'ഗുണത്തേക്കാൾ ദോഷമാണുണ്ടായത്; ആക്ഷൻ ഹീറോ ബിജുവിന് ശേഷം ഞങ്ങൾക്ക് സംഭവിച്ചത്'
ഒന്നോ രണ്ടോ സീനിൽ വന്ന് പ്രേക്ഷക ഹൃദയം കവർന്ന നിരവധി നടീനടൻമാരുണ്ട്. മറ്റ് താരങ്ങളെ പോലെ ഇവരെ തുടരെ സിനിമകളിൽ കണ്ടില്ലെങ്കിലും ഒറ്റ സീനിലൂടെ ഇവർ പ്രേക്ഷകർ എന്നും ഓർക്കും. 2016 ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം ശ്രദ്ധ നേടിയവരാണ് മേരി, ബേബി എന്നീ നടിമാർ. സിനിമയിൽ ഒറ്റ സീനിൽ മാത്രമേ രണ്ട് പേരെയും കാണുന്നുള്ളൂ. എന്നാൽ ഈ സീൻ ഉണ്ടാക്കിയ തരംഗം ചെറുതല്ല.
സോഷ്യൽ മീഡിയയിൽ വൻ തോതിൽ ഇവർ വൈറലായി. ട്രോളുകളിലും മീമുകളിലും ഇവരുടെ മുഖഭാവങ്ങൾ ഇന്നും ഉപയോഗിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകളായിരുന്നവർ ഒറ്റ സീനിലൂടെ താരങ്ങളായി മാറിയെങ്കിലും പിന്നീട് രണ്ട് പേർക്കും നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രശ്നങ്ങളാണ്. വരുമാനമാർഗത്തിനായി മേരി ലോട്ടറി വിൽപ്പനയിലേക്ക് കടന്നു.

സിനിമകൾ തുടരെ ലഭിക്കാത്തതും തിരികെ ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിക്കാത്തതുമാണ് ഈ ജോലിയിലേക്ക് ഇറങ്ങാൻ മേരിയെ പ്രേരിപ്പിച്ചത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം തങ്ങൾക്ക് സംഭവിച്ചതെന്തെന്ന് തുറന്ന് പറയുകയാണ് മേരിയും ബേബിയും. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം.
'ആദ്യമായി ലോട്ടറി വിൽപ്പനയ്ക്ക് പോകുമ്പോൾ സങ്കടം ഉണ്ടായിരുന്നെന്ന് മേരി പറയുന്നു. ടിക്കറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ആരും ചോദിക്കരുതേ എന്ന് വിചാരിച്ചാണ് നടന്നത്. ഞാൻ ഇറങ്ങുമ്പോൾ എന്റെ മരുമകൾ നിലവിളിക്കുന്നു. എനിക്ക് സങ്കടം വരുന്നു അമ്മച്ചീ എന്ന് പറഞ്ഞു. അകത്ത് മകനും കരയുകയാണ്. പോകാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. ഒരുപാട് കടങ്ങൾ ഉണ്ട്. ചിലപ്പോൾ ഒരെണ്ണം അടിച്ചാൽ എന്റെ കടങ്ങൾ തീരുമല്ലോ,' മേരി പറയുന്നു.
ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച ശേഷം ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിക്കുന്നില്ലെന്ന് ബേബി ചൂണ്ടിക്കാട്ടി. 'ജൂനിയർ ആർട്ടിസ്റ്റായി പോകുമ്പോൾ 500 രൂപയൊക്കെയാണ് നമുക്ക് തരുന്നത്. ഏഴ് വർഷം ജൂനിയർ ആർട്ടിസ്റ്റായി നടന്നു. ആദ്യമാെക്കെ ഞാൻ അഭിനയിച്ച സിനിമകൾ മക്കളെയൊക്കെ കാണിക്കുമായിരുന്നു. പക്ഷെ എന്റെ മുഖം സിനിമകളിൽ കാണില്ല. സങ്കടപ്പെട്ട് തിരിച്ച് വരും'

'ആക്ഷൻ ഹീറോയിൽ പൈസ തരുമ്പോൾ ഇനി ജൂനിയർ ആർട്ടിസ്റ്റായി പോകരുത് എന്ന് നിവിൻ പോളി സാറും സംവിധായകനും പറഞ്ഞു. ഞങ്ങൾക്ക് നല്ല വേഷങ്ങൾ കൊടുക്കണമെന്ന് കോഡിനേറ്ററോട് പറയുകയും ചെയ്തു. ഇനി ജൂനിയർ ആർട്ടിസ്റ്റായി വിളിക്കില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. പക്ഷെ എനിക്കത് ഗുണത്തേക്കാൾ ദോഷമായാണ് തോന്നിയത്'
'ജൂനിയർ ആർട്ടിസ്റ്റായി പോയിക്കൊണ്ടിരിക്കുമ്പോൾ എല്ലാ ദിവസവും വർക്കാണ്. 500 രൂപ മതി. ഒരു ജോലിയെന്ന് പറഞ്ഞ് പോകാം. കുടുംബം കഴിയാനും നമ്മുടെ അത്യാവശ്യങ്ങൾ നടക്കാനുമാണ് ജോലിക്ക് പോവുന്നത്. പക്ഷെ ഈ സിനിമ കഴിഞ്ഞതോടെ ഞങ്ങളെ വേണമെങ്കിൽ മാത്രം വിളിക്കും'
സാമ്പത്തിക പ്രശ്നങ്ങളുള്ളതിനാൽ ലോട്ടറി വിൽപ്പനയ്ക്ക് പോകുമെന്ന് മേരി എന്നോട് നേരത്തെ പറഞ്ഞിരുന്നു. നല്ല കാര്യമാണെന്നാണ് ഞാൻ മറുപടി പറഞ്ഞത്. എന്ത് ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. ജോലി ചെയ്യുന്നതിന് എന്തിനാണ് നാണിക്കുന്നത്. തനിക്കും ഇതേ ജോലി ചെയ്യണമെന്നുണ്ട്. പക്ഷെ വീട്ടിൽ നിന്നും വിടുന്നില്ലെന്നും ബേബി പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റായി മുന്നോട്ട് പോയെനെ. പക്ഷെ ഈ സിനിമ വന്നു. തിരിച്ച് ജൂനിയർ ആർട്ടിസ്റ്റായി പോകാനും പറ്റിയില്ലെന്ന് മേരിയും ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











