നിങ്ങളെയല്ല, റഹ്മാനെ കാണണം, പ്രധാന ഹീറോകളോട് ജനം; കോളേജ് കാലഘട്ടമില്ലാത്തത് റഹ്മാനെ ബാധിച്ചതിങ്ങനെ; മുകേഷ്
മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് റഹ്മാനുണ്ടാക്കിയ തരംഗം ചെറുതല്ല. റൊമാന്റിക് ഹീറോയായി ആഘോഷിക്കപ്പെട്ട റഹ്മാന് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും വലിയ സ്വീകാര്യതയാണ് തുടക്ക കാലത്ത് തന്നെ റഹ്മാന് ലഭിച്ചത്. പ്രഗൽഭരായ നിരവധി സംവിധായകരുടെ സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. തുടക്ക കാലത്ത് തരംഗമായെങ്കിലും കാലക്രമേണ റഹ്മാനെ തേടി പരാജയങ്ങളെത്തി. അതേസമയം കരിയറിലെ വീഴ്ചയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്താൻ റഹ്മാൻ തയ്യാറല്ല.
കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തപ്പോൾ കരിയറിനുള്ള പ്രാധാന്യം കുറഞ്ഞെന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാനെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. റഹ്മാന്റെ താരത്തിളക്കമുള്ള കാലഘട്ടത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ശങ്കറിന്റെ വേറൊരു തരത്തിലുള്ള ആളാണ് റഹ്മാൻ. നിഷകളങ്കനാണ്. പല സന്ദർഭങ്ങളിലും പുള്ളി പെരുമാറുന്നത് കണ്ടാൽ ഇയാൾ ഇത്രയും നിഷ്കളങ്കനാണോ എന്ന് തോന്നും.

റഹ്മാൻ അത്രയും ഇന്നസെന്റാകാൻ പ്രധാന കാരണം സിനിമയിലേക്കുള്ള റഹ്മാന്റെ എൻട്രിയാണ്. അങ്ങനെയാെരു മുത്തശ്ശി കഥ പോലും നമ്മൾ കേട്ടിട്ടില്ല. അങ്ങനെയൊരു സംഭവം ഒരാളുടെ ജീവിതത്തിൽ വരുമോ എന്ന് നമ്മൾക്ക് തോന്നിപ്പോകും. പത്മരാജൻ ചേട്ടന്റെ കൂടെവിടെ എന്ന സിനിമ. മമ്മൂട്ടിക്കും സുഹാസിനിക്കും പുറമെ മൂന്നാമത്തെ റോളിലേക്ക് ഒരാളെ തീരുമാനിച്ച് ഊട്ടിയിലേക്ക് ഷൂട്ടിംഗിന് പോയി.
ഈ പയ്യൻ ശരിയാകുന്നില്ല. ഗംഭീരമായ സീനുകളുള്ള മുഴുനീളെ ശക്തനായ കഥാപാത്രമാണ്. കൊണ്ട് വന്ന പയ്യൻ ആ നിലയിലേക്ക് ഉയരുന്നില്ല. എന്ത് ചെയ്യുമെന്ന് ആശങ്കയായി. ഈ പയ്യന് സാധിക്കില്ലെന്ന് മനസിലായി. ഷൂട്ടിംഗിന് വന്ന ഊട്ടിയിലെ സ്കൂളിൽ റഹ്മാൻ പഠിക്കുന്നുണ്ട്. സിനിമയുമായി ഒരു ബന്ധവുമില്ല. കുറച്ച് വികൃതിയാണ്. അടിച്ച് പൊളിക്കുന്ന പയ്യൻ.

റഹ്മാനെ ഈ സിനിമയിലേക്ക് പത്മരാജൻ തെരഞ്ഞെടുക്കുകയായിരുന്നെന്നും മുകേഷ് ഓർത്തു. അന്ന് റഹ്മാനെ പോലൊരു പയ്യനെ മലയാളികൾ കണ്ടിട്ടില്ല. അന്ന് ഡാൻസ് ചെയ്യുന്ന നായകൻമാർ വളരെ കുറവാണ്. അപ്പോഴാണ് ഒരു പയ്യൻ വന്ന് ഗംഭീരമായി ഡാൻസ് ചെയ്യുന്നത്. കാണാൻ തറവാടിത്തമുള്ള മുഖം. ഇതൊക്കെ വന്നപ്പോഴേക്കും മലയാളികൾ ഏറ്റെടുത്തു.
സ്കൂളിലേക്ക് തിരിച്ച് പോയി പഠനം പൂർത്തീകരിക്കാൻ തന്നെ പ്രയാസമായി. അപ്പോൾ നഷ്‌ടപ്പെട്ടത് കോളേജ് ഡേയ്സാണ്. കോളേജ് സമയത്തെ ഇടപഴകലും മറ്റുമാണ് നമ്മളെ പ്രാപ്തരാക്കുന്നത്. എന്നാൽ ആ കാലഘട്ടം മുഴുവൻ റഹ്മാൻ സിനിമയിലെ വേണ്ടപ്പെട്ട നായകനാണ്. അച്ഛനും അമ്മയും ഗൾഫിലാണ്. ഗൾഫിൽ നിന്ന് ഡ്രസുകൾ വരുന്നു. മസ്ഡ എന്ന ഫോറിൻ കാർ അക്കാലത്ത് റഹ്മാന് മാത്രമായിരുന്നെന്നും മുകേഷ് പറയുന്നു.
റഹ്മാനെക്കുറിച്ചുള്ള മറ്റൊരു ഓർമ്മയും മുകേഷ് പങ്കുവെച്ചു. കോട്ടയത്താണ് ഷൂട്ടിംഗ്. താമസിക്കുന്ന ഹോട്ടലിലെ മുറിയിൽ ബാൽക്കണിയുണ്ട്. ആൾക്കാർ താഴെ വന്ന് ഭയങ്കര ബഹളം. സിനിമയിലുള്ള പ്രധാന ഹീറോകൾ ഒന്ന് രണ്ട് പേരുണ്ടായിരുന്നു. പുതിയ ആളായ റഹ്മാനെ കാണാൻ ഇത്രയും ആളുകൾ ബഹളമുണ്ടാക്കേണ്ടല്ലല്ലോ എന്ന് അവർ വിചാരിച്ചു.
അവരെ നിർബന്ധിച്ച് ബാൽക്കണിയിലേക്ക് കൊണ്ട് വന്നു. രണ്ട് പേരും വന്ന് കൈ കാണിച്ചു. താഴെ നിന്ന ആൾക്കാർ എല്ലാവരെയും ഞെട്ടിച്ച് നിങ്ങളെയല്ല, റഹ്മാനെ കാണണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, റഹ്മാന്ഡ വന്ന് കൈ കാണിച്ചപ്പോഴേക്കും ആളുകൾക്ക് ഭയങ്കര സന്തോഷമായി. കോളേജ് കാലഘട്ടം നഷ്ടപ്പെട്ടതിനാൽ ആളുകളോട് ഇടപഴകുമ്പോൾ നിഷ്കളങ്കത കാരണം പലപ്പോഴും നടൻ അബദ്ധങ്ങൾ പറഞ്ഞിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി.


Click it and Unblock the Notifications











