'മകൾ ഒരു ഡ്രസ് ചോദിച്ചാൽ ഭർത്താവ് പത്തെണ്ണം വാങ്ങി നൽകും; എന്റെ സാരികൾ തെരഞ്ഞെടുക്കുന്നത് അദ്ദേഹം'
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്നും സജീവമാണ് നടി ലക്ഷ്മി. 70 വയസ്സിലും ശ്രദ്ധേയ വേഷങ്ങൾ ലക്ഷ്മിയെ തേടിയെത്തുന്നു. അഭിനയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നടിയായാണ് സിനിമാ ലോകം ലക്ഷ്മിയെ കാണുന്നത്. ഒരുകാലത്ത് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ മുൻനിര നായിക നടിയായിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ വ്യക്തി ജീവിതം അക്കാലത്ത് വലിയ തോതിൽ ചർച്ചയായി. മൂന്ന് വിവാഹങ്ങൾ ലക്ഷ്മിയുടെ ജീവിതത്തിൽ നടന്നു.
ആദ്യ ബന്ധത്തിൽ ലക്ഷ്മിക്ക് ജനിച്ച മകളാണ് നടി ഐശ്വര്യ ഭാസ്കർ. ആദ്യ ഭർത്താവ് ഭാസ്കറുമായി വേർപിരിഞ്ഞ ശേഷം നടൻ മോഹൻ ശർമ്മയെ ലക്ഷ്മി വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ഇതിന് ശേഷമാണ് നടനും സംവിധായകനുമായ എം ശിവചന്ദ്രനെ ലക്ഷ്മി വിവാഹം ചെയ്യുന്നത്. 1987 ലായിരുന്നു വിവാഹം. 2000 ൽ സംയുക്ത എന്ന പെൺകുഞ്ഞിനെ ദമ്പതികൾ മകളായി എടുത്ത് വളർത്തി.

37 വർഷത്തെ തന്റെ സന്തോഷകരമായ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മിയിപ്പോൾ. രണ്ട് പേർക്കും ഒരേ മൈൻഡ് സെറ്റാണ്. ഒരുകാര്യത്തിൽ വഴക്ക് നടന്നാൽ രണ്ട് പേരും പിടിവാശി കാണിക്കും. അദ്ദേഹം സോറി പറയും. ഞാൻ പറയില്ല. എന്ത് വന്നാലും രാത്രി വഴക്കിട്ട് ഉറങ്ങരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. സോറി പറഞ്ഞ് കോംപ്രമൈസ് ചെയ്യും. വഴക്ക് പരിഹരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.
കാരണം പഴയ കാര്യങ്ങൾ ഓർത്ത് വെച്ച് വീണ്ടും പ്രശ്നമുണ്ടാക്കുന്ന സ്വഭാവം എല്ലാ ഭാര്യമാർക്കുമുണ്ട്. ഒരു പ്രായത്തിനപ്പുറം നമ്മൾ അമ്മമാരാവും, അവർ അച്ഛൻമാരും. പക്വത വരുന്തോറും ദേഷ്യവും വഴക്കും കുറയും. അദ്ദേഹത്തോട് എന്തെങ്കിലും വാങ്ങാൻ പറഞ്ഞാൽ കടയിലുള്ള എല്ലാം വാങ്ങിക്കൊണ്ട് വരും. എന്റെ മകളും (സംയുക്ത) അക്കാര്യം പറയും.

ഒരു ഡ്രസ് ചോദിച്ചാൽ പത്ത് ഡ്രസുകൾ വാങ്ങിക്കൊടുക്കും. 37 വർഷമായി ഞാൻ ധരിക്കുന്ന സാരിയെല്ലാം അദ്ദേഹമാണ് സെലക്ട് ചെയ്യുന്നത്. എനിക്ക് സാരി സെലക്ട് ചെയ്യാനൊന്നും താൽപര്യമില്ല. അദ്ദേഹത്തിന് ആ ടേസ്റ്റ് ഉണ്ട്. ആഭരണം പോലും ഞാൻ തനിയെ വാങ്ങാറില്ല. ധാരാളം സ്വർണം ധരിച്ച് എന്നെ എവിടെയും നിങ്ങൾ കാണില്ല. അതുപോലെ ബോറായ മറ്റൊന്നുമില്ല. അതേസമയം ഡയറ്റ്, വ്യായാമം, യോഗ എന്നിവയിൽ ഞാൻ ശ്രദ്ധാലുവാണ്.
അഴക് ഉള്ളിൽ നിന്ന് വരാതെ പുറമേക്ക് എന്തെങ്കിലും പൂശിയിട്ട് കാര്യമില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. അവൾ വികടൻ ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ ഐശ്വര്യയും തമ്മിൽ അസ്വാരസ്യമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അമ്മയെ ആശ്രയിച്ച് ജീവിക്കില്ലെന്ന് തീരുമാനിച്ച ഐശ്വര്യ ഉപജീവനമാർഗത്തിനായി സോപ്പ് നിർമാണത്തിലേക്ക് വരെ കടന്നു. അമ്മയേക്കാളും അമ്മൂമ്മയുമായാണ് ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മക്കളുടെ സംരക്ഷണം ലഭിക്കണമെന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കരുതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. മക്കൾ നമ്മളെ നോക്കിയാൽ നോക്കട്ടേ. അല്ലെങ്കിൽ പോട്ടെ. അവരെ പ്രതീക്ഷിച്ചല്ല ജീവിക്കേണ്ടത്. വിദ്യാഭ്യാസം നൽകി അവരെ അവരുടെ വഴിക്ക് വിടുക. സമ്പാദ്യങ്ങൾ മുഴുവനായും അവർക്ക് കൊടുക്കേണ്ടതില്ല ലക്ഷ്മി അഭിപ്രായപ്പെട്ടു.
അവസാന കാലത്തെ ആശുപത്രി വാസം ഓർത്തെങ്കിലും പണം കരുതിവെക്കണമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. ലക്ഷ്മിയുടെ മകൾ ഐശ്വര്യ ഭാസ്കർ സീരിയൽ രംഗത്ത് ഇപ്പോൾ സജീവമാണ്. ഐശ്വര്യയെക്കുറിച്ച് പൊതുവെ അഭിമുഖങ്ങളിലൊന്നും ലക്ഷ്മി സംസാരിക്കാറില്ല.


Click it and Unblock the Notifications











