'ദിലീപിനെ കാണാൻ ഓടിച്ചെന്നു; ആദ്യം കണ്ടപ്പോൾ ചോദിച്ചത്; കലാഭവൻ മണിയെ കാണാനാഗ്രഹിച്ചു'
ഒരു സീനിൽ മാത്രം വന്ന് പ്രേക്ഷക ഹൃദയം കവർന്നവരാണ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അഭിനയിച്ച ബേബിയും മേരിയും. മിനുട്ടുകൾ മാത്രമുള്ള സീനിൽ അഭിനയിച്ച ഇരുവരും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. സിനിമയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ബേബിയുടെയും മേരിയുടെയും സീനായിരുന്നു. ഇന്നും ഈ സീനിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച ബേബിയും മേരിയും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്.
ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്നവർ എന്തുകൊണ്ട് ജൂനിയർ ആർട്ടിസ്റ്റുകളായി ഒതുങ്ങിപ്പോയെന്ന ചോദ്യങ്ങളും വന്നു.ആക്ഷൻ ഹീറോ ബിജു രണ്ട് പേരുടെയും കരിയറിൽ വഴിത്തിരിവാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. പിന്നീട് ശ്രദ്ധേയ വേഷങ്ങളിൽ മേരിയോ ബേബിയോ വന്നില്ല. പ്രശസ്തരായതിനാൽ തിരികെ ജൂനിയർ ആർട്ടിസ്റ്റുകളായി ആരും വിളിച്ചതുമില്ല. ജീവിതം വഴിമുട്ടുമെന്ന സാഹചര്യം വന്നതോടെ മേരി ലോട്ടറി വിൽപ്പനയിലേക്കിറങ്ങി. അതേസമയം സിനിമകളിൽ ഇപ്പോൾ വീണ്ടും ചെറിയ വേഷങ്ങൾ ഇവർ ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ നടൻ ദിലീപിനെ കണ്ടുമുട്ടിയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേരി. സിനിമയിൽ അഭിനയിച്ചെങ്കിലും സിനിമാക്കാരെ കാണാൻ ഞാൻ ഇപ്പോഴും ഓടും. ദിലീപുണ്ടെന്ന് അറിഞ്ഞാണ് ഞാൻ പോയത്. ഷൂട്ടിംഗ് സ്ഥലത്ത് നോക്കിയിട്ട് ദിലീപിനെ കാണുന്നില്ല. ഒരാൾ വന്ന് ചേച്ചി ആരെയാണ് നോക്കുന്നത് എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു ദിലീപിനെയെന്ന്. ചോദിച്ചത് ദിലീപായിരുന്നു. ഷൂട്ടിംഗിന് പർദ ധരിച്ച് നിൽക്കുകയായിരുന്നു ദിലീപ്. പർദ പൊക്കി മുഖം കാണിച്ചു. ബേബി ചേച്ചി എവിടെയെന്ന് ചോദിച്ചു. രാത്രി ആയത് കാരണം വന്നില്ല, ഞാനൊന്ന് കാണാൻ വേണ്ടി ഓടി വന്നതാണെന്ന് മറുപടി നൽകിയെന്ന് മേരി ഓർത്തു.
കലാഭവൻ മണിയെ കേട്ടറിഞ്ഞ് വളരെ ഇഷ്ടമായിരുന്നു. പക്ഷെ കാണാൻ പറ്റിയില്ല. ജമീലയുടെ പൂവൻകോഴി എന്ന സിനിമയിൽ ബിന്ദു പണിക്കരോടൊപ്പം അഭിനയിച്ചു. അതിൽ ബിന്ദു പണിക്കരെ ചീത്ത വിളിക്കുന്ന സീനുണ്ട്. പക്ഷെ ആ സീൻ ചെയ്യാൻ എനിക്ക് പേടി. 'എടീ, നിന്നെ ഞാൻ വെട്ടുമെടീ' എന്നൊക്കെ പറയണം. അത് പറയാനൊരു ബുദ്ധിമുട്ട്.

എന്താണെങ്കിലും പറഞ്ഞോയെന്ന് ബിന്ദു പണിക്കറും പറഞ്ഞു. പിന്നെ രണ്ടും കൽപ്പിച്ച് താൻ ഡയലോഗ് പറഞ്ഞെന്നും മേരി ഓർത്തു. പ്രധാനപ്പെട്ട വേഷമല്ലെങ്കിലും നിലവിൽ ചില സിനിമകളിൽ അഭിനയിക്കുന്നുണ്ടെന്നും ബേബിയും മേരിയും വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.
അഭിമുഖത്തിൽ നിവിൻ പോളിക്കൊപ്പം ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച ഓർമ്മകളും ബേബിയും മേരിയും പങ്കുവെക്കുന്നുണ്ട്. നിവിൻ പോളി നല്ല പിന്തുണ തന്നു. ആദ്യമായി അടുത്ത് നിന്ന് അഭിനയിച്ച സൂപ്പർതാരം നിവിൻ പോളിയാണ്. നല്ല സ്നേഹമുള്ള മനുഷ്യൻ. എല്ലാം കറക്ട് ചെയ്ത് തരും. സിനിമാ നടനാണ് മുമ്പിൽ ഇരിക്കുന്നതെന്ന ഭയമില്ലാതെ ചെയ്യാൻ സാധിച്ചു. സാധാരണ സംസാരിക്കുന്നത് പോലെ ഡയലോഗ് പറയാൻ പ്രോത്സാഹിപ്പിച്ചതും നിവിൻ പോളിയാണെന്നെന്ന് ബേബിയും മേരിയും പറഞ്ഞു.
നിവിൻ പോളിയുടെ കരിയറിലെ വൻ ഹിറ്റുകളിൽ ഒന്നാണ് ആക്ഷൻ ഹീറോ ബിജു. 2016 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമയിലെ മിക്ക രംഗങ്ങളും പ്രേക്ഷക മനസ്സിൽ പതിഞ്ഞു. നടൻ സുരാജ് വെഞ്ഞാറമൂടിനും കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞു. എബ്രിഡ് ഷൈനാണ് സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











