അത് സ്വാർത്ഥതയായിരിക്കാം; ഇഷ്‌ടമുള്ളത് കൊണ്ടാണ് കുറ്റം പറയാതെ മാറി നിന്നത്; ഗോപി സുന്ദറിനെക്കുറിച്ച് അഭയ
ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ അഭയ ഹിരൺമയിക്ക് കഴിഞ്ഞിട്ടുണ്ട്. അഭയയുടെ കരിയറിലെ വളർച്ചയിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അഭയയുടെ ഹിറ്റ് പാട്ടുകളിൽ പലതും ഗോപി സുന്ദർ ഒരുക്കിയതാണ്. ഇരുവരും ലിവിംഗ് ടുഗെദറിലായിരുന്ന കാലത്താണ് ഒരുമിച്ചുള്ള പാട്ടുകളും ഉണ്ടായത്. അഭയയുടെ വ്യക്തി ജീവിതം വലിയ തോതിൽ ചർച്ചയായതും ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്താണ്. ഇരുവരും പിരിഞ്ഞപ്പോഴും നിരവധി ഗോസിപ്പുകൾ വന്നു.
എന്നാൽ ഇതൊന്നും അഭയയോ ഗോപി സുന്ദറോ കാര്യമാക്കിയില്ല. ബ്രേക്കപ്പിന് ശേഷം അഭയ ഹിരൺമയി കരിയറിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. അഭ്യൂഹങ്ങൾ പലതും വന്നെങ്കിലും ഒരിക്കൽ പോലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ അഭയ തയ്യാറായിട്ടില്ല. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് അഭയ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമുണ്ട്. ഞാൻ വളരണമെങ്കിൽ എനിക്ക് ആരെയെങ്കിലും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. ഞാൻ വളരണമെന്ന് പറയുന്നത് സ്വാർത്ഥതായിരിക്കാം. പക്ഷെ അത് മറ്റുള്ളവർക്കും പ്രയോജനമായി മാറുകയാണെങ്കിൽ അത് നല്ലതല്ലേ. ഇത്രയും കാലത്തെ എന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട്ട് ഞാൻ കാണിക്കുന്ന നീതികേടായിപ്പോകും. അത് ശരിയല്ല എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഒന്നുകിൽ മരണം വരെ ഒരുമിച്ച് പോകാം, അല്ലെങ്കിൽ ബ്രേക്ക് അപ്പ് ആകാം എന്ന സാഹചര്യം എല്ലാ റിലേഷൻഷിപ്പിലും ഉണ്ട്'
'എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാനസികമായി അതിനെ ബഹുമാനിച്ച് മാറി നിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ ഇഷ്ടമില്ലെങ്കിൽ എന്നെ ഉപദ്രവിച്ചു എന്നോ എന്നെ പ്രശ്നത്തിലാക്കി എന്നോ പറയാം. പക്ഷെ ഇഷ്ടമുള്ളത് കൊണ്ട് നല്ല രീതിയിൽ താൻ മാറി നിൽക്കുകയായിരുന്നു,' അഭയ ഹിരൺമയി വ്യക്തമാക്കി.

വിഷമഘട്ടങ്ങളിൽ സംഗീതമാണ് തനിക്കേറ്റവും ഊർജം നൽകിയതെന്നും അഭയ ഹിരൺമയി പറയുന്നു. എന്റെ ലൈഫ് സ്റ്റെലിൽ മാറ്റം വരുത്തി. ഇന്റൻസ് വർക്ക് ഔട്ട് തുടങ്ങി. പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചു. അത്രയും കാലം കുടുംബത്തിൽ കൊടുത്ത ശ്രദ്ധ പാട്ടിലേക്ക് കൊടുത്തെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. ആദ്യ വിവാഹബന്ധം നിയമപരമായി നിലനിൽക്കെയാണ് ഗോപി സുന്ദർ അഭയയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്നത്. പ്രിയ എന്നാണ് ഗോപി സുന്ദറിന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്.
അഭയയുമായി അകന്ന ശേഷം ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുത്തു. ഇരുവരും വിവാഹിതരാണെന്ന് വരെ വാർത്തകൾ വന്നു. ഗോപി സുന്ദറിനെ ഭർത്താവ് എന്നാണ് അമൃത വിളിച്ചിരുന്നത്. എന്നാൽ കുറച്ച് നാളുകളായി ഈ ബന്ധത്തെക്കുറിച്ചും ഗോസിപ്പുകൾ വരുന്നുണ്ട്. ഗോപി സുന്ദറും അമൃതയും തമ്മിൽ അകന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഒരുമിച്ചുള്ള ചിത്രങ്ങൾ രണ്ട് പേരും ഇപ്പോൾ പങ്കുവെക്കാറില്ല.


Click it and Unblock the Notifications











