21 വർഷമായി ഇവിടെയാണ്; ഒപ്പം സഹോദരനും ഉണ്ട്; ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് നന്ദിനി
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് നന്ദിനി. മലയാളികൾക്ക് നന്ദിനിയാണെങ്കിൽ തമിഴ് പ്രേക്ഷകർക്ക് നടി കൗസല്യയാണ്. ഏപ്രിൽ 19 എന്ന മലയാള സിനിമയിലൂടെയാണ് നന്ദിനി അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. ഇതോടെ കവിത എന്ന യഥാർത്ഥ പേര് മാറ്റി നന്ദിനി എന്ന പേരിൽ നടി സിനിമാ ലോകത്ത് അറിയപ്പെട്ടു. കാലമെല്ലാം കാതൽ വാഴ്ക എന്ന സിനിമയിലൂടെയാണ് തമിഴകത്തേക്ക് നടി കടക്കുന്നത്.
ഈ ചിത്രത്തിലെ നായിക കഥാപാത്രത്തിന്റെ പേരാണ് കൗസല്യ. സിനിമ ഹിറ്റായതോടെ കൗസല്യ എന്ന പേരിൽ തമിഴകത്ത് അറിയപ്പെട്ടു. കുറച്ച് വർഷങ്ങൾ മാത്രമേ അഭിനയ രംഗത്ത് തുടർന്നുള്ളൂയെങ്കിലും ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ നന്ദിനിക്ക് കഴിഞ്ഞു.

കരുമാടിക്കുട്ടൻ, ലേലം, അയാൾ കഥയെഴുതുകയാണ്, സുന്ദര പുരുഷൻ, വജ്രം തുടങ്ങിയവയാണ് നന്ദിനി ചെയ്ത മലയാള സിനിമകൾ. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ നന്ദിനി അഭിനയിച്ചു. വർഷങ്ങളായി സിനിമാ രംഗത്ത് നന്ദിനി സജീവമല്ല. നടി എവിടെയാണെന്ന് ഏറെക്കാലം ആരാധകർ അറിഞ്ഞതുമില്ല. ഇപ്പോഴിതാ തന്റെ വീട് പരിചയപ്പെടുത്തിയിരിക്കുകയാണ് നന്ദിനി. ബാംഗ്ലൂരിൽ തിരക്കുകളിൽ നിന്നെല്ലാം മാറി ജീവിക്കുകയാണ് നന്ദിനി.
21 വർഷമായി ഈ വീട്ടിലാണ് താമസിക്കുന്നതെന്ന് നന്ദിനി പറയുന്നു. അച്ഛനും അമ്മയും നടിക്കൊപ്പമുണ്ട്. മുകളിലത്തെ നിലയിൽ സഹോദരനും കുടുംബവും താമസിക്കുന്നു. വാസ്തുവിന് വലിയ പ്രാധാന്യം കൊടുത്താണ് വീട് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. വീടിന്റെ ഹാളിന്റെ മുകൾ ഭാഗം പിരമിഡ് ആകൃതിയിലാണ്.
പോസിറ്റിവിറ്റിക്കാണ് ഇങ്ങനെ നിർമ്മിച്ചതെന്ന് നന്ദിനി പറയുന്നു. ഹാളിൽ വാസ്തു പ്രകാരം നിരവധി ക്രമീകരണങ്ങൾ നന്ദിനി നടത്തിയിട്ടുണ്ട്.
ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന്റെ ഹോം ടൂർ വീഡിയോയിലാണ് നന്ദിനി വീട് പരിചയപ്പെടുത്തിയത്. ഹാളും വീടിന്റെ പുറംഭാഗവും മാത്രമേ വീഡിയോയിൽ കാണിക്കുന്നുള്ളൂ.
വീട്ടിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും നന്ദിനി സംസാരിച്ചു.
മുമ്പ് കൂട്ടുകുടുംബത്തിലാണ് താമസിച്ചിരുന്നത്. സ്വകാര്യത ഇല്ലായിരുന്നു. ഇന്ന് സ്വകാര്യത ലഭിക്കുന്നുണ്ടെന്ന് നന്ദിനി വ്യക്തമാക്കി.

വീട്ടിൽ വളർത്ത് മൃഗങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ചും നന്ദിനി സംസാരിച്ചു. അരുമ മൃഗങ്ങളെ പേടിയുണ്ട്, മാത്രവുമല്ല സ്വാതന്ത്ര്യം കൊടുക്കാതെ അവയെ വളർത്തുന്നതിനോട് താൽപര്യമില്ല. ഒരു ഫിഷ് ടാങ്കിലെ മീനിന്റെ ജീവിതം മുഴുവനും ആ ടാങ്കിൽ മാത്രമാണ്. അങ്ങനെ ചെയ്യാൻ പാടില്ലെന്നും നന്ദിനി വ്യക്തമാക്കി. ബാംഗ്ലൂരിൽ ബൊട്ടാണിക്കൽ ഗാർഡനിൽ ഇടയ്ക്ക് പോകാറുണ്ട്. മാളുകളിൽ പോകുന്നത് തനിക്കിഷ്ടമാണ്. മാളുകളിൽ ചുറ്റിക്കറങ്ങാറുണ്ടെന്നും നന്ദിനി വ്യക്തമാക്കി.
താനഭിനയിച്ച ഇഷ്ട സിനിമകളെക്കുറിച്ചും നന്ദിനി സംസാരിച്ചു. അയാൾ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ, ബദ്രി എന്ന കന്നഡ സിനിമയാെക്കെ തനിക്ക് ഇഷ്ടമാണെന്ന് നന്ദിനി പറഞ്ഞു. 43 കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. ഇതേക്കുറിച്ച് നടി അടുത്തിടെ സംസാരിക്കുകയുണ്ടായി.
താൻ പ്രതീക്ഷിക്കുന്നത് പോലെയൊരാളെ ഇതുവരെ കണ്ട് മുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം ചെയ്യും. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഏറെക്കാലമായി കഴിയുന്നത്. അവർക്ക് ഞാനില്ലാതെ പറ്റില്ല. അവരെ വിട്ട് പോകാൻ തനിക്കും കഴിയില്ലെന്നും നന്ദിനി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











