അമ്പിളി ചേട്ടനോടൊപ്പം ആദ്യത്തെ സീൻ തെറ്റി; മേരിക്കുണ്ടൊരു കുഞ്ഞാട് കഴിഞ്ഞ് പറഞ്ഞത്; പൊന്നമ്മ ബാബു
മയിലാട്ടം, കൺമഷി, മേരിക്കുണ്ടൊരു കുഞ്ഞാട്, അത്ഭുത ദ്വീപ് തുടങ്ങി നിരവധി സിനിമകളിൽ പൊന്നമ്മ ബാബുവും ജഗതി ശ്രീകുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ഇന്നും ചർച്ചയാവുന്നതാണ് നടൻ ജഗതി ശ്രീകുമാറിന്റെ അഭാവം. പത്ത് വർഷത്തോളമായി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ജഗതിയെ ഇപ്പോഴും നിരവധി താരങ്ങൾ ഓർക്കുന്നു. ജഗതിയെക്കുറിച്ച് പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പകരം വെക്കാനില്ലാത്ത നടനാണ് ജഗതി ശ്രീകുമാറെന്ന് പൊന്നമ്മ ബാബു പറഞ്ഞു. അമൃത ടിവിയോടാണ് പ്രതികരണം.
'അമ്പിളി ചേട്ടനെക്കുറിച്ച് പറയാൻ വാക്കുകളില്ല. ആദ്യം അഭിനയിക്കുന്നത്. വാഴുന്നോർ എന്ന സിനിമയിലാണ്. അതിൽ റിഹേഴ്സലിൽ കാണിച്ചതല്ല ടേക്കിൽ കാണിക്കുന്നത്. ടേക്കിൽ കാണിച്ച ഭാവം കണ്ട് ഞാൻ ചിരിച്ച് പോയി. പിന്നീട് പടങ്ങൾ കുറേ ചെയ്തപ്പോൾ മനസ്സിലായി'
'പുള്ളിയുടേതായ കുറേ കാര്യങ്ങൾ സീനിലിടും. ഇന്നത്തെ ജനറേഷന് സിനിമ അഭിനയിക്കാൻ എളുപ്പമാണ്. ഞങ്ങളൊക്കെ അഭിനയിക്കുമ്പോൾ ക്യാമറയുടെ ശബ്ദമുണ്ട്. അന്നത്തെ കാലത്ത് ഡയലോഗ് പറയുന്നില്ലെങ്കിൽ അവരെ വിളിക്കേണ്ട, ഫിലിം തിന്നുന്നെന്ന് പറയും. ഇന്ന് അതില്ല'

'അമ്പിളി ചേട്ടന് നന്നായിട്ട് അഭിനയിക്കുന്നവരെ എപ്പോഴും ഇഷ്ടമാണ്. കാരണം മയിലാട്ടം, കൺമഷി, മേരിക്കുണ്ടൊരു കുഞ്ഞാട്, അത്ഭുത ദ്വീപ് തുടങ്ങി കുറേ സിനിമകളിൽ ഞങ്ങൾ മത്സരിച്ചഭിനയിച്ചിട്ടുണ്ട്. ഒരു സീനിൽ ഞാൻ അമ്പിളി ചേട്ടനെക്കാളും കവർ ചെയ്താൽ ആ സീൻ പൊന്നമ്മ കൊണ്ടുപോയെന്ന് അമ്പിളി ചേട്ടൻ പറയും'
'അതാണ് അമ്പിളി ചേട്ടന്റെ മനസ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ എന്നെ പിറകിൽ നിന്ന് വിളിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട് ഡബ് ചെയ്തു. കലക്കിയിട്ടുണ്ട് കേട്ടോ. വൃത്തിയായിട്ടുണ്ടെന്ന് പറഞ്ഞു'

'ഇപ്പോഴും ഞാൻ ഇടയ്ക്ക് അമ്പിളി ചേട്ടനെ കാണാറുണ്ട്. അമ്പിളി ചേട്ടന്റെ കോമഡി കണ്ടാൽ ഇന്നും നമ്മൾ ചിരിക്കും. ആ സ്ഥാനത്തേക്ക് വേറെ ആരും വന്നിട്ടില്ല. കലാഭവൻ മണി, എൻ എഫ് വർഗീസ്, രാജൻ പി ദേവ് തുടങ്ങിയവരൊക്കെ ഏതോ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടെന്നാണ് ഞാനിപ്പോഴും ഓർക്കാനിഷ്ടപ്പെടുന്നത്,' പൊന്നമ്മ ബാബു പറഞ്ഞു.
വാഹനാപകടത്തിന് ശേഷമാണ് ജഗതി ശ്രീകുമാർ അഭിനയ രംഗത്ത് നിന്നും മാറിയത്. ഇടയ്ക്ക് സിബിഐ 5 എന്ന സിനിമയിൽ മാത്രം മുഖം കാണിച്ചു. സിനിമകളിൽ തിരക്ക് പിടിച്ച് അഭിനയിക്കുന്ന കാലഘട്ടത്തിലാണ് ജഗതിക്ക് അപകടം പറ്റുന്നത്. ജഗതിയുടെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ച് മകൾ പാർവതി അടുത്തിടെ സംസാരിച്ചിരുന്നു.

മുമ്പത്തേതിൽ നിന്നും നല്ല മാറ്റമുണ്ടെന്നും പഴയ ജഗതി ശ്രീകുമാറിനെ തിരിച്ച് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പാർവതി വ്യക്തമാക്കി. ആദ്യം കിടന്ന കിടപ്പിലായിരുന്നയാൾ ഇന്ന് പറയുന്നതിനോട് പ്രതികരിക്കുന്നെങ്കിലുമുണ്ട്. അച്ഛനെ നല്ല രീതിയിലാണ് നോക്കുന്നത്. സിനിമകളിൽ തിരക്ക് പിടിച്ച് അഭിനയിച്ചയാളാണ്, ഇനി വിശ്രമിക്കട്ടെയെന്നും പാർവതി അഭിപ്രായപ്പെട്ടു.
പൊന്നമ്മ ബാബു അടുത്തിടെ സിനിമാ രംഗത്തുള്ള യുവ തലമുറയെ പറ്റി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. യുവതലമുറയിലെ പലർക്കും ബഹുമാനക്കുറവുണ്ടെന്നും മുതിർന്ന ആർട്ടിസ്റ്റുകളുള്ള സെറ്റിൽ പോലും ഉറക്കെച്ചിരിക്കുകയാണെന്നും പൊന്നമ്മ ബാബു കുറ്റപ്പെടുത്തി.
പൃഥിരാജ്, ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ മക്കൾക്ക് കുഴപ്പമില്ല. ഇന്നലെ വന്നവർക്കാണ് പ്രശ്നമെന്നും പൊന്നമ്മ ബാബു പറഞ്ഞു. പരാമർശത്തിൽ നടിക്കെതിരെ വിമർശനവും വന്നിരുന്നു. സോഷ്യൽ മീഡിയയുടെ പൊന്നമ്മ ബാബുവിന്റെ വാക്കുകൾ ട്രോളുകളുമായി. സിനിമകളിൽ ഇന്ന് പഴയത് പോലെ സജീവമല്ല പൊന്നമ്മ ബാബു. ഇടയ്ക്ക് ടെലിവിഷനിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











