'ഈ പുഞ്ചിരിക്ക് കാരണം എലിസബത്ത്, രണ്ട് പേരെയും കാണുന്നതിൽ സന്തോഷം'; ബാല പഴയ സന്തോഷത്തിലേക്കെന്ന് ആരാധകർ
മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച സംഭവമായിരുന്നു നടൻ ബാല അസുഖ ബാധിതനായി ആശുപത്രിയിലായത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലാണ് ബാല. ആദ്യ ദിവസങ്ങളിൽ നടൻ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്. എന്നാൽ പിന്നീട് നടന്റെ ആരോഗ്യ സ്ഥിതിയിൽ മെച്ചം വന്നു. കഴിഞ്ഞ ദിവസമാണ് നടന്റെ കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടന്നത്.
പൊതുവെ കരൾ പകുത്തു നൽകാൻ തയ്യാറാവുന്നവരെയും ഇതിൽ അനുയോജ്യരായവരെയും കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ബാലയുടെ കാര്യത്തിൽ അതുണ്ടായില്ല. നടന് കരൾ പകുത്ത് നൽകാൻ നിരവധി പേർ സന്നദ്ധരായി. ഇതിൽ നിന്നും ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ആരോഗ്യം പതിയെ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ് ബാല. ഭാര്യ എലിസബത്ത് ഒപ്പമുണ്ട്.
ഇപ്പോഴിതാ ബാല പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യക്കൊപ്പം ചെറിയ പുഞ്ചിരിയോടെ നിൽക്കുന്ന ബാലയെയൈണ് ഫോട്ടോയിൽ കാണാനാവുന്നത്. ചികിത്സയിലായതിന്റെ ക്ഷീണം മുഖത്തുണ്ടെങ്കിലും നടൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ ഫോട്ടോ നൽകുന്നെന്ന് ആരാധകർ പറയുന്നു.

ആരോഗ്യം ശ്രദ്ധിക്കൂ, നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നെന്ന് നിരവധി പേർ കമൻറ് ചെയ്തു. ചിലർ ബാലയുടെ ഭാര്യ എലിസബത്തിനെയും അഭിനന്ദിച്ചു. എലിസബത്ത് വളരെ ശക്തയായ സ്ത്രീയാണ്. ബാലയുടെ എല്ലാ മോശം ഘട്ടങ്ങളിലും ഒപ്പം നിന്നു, രണ്ട് പേരെയും ഒരുമിച്ച് കാണുന്നതിൽ സന്തോഷം. ഞങ്ങൾ ഒപ്പമുണ്ടെന്നാണ് ഒരാളുടെ കമന്റ്.
നടന്റെ ആരോഗ്യ സ്ഥിതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആരാധകർ സംശയം ഉന്നയിച്ചിരുന്നു. ആരോഗ്യ ദൃഡഗാത്രനായിരുന്ന ബാലയെയാണ് തുടക്ക കാലത്ത് പ്രേക്ഷകർ കണ്ടത്. എന്നാൽ സിനിമയിൽ നിന്ന് ഇടവേള വന്ന് വർഷങ്ങൾക്കിപ്പുറം ബാലയെ കണ്ട പ്രേക്ഷകർ അമ്പരന്നു. മെലിഞ്ഞ് ക്ഷീണിച്ച ബാലയെയാണ് പ്രേക്ഷകർ കണ്ടത്.
എന്നാൽ ഇതേപറ്റി ചോദ്യങ്ങൾ വന്നപ്പോഴും തന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ബാല തുറന്ന് പറഞ്ഞില്ല. താൻ സിനിമയുടെ ആവശ്യത്തിന് മെലിഞ്ഞതാണെന്നായിരുന്നു ബാലയുടെ വാദം. കഴിഞ്ഞ കുറെ നാളുകളായി ബാല സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയമാണ്. തുടരെയുള്ള അഭിമുഖങ്ങൾ, ട്രോളുകൾ തുടങ്ങിയവ ബാലയെ സജീവ ചർച്ചയാക്കി. അതിനാൽ തന്നെ ബാലയുടെ അസുഖ വിവരം പ്രേക്ഷകരെ വിഷമിപ്പിച്ചു.

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ധനസഹായം നൽകിയത് ബാലയായിരുന്നു. നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ആശുപത്രിയിൽ നിന്നിറങ്ങിയ മോളി കണ്ണമാലി ബാലയെ കണ്ട് നന്ദി പറയുകയും ചെയ്തു. ഈ വാർത്ത പുറത്ത് വന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് ബാല ആശുപത്രിയിലാവുന്നത്. ആശുപത്രിയിലായതിന് പിന്നാലെ ബാലയെ കാണാൻ ആദ്യ ഭാര്യയും മകളും എത്തുകയും ചെയ്തിരുന്നു.
തനിക്ക് മകളെ കാണാൻ പറ്റുന്നില്ലെന്ന് നാളുകളായി പരാതിയായിരുന്നു ബാലയ്ക്ക്. ആദ്യ ഭാര്യ അമൃതയും കുടുംബവും ഇതിന് അനുവദിക്കുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ മകൾക്ക് തന്നെ കാണാൻ താൽപര്യമില്ലെന്നായിരുന്നു അമൃതയുടെ കുടുംബം പറഞ്ഞത്. ഇന്നും ബാല-അമൃത വിവാഹ മോചനം ചർച്ചയാവാറുണ്ട്.
2010 ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് അമൃതയെ ബാല കാണുന്നതും പ്രണയത്തിലാവുന്നതും. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ രണ്ട് പേരും തമ്മിൽ അസ്വാരസ്യമുണ്ടായി. 2019 ഓടെ ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications