'അച്ഛന്റെ വീട്ടുകാർ ഇതുവരെയും മിണ്ടിയിട്ടില്ല; അണിഞ്ഞൊരുങ്ങി കാണുന്നതിന് കാരണം ആ നടിക്ക് സംഭവിച്ചത്'
മലയാള സിനിമയിൽ നായികമാരുടെ സുവർണ കാലഘട്ടമായാണ് ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നടിമാർ സജീവമായിരുന്നു അറുപതുകളും എഴുപതുകളും അറിയപ്പെടുന്നത്. നോവലുകൾ സിനിമകളാക്കുന്നതായിരുന്നു അന്നത്തെ പൊതുവെയുള്ള രീതി. പ്രഗൽഭ എഴുത്തുകാരുടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ബിഗ് സ്ക്രീനിൽ ജീവൻ നൽകാനുള്ള അവസരം ഇവർക്ക് ലഭിച്ചു. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ തരംഗം വന്ന് നായിക നടിമാർ ഒതുങ്ങിപ്പോവുന്നതിന് മുമ്പായിരുന്നു ഇത്. അന്ന് ഏറ്റവും കൂടുതൽ മികച്ച കഥാപാത്രങ്ങൾ ചെയ്തത് നടി ഷീലയാണ്.
കള്ളിച്ചെല്ലമ്മ, ചെമ്മീൻ, ശരപഞ്ചരം, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിലൂടെ ഷീല പ്രശംസ പിടിച്ചു പറ്റി. ഇന്നും ഷീല എന്ന പേര് മലയാളികൾ മറന്നിട്ടില്ല. നിരവധി ആരാധകരും ഷീലയ്ക്കുണ്ട്. 78ാം വയസ്സിലും ഊർജസ്വലയായ വ്യക്തിയാണ് ഷീല. പുതിയ ചിത്രം അനുരാഗത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഷീല.

നാളുകൾക്ക് ശേഷമാണ് ഷീല ഒരു സിനിമയിൽ അഭിനയിക്കുന്നത്. മെെൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ കരിയർ തെരഞ്ഞെടുത്തതിന്റെ പേരിൽ അച്ഛന്റെ വീട്ടുകാർ ഇതുവരെയും തന്നോട് മിണ്ടിയിട്ടില്ലെന്ന് ഷീല തുറന്ന് പറഞ്ഞു.
എന്റെ കുടുംബം ഓർത്തഡോക്സ് ക്രിസ്ത്യൻസാണ്. സിറിയൻ കത്തോലിക്കരാണ്. ബന്ധുക്കളിൽ പലരും എതിർത്തിട്ടുണ്ട്. അന്ന് മുതൽ ഇതുവരേക്കും എന്റെ അച്ഛന്റെ സൈഡിൽ ആരും സംസാരിച്ചിട്ടില്ല. ഞങ്ങൾ ചെയ്തത് പാപമാണെന്ന് പറഞ്ഞു. പക്ഷെ അമ്മയുടെ സൈഡിൽ നിന്നും കുഴപ്പമില്ല. അച്ഛന്റെ വീട്ടുകാർക്കും ഇപ്പോഴും എതിർപ്പാണെന്നും ഷീല വ്യക്തമാക്കി.
സിനിമാ രംഗത്തേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് നേരത്തെ ഷീല സംസാരിച്ചിട്ടുണ്ട്. താനുൾപ്പെടെ പത്ത് മക്കളായിരുന്നു വീട്ടിൽ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് സിനിമയിലേക്ക് വന്നത്. സഹോദരങ്ങളെല്ലാം ഇന്ന് തന്നേക്കാൾ നല്ല നിലയിലാണ്. ഇവരിൽ അഞ്ച് പേർ മരണമടഞ്ഞെന്നും ഷീല നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമാ രംഗത്ത് തനിക്ക് അനൂപ് മേനോനെയും ലെനയെയുമാണെന്ന് ഷീല വ്യക്തമാക്കി. അനൂപ് മേനോൻ നടൻ മാത്രമല്ല, നല്ല എഴുത്തുകാരനുമാണ്.സുകുമാരി കഴിഞ്ഞാൽ എല്ലാ വേഷങ്ങളും ചെയ്യാൻ പറ്റുന്ന നടി ലെനയാണെന്നും ഷീല പറഞ്ഞു. തമിഴ് പടത്തിൽ അഭിനയിച്ച് ആ കാലത്ത് ആറായിരം രൂപ ഞാൻ മേടിച്ചു. ആ കാലത്ത് ആറ് ലക്ഷം രൂപ മേടിക്കുന്നതിന് തുല്യമാണ്. ഇപ്പോഴുള്ള നായികമാർക്ക് നായികമാരേക്കാൾ കുറഞ്ഞ പ്രതിഫലം ലഭിക്കുന്നതിന് കാരണമെന്തെന്നും ഷീല ചൂണ്ടിക്കാട്ടി.
നായകൻമാർ കുറേക്കാലം ഫീൽഡിൽ നിൽക്കുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും എത്ര വർഷങ്ങൾ കലയ്ക്ക് വേണ്ടി നിന്നു. അവരുടെ കൂടെ അന്ന് അഭിനയിച്ച നടിമാരെയൊന്നും കാണുന്നേയില്ല. അവർ വിവാഹവും മക്കളുമൊക്കെയായി പോയി. മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഇൻഡസ്ട്രിക്ക് ആവശ്യമുള്ള തൂണുകളാണ്. അവർ എന്നെപ്പോലെയൊന്നും ഇടവേള എടുത്തിട്ടില്ല. പെണ്ണുങ്ങൾക്ക് കുട്ടികളും ഭർത്താവുമുണ്ട്. ഇടയ്ക്ക് അതൊക്കെ നോക്കേണ്ടി വരും.
പുറത്ത് പോവുമ്പോൾ നല്ല രീതിയിൽ ഡ്രസ് ചെയ്യാറുണ്ട്. ഒരു നടിയെക്കുറിച്ച് അവർ ഇപ്പോൾ വളരെ കഷ്ടതയിലാണെന്ന് വാർത്ത വന്നിരുന്നു. പക്ഷെ ആ നടി ചെന്നെെയിൽ കണ്ണായ സ്ഥലത്ത് വലിയ ബംഗ്ലാവിലാണ് താമസിക്കുന്നത്. അവർ എവിടെ പോയാലും വളരെ സിംപിളായിരിക്കും. ചെറിയ രണ്ട് കമ്മലിട്ടാണ് പോവുക. ഇത് കണ്ടിട്ടാണ് ആൾക്കാർ എഴുതുന്നത്. അങ്ങനെ തന്നെ പറ്റി എഴുതരുതെന്നുണ്ട്. എല്ലാവരും പുറത്ത് പോവുമ്പോൾ നല്ല രീതിയിൽ വസ്ത്രം ധരിച്ച് പോവണമെന്നും ഷീല അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications