ഗർഭിണിയായപ്പോൾ അവൾ ഹാപ്പിയല്ലെന്ന് മനസിലാക്കി, നിന്റെ ഇഷ്‌ടമെന്ന് ഞാനും; വാട്ടർ ബർത്തിനെക്കുറിച്ച് നകുൽ
ചുരുക്കം സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ നടനാണ് നകുൽ ജയദേവ്. നടി ദേവയാനിയുടെ സഹോദരനായ നകുൽ 2003 ൽ പുറത്തിറങ്ങിയ ബോയ്സ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഗായകനായും നകുൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യമായി പാടിയ അന്യൻ എന്ന സിനിമയിലെ ഗാനം വൻ ഹിറ്റായി. കരിയറിൽ ഉയർച്ച താഴ്ചകൾ നകുലിന് ഒരുപോലെ വന്നിട്ടുണ്ട്.
2016 ലാണ് നകുൽ വിവാഹിതനായത്. ശ്രുതി ഭാസ്കർ എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. രണ്ട് മക്കളെയും വാട്ടർ ബർത്തിലൂടെയാണ് ദമ്പതികൾ സ്വീകരിച്ചത്. ശ്രുതി ബാത്ത് ടബ്ബിലൂടെ കുഞ്ഞിനെ ജന്മം നൽകിയ വാർത്ത അന്ന് ചർച്ചയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നകുലും ശ്രുതിയും. ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്ന് ദമ്പതികൾ പറയുന്നു.

വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞാണ് കുഞ്ഞ് വേണമെന്ന് തീരുമാനിച്ചത്. പരസ്പരം അടുത്തറിഞ്ഞു. കുഞ്ഞിന് വേണ്ടി നിർബന്ധിക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അവൾ പറയുമ്പോൾ മതി. ഗർഭിണിയായപ്പോൾ ഡോക്‌ടറും മറ്റ് കാര്യങ്ങളുമാെക്കെയായി സാധാരണ പോലെ പോയി. പക്ഷെ അവൾ ശരിക്കും സന്തോഷവതിയല്ലെന്ന് ഞാൻ മനസിലാക്കി. എന്തോ സംശയവും ഭയവും ഉണ്ടായിരുന്നു. എനിക്ക് ഭയമാണെന്ന് പറഞ്ഞു. കൊവിഡ് സമയമായിരുന്നു.
അവൾ തന്നെ റിസേർച്ച് ചെയ്യാൻ തുടങ്ങി. ഓ ഇങ്ങനെയൊക്കെയുണ്ടോയെന്ന് എനിക്ക് തോന്നി. ഞാനും ഒരുപാട് കാര്യങ്ങൾ പഠിച്ചു. നീ ഹാപ്പിയായിരിക്കണം, അവർക്ക് വേണ്ടിയോ ഇവർക്ക് വേണ്ടിയോ ചെയ്തെന്ന് തോന്നരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് തന്ന മെറ്റീരിയിൽസെല്ലാം വായിച്ച് നോക്കിയപ്പോൾ അത്ഭുതകരമായും ഇങ്ങനെ ജനിച്ചാൽ മതിയായിരുന്നെന്നും തോന്നി. ഭാര്യയുടെ തീരുമാനത്തെ താൻ പിന്തുണച്ചെന്നും നകുൽ വ്യക്തമാക്കി. ഇതേക്കുറിച്ച് ശ്രുതിയും സംസാരിച്ചു.

തീരുമാനത്തെക്കുറിച്ച് പലരും ആശങ്കപ്പെട്ടു. പുറത്ത് നിന്നുള്ളവർക്ക് അത്രയും ആശങ്കയുണ്ടെങ്കിൽ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കുന്ന ഞങ്ങൾ എത്രമാാത്രം ആലോചിച്ചിരിക്കും. ഞങ്ങളും ഒരുപാട് റിസേർച്ച് ചെയ്യുകയും നിരവധി പേരോട് സംസാരിക്കുകയും ചെയ്തു. എനിക്ക് ശരിയായി തോന്നിയത് കൊണ്ടാണ് കുഞ്ഞിന് ഇത്തരത്തിൽ ജന്മം നൽകുന്നെന്നും ശ്രുതി വ്യക്തമാക്കി.
ഒരു ജോലിക്ക് പോകുമ്പോൾ നിങ്ങളുടെ ഉത്തരവാദിത്തമെന്തെന്ന് എച്ച് ആർ നമുക്ക് പറഞ്ഞ് തരും. ഇതും ജീവിതകാലം മുഴുവനുമുള്ള ഉത്തരവാദിത്തമാണ്. ജോലി വേണ്ടെങ്കിൽ ഉപേക്ഷിച്ച് പോകാം. അച്ഛനമ്മമാർക്ക് അത് പറ്റില്ല. അതിനാൽ എല്ലാം മനസിലാക്കണമെന്നും അതിന് ശേഷമാണ് കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കേണ്ടതെന്നും ശ്രുതി ചൂണ്ടിക്കാട്ടി.
പങ്കാളിയിൽ സന്തോഷം കാണുന്നുണ്ടെങ്കിൽ സഹായിക്കാൻ പറ്റുന്ന രീതിയിൽ സഹായിക്കണം. ഉദാഹരണത്തിന് ശ്രുതിക്ക് കുഞ്ഞുങ്ങൾ വേണ്ടെങ്കിൽ എന്ത് ചെയ്യാൻ പറ്റും. എനിക്കവളെ നിർബന്ധിക്കാൻ പറ്റില്ല. പരസ്പരം ധാരണയിലെത്തും. അങ്ങനെയാണ് തങ്ങൾ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നകുൽ വ്യക്തമാക്കി.
കുഞ്ഞിനെ ആദ്യമായി കൈയിലെടുത്തതിനെക്കുറിച്ചും നകുൽ സംസാരിച്ചു. ജീവിതത്തിൽ കണ്ട് ഏറ്റവും നല്ല മനുഷ്യ ജീവനായിരുന്നു. ആറാം മാസം മുതൽ ഞാൻ വയറിനോട് സംസാരിക്കുമായിരുന്നു. എങ്ങനെയുണ്ട്, പപ്പ നിന്നെ വെയ്റ്റ് ചെയ്യുകയാണ് എന്നൊക്കെ പറയുമായിരുന്നു. കുഞ്ഞിനെ അച്ഛൻ ആദ്യമായി കാണുന്ന നിമിഷം വിശദീകരിക്കാൻ പറ്റില്ല. ശുദ്ധമായ സ്നേഹമാണത്. പെൺകുഞ്ഞായിരുന്നു ഞങ്ങൾക്ക് വേണ്ടത്. ഭാഗ്യത്തിന് പെൺകുഞ്ഞാണ് പിറന്നതെന്നും നകുൽ വ്യക്തമാക്കി.


Click it and Unblock the Notifications











