'സുരേഷിന്റെ അമ്മയോട് പറഞ്ഞു; പിരിഞ്ഞിട്ട് അഞ്ച് വർഷത്തിന് ശേഷം തിരിച്ച് വരണോയെന്ന് സംസാരിച്ചു'; രേവതി പറഞ്ഞത്
സിനിമാ ലോകത്ത് അന്നും ഇന്നും തന്റേതായ സ്ഥാനമുള്ള നടിയാണ് രേവതി. എൺപതുകളിൽ തമിഴകത്ത് ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു രേവതി. അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുത്ത രേവതിക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. കരിയറിലെ ഒരു ഘട്ടത്തിൽ സംവിധാനത്തിലേക്കും രേവതി കടന്നു. നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ഒരുപിടി സിനിമകൾ രേവതി സംവിധാനം ചെയ്തു.
ഭൂതകാലം എന്ന മലയാള സിനിമയിലാണ് രേവതിക്ക് അടുത്ത കാലത്ത് അഭിനേത്രിയെന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞത്. കരിയറിനൊപ്പം രേവതിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 1986 ൽ വിവാഹിതരായ ഇരുവരും പിന്നീട് അകന്നു.

2013 ലാണ് നിയമപരമായി രേവതിയും സുരേഷ് ചന്ദ്ര മേനോനും വിവാഹമോചനം നേടിയത്. വിവാഹമോചനത്തെക്കുറിച്ച് രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മനോരമ ന്യൂസിൽ സംസാരിക്കവെയാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്. വിവാഹ സമയത്ത് 20 വയസായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ട ആളെയാണ് കല്യാണം കഴിച്ചത്. അമ്മയും അച്ഛനും ഓക്കെ പറഞ്ഞു. അവർ ഓക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ കാത്തിരുന്നേനെ.
എന്റെ കുടുംബം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണം എന്നുണ്ടായിരുന്നു. എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ച് ഞാൻ ജീവിക്കില്ല. അത് തീർച്ചയാണ്. അങ്ങനെ ഞാനും സുരേഷും വിവാഹം ചെയ്തു. ഞങ്ങൾക്ക് നല്ല ജീവിതമായിരുന്നു. ഞങ്ങൾ കുറേക്കൂടി നല്ല സുഹൃത്തുക്കളാണ്.

പക്ഷെ എവിടെയോ ഒരു ഭർത്താവും ഭാര്യയുമായി ജീവിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ രണ്ട് പേരും ആദ്യം സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ കുടുംബത്തിലും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ കാരണങ്ങൾ ഞങ്ങൾ പറഞ്ഞു. ഒന്ന് കൂടി ശ്രമിച്ച് നോക്കെന്ന് അവർ പറഞ്ഞു. മൂന്ന് നാല് വർഷം കൂടി നോക്കി പക്ഷെ വർക്ക് ആയില്ല. സൗഹൃദത്തിൽ നിന്ന് ദേഷ്യത്തിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കി.
വിവാഹമെന്ന് പറയുന്നത് വേറെയാണ്. സൗഹൃദമെന്നത് വേറെയാണ്. നമ്മൾക്ക് നമ്മളോട് സത്യസന്ധത കാണിക്കാമെന്ന് തോന്നി. അങ്ങനെയാണ് പിരിഞ്ഞത്. ഇപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ രണ്ട് പേരും കുറേക്കൂടി ഹാപ്പിയാണ്. വിവാഹമെന്ന് പറയുന്നത് വിട്ടുകൊടുക്കലും കോംപ്രമൈസുകളുമെല്ലാമുള്ളതാണ്. അത് വേണം. കാരണം നമ്മൾ രണ്ട് പേരും ഒരു വീട്ടിൽ അല്ലേ താമസിക്കുന്നത്.
ഞങ്ങൾക്ക് വേറെ ഉത്തരവാദിത്തങ്ങളില്ലായിരുന്നു. കുട്ടികളില്ല. നമുക്ക് നമ്മുടെ ജീവിതം സന്തോഷകരമായി ജീവിക്കാൻ പിരിയുന്നതാണ് നല്ലതെങ്കിൽ കുഴപ്പമില്ലെന്ന് തോന്നി. അഞ്ച് കൊല്ലം കഴിഞ്ഞ് പിന്നെയും വീണ്ടും തിരിച്ച് വരണോ എന്ന് സംസാരിച്ചു. വേണ്ടെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും രേവതി വ്യക്തമാക്കി. വിവാഹമോചനം നേടി വർഷങ്ങൾ പിന്നിട്ട ശേഷം ഐവിഎഫ് വഴി രേവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 2018 ലാണ് തനിക്കൊരു കുഞ്ഞുണ്ടെന്ന കാര്യം രേവതി തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications











