന്ദനെ എവിടെയും മേപ്പടിയാനില്‍ കണ്ടില്ലെന്ന് വിനോദ്
മലയാള സിനിമയുടെ മസില്‍മാന്‍ എന്നറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരം ഇപ്പോള്‍ അഭിനേതാവ് എന്നതിന് പുറമേ നിര്‍മാതാവ് കൂടിയായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജനുവരി പതിനാലിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ആദ്യം തന്നെ പോസിറ്റീവ് റിവ്യൂസ് ആണ് വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേപ്പടിയാനുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ വര്‍ക്കുകളിലായിരുന്നു ഉണ്ണി മുകന്ദന്‍. സിനിമയുമായി ബന്ധപ്പെട്ട പല വിശദീകരണങ്ങളും അദ്ദേഹം നല്‍കിയിരുന്നു. അതില്‍ പ്രധാന കാര്യം ഇതുവരെ കണ്ട തന്റെ സിനിമകളുമായിട്ടോ കഥാപാത്രങ്ങളുമായിട്ടോ യാതൊരു ബന്ധവുമില്ലെന്ന് ആണ്. ആക്ഷന്‍ ഹീറോ ഇമേജില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതായി തനിക്ക് തന്നെ തോന്നിയെന്നാണ് ഉണ്ണി പറഞ്ഞിരുന്നത്. അതിനെല്ലാം മാറ്റം ഈ സിനിമയിലൂടെ സാധിക്കുമെന്നാണ് താരം സൂചിപ്പിച്ചത്.

അത് ശരിയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മേപ്പടിയാന്‍ കണ്ടതിനെ കുറിച്ചും ഉണ്ണി മുകുന്ദന്റെയും ഇന്ദ്രന്‍സിന്റെയും അടക്കം താരങ്ങളുടെ പ്രതികരണത്തെ കുറിച്ച് വിനോദ് ഗുരുവായൂര്‍ പറഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'ജയകൃഷ്ണന്‍ രജിസ്ട്രാളിന് രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. അപ്പോഴും ഉണ്ണിമുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി. സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്ന പ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍... എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല... ജയകൃഷ്ണന്‍ വിജയമാണ്.'

'ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും. അജു വര്‍ഗീസ്.. നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്... ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു.. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം.. മേപ്പടിയാന്‍ എന്ന സിനിമ യിലൂടെ... വിനോദ് ഗുരുവായൂര്‍...' എന്നുമാണ് അദ്ദേഹം പറയുന്നത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന് പുറമേ അജു വര്‍ഗീസ്, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി അഞ്ജു കുര്യനാണ് നായികയായിട്ടെത്തുന്നതും.


Click it and Unblock the Notifications