ബ്രേക്കപ്പിനിടെയുണ്ടായ മറ്റൊരു പ്രശ്നം; തെറാപ്പി വേണ്ടി വന്നു; ചേരാൻ പാടില്ലാത്തവർ ചേർന്നപ്പോൾ; അനുമോൾ
അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ് അനുമോൾ ഇന്ന്. കരിയറിന്റെ തുടക്കകാലം മുതൽ മികച്ച സിനിമകളുടെ ഭാഗമാകാൻ അനുമോൾക്ക് കഴിഞ്ഞു. പാരലൽ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച അനുമോൾ അയലി എന്ന തമിഴ് സീരീസിലൂടെയാണ് അടുത്തിടെ ഏറെ പ്രശംസ നേടിയത്. അടുത്ത കാലത്തായി ക്യാരക്ടർ റോളുകളിലും അനുവിനെ കൂടുതലായി പ്രേക്ഷകർ കാണുന്നുണ്ട്.
തന്റെ ജീവിതത്തെക്കുറിച്ച് നേരത്തെ ചില അഭിമുഖങ്ങളിൽ അനുമോൾ സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ മരണത്തെക്കുറിച്ചും ചെറുപ്പകാലം മുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതിനെക്കുറിച്ചും അനുമോൾ തുറന്ന് പറയുകയുണ്ടായി. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ തനിക്കുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് അനുമോൾ ഇപ്പോൾ. ബ്രേക്കപ്പിന് ശേഷം തനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അനുമോൾ പറയുന്നു.

നമ്മളുടെ സന്തോഷങ്ങൾ നമ്മൾ നോക്കണം. നമ്മളായിരിക്കണം പ്രഥമ പരിഗണന. ഞാൻ ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് എന്റെ എല്ലാ സുഹൃത്തുക്കളെയും രക്ഷിക്കും. പക്ഷെ സ്വന്തം കാര്യത്തിൽ അങ്ങനെയൊരു സ്ഥലത്ത് പോയി ലോക്കാവും. ബ്രേക്ക് അപ്പിന് ശേഷം വളരെ മോശം സ്ഥിതിയായിരുന്നു. തെറാപ്പി ചെയ്തു. എന്നാൽ അയാൾ മോശമാണെന്നോ ടോക്സിക്കാണെന്നോ ഞാൻ പറയില്ല.
പക്ഷെ ഒരിക്കലും ചേരാൻ പറ്റാത്ത രണ്ട് പേർ ചേർന്നാലുണ്ടാകുന്ന പ്രശ്നമായിരുന്നു. പ്രണയത്തിലായിരുന്നപ്പോൾ സ്വന്തം കാര്യങ്ങളെല്ലാം കുറച്ച് കാലത്തേക്ക് മാറ്റി വെച്ചിരുന്നെന്നും അനുമോൾ വ്യക്തമാക്കി. അച്ഛനെ പോലെയൊരാളെ പങ്കാളിയായി തപ്പിയിരുന്ന ആളാണ് ഞാൻ. അങ്ങനെയല്ലെന്നും നടി തുറന്ന് പറഞ്ഞു. ബ്രേക്കപ്പിനൊപ്പം തനിക്കുണ്ടായ മറ്റൊരു പ്രശ്നത്തെക്കുറിച്ചും അനുമോൾ സംസാരിച്ചു. വീട് പുതുക്കി പണിയാൻ വേണ്ടി വീട് പൊളിച്ചിട്ടു. പണി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ക്രോൺട്രാക്ടർ നമ്മളെ പറ്റിക്കുകയാണെന്ന് മനസിലായി.

വലിയൊരു തുക നഷ്‌ടപ്പെട്ടു. കേസായി. വല്ലാത്ത സമയമായിരുന്നു. പിന്നീട് തുടരെ സിനിമകൾ ചെയ്തു. വീട് പണി പൂർത്തിയായെന്നും അനുമോൾ വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ തനിക്ക് വന്നിട്ടില്ലെന്നും അച്ഛന്റെ സാന്നിധ്യം തനിക്കൊപ്പമുള്ളതായി തോന്നുന്നുണ്ടെന്നും അനുമോൾ വ്യക്തമാക്കി.
സിനിമാ രംഗത്ത് മാർക്കറ്റ് മൂല്യം നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾക്ക് തനിക്ക് പലപ്പോഴും എതിർപ്പ് തോന്നിയിട്ടുണ്ടെന്നും അനുമോൾ പറയുന്നു. 2020 വരെ നമ്മൾ ഇന്റർവ്യൂകൊടുക്കുകയും പിആർ ചെയ്യുകയും വേണ്ടെന്നാണ് ഞാൻ കരുതിയത്. സിനിമകൾ സംസാരിക്കട്ടെ എന്നായിരുന്നു ചിന്ത. ഞാനിതുവരെ പോർട്ട്ഫോളിയോ ഷൂട്ട് ഇതുവരെ ചെയ്തിട്ടില്ല. സിനിമ കണ്ടിട്ട് അടുത്ത സിനിമയിലേക്ക് വിളിക്കൂ, ഫോട്ടോ ഷൂട്ട് കണ്ടിട്ട് കാസ്റ്റ് ചെയ്യേണ്ട എന്നാണ് ധരിച്ചത്.
ഇപ്പോഴും എന്റെ വിശ്വാസം അതുതന്നെയാണ്. അയലി എന്ന സിനിമ കണ്ട് എന്നെ അമ്മ റോളുകൾക്ക് വിളിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് ചെയ്ത് അമ്മ ഇമേജ് ബ്രേക്ക് ചെയ്യാനാണ് ഇപ്പോൾ ആളുകൾ എന്നോട് പറയുന്നത്. കേൾക്കുമ്പോൾ സെൻസിബിളായി തോന്നും. പക്ഷെ എന്റെ വർക്ക് കണ്ടിട്ടല്ലേ വിളിക്കേണ്ടത് എന്നാണ് തന്റെ ഉള്ളിലെ ചിന്തയെന്നും അനുമോൾ വ്യക്തമാക്കി.
കരിയറിലെ തുടക്കകാലത്തെ പോലെ ശക്തമായ കഥാപാത്രങ്ങൾ ഇന്ന് തനിക്ക് ലഭിക്കുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴകത്ത് അഭിനയത്തിൽ തുടക്കം കുറിച്ച അനുമോൾ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്. പിന്നീട് ഞാൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം നടിക്ക് ലഭിച്ചു.


Click it and Unblock the Notifications