ആദ്യ ഭർത്താവിന്റെ വീട്ടുകാർ ത്രില്ലിലായിരുന്നു, പക്ഷെ...; രണ്ട് വർഷം മാത്രം നീണ്ട വിവാഹബന്ധത്തെക്കുറിച്ച് നടി
തമിഴകത്ത് നടി, അവതാരക തുടങ്ങി പല മേഖലകളിൽ സുപരിചിതയാണ് സ്വർണമല്യ. അലൈപായുതെ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷമാണ് സ്വർണമല്യക്ക് ലഭിച്ചത്. സ്വർണമല്യയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് സ്വർണമല്യയുടെ ജീവിതത്തിൽ നടന്നത്. ആദ്യ വിവാഹം രണ്ട് വർഷം മാത്രമാണ് നീണ്ടു നിന്നത്. വിവാഹമോചനം വലിയ തോതിൽ ചർച്ചയായി. 2002 ൽ വിവാഹം ചെയ്ത സ്വർണമല്യ 2004 ലാണ് വേർപിരിയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ.
21 വയസിലാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹസങ്കൽപ്പത്തെക്കുറിച്ചുള്ള ഐഡിയ വരുന്നതിന് മുമ്പേ മാതാപിതാക്കൾ വിവാഹം ചെയ്യിച്ചു. നീ വളരെ പ്രശസ്തയാകുന്നു, ഞങ്ങൾക്കിത് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല, ഒരു പയ്യനെ കണ്ട് വിവാഹം ചെയ്യിക്കാം എന്ന് പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. കല്യാണത്തിന് ഷോപ്പിംഗിന് പോലും ഞാൻ പോയിട്ടില്ല. അന്ന് പക്വതയില്ലായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അവർക്ക് എന്ത് വേണമെന്നും എന്ത് വേണ്ടെന്നും അറിയാം.

ആ അവബോധമൊന്നും അന്ന് ഇല്ലായിരുന്നെന്നും സ്വർണമല്യ വ്യക്തമാക്കി. വിവാഹത്തിൽ ഭർത്താവിന്റെ കുടുംബം ത്രില്ലിലായിരുന്നു. സിനിമാ രംഗത്തെ എന്റെ സുഹൃത്തുക്കൾ വിവാഹത്തിന് വരുന്നതിലെല്ലാം ആശ്ചര്യമുണ്ടായിരുന്നു. എന്നാൽ എല്ലാവർക്കും ഈ പ്രശസ്തി കൈകാര്യം ചെയ്യാൻ പറ്റില്ലെന്നും സ്വർണമല്യ വ്യക്തമാക്കി.
വിവാഹമോചനത്തെക്കുറിച്ചും സ്വർണമല്യ സംസാരിച്ചു. കല്യാണം നടന്നു, അത് ശരിയായില്ല. അതിൽ നിന്ന് പുറത്ത് വരുന്നു എന്ന രീതിയിലേ അതിനെ കണ്ടിട്ടുള്ളൂ. എന്റെ കുടുംബവും അങ്ങനെയാണ് കണ്ടത്. പക്ഷെ വേദനയുണ്ടായിരുന്നു. അവരായി കണ്ട് നടത്തിയ കല്യാണമായതിനാൽ കുടുംബത്തിന് കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ തനിക്ക് ചുറ്റും നല്ല സ്ത്രീകളുണ്ടായിരുന്നു. ഡിവോഴ്സിന്റെ നടപടികൾ തുടങ്ങുമ്പോൾ തന്നെ അമ്മ എന്നെ എംഎ പഠനത്തിലേക്ക് ശ്രദ്ധ തിരിപ്പിച്ചു.

ഡാൻസിലും പഠനത്തിലുമായിരുന്നു തന്റെ ശ്രദ്ധ. അതിനിടയിൽ വിവാഹമോചനവും നടന്നു. വിവാഹം ചെയ്യുമ്പോൾ എനിക്ക് പ്രായം 21 ഉം അദ്ദേഹത്തിന് 25 ഉം ആണ്. അത് പരാജയപ്പെടേണ്ട ബന്ധമായിരുന്നു. വർഷങ്ങൾക്കിപ്പുറം പിരിയാനുള്ള കാരണങ്ങൾ പറയാൻ താൽപര്യമില്ല. പക്ഷെ രണ്ട് പേരുടെ ഭാഗത്തും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് അമേരിക്കൻ ജീവിതത്തോട് പൊരുത്തപ്പെടാൻ കഴിയില്ലായിരുന്നു.
വിവാഹം നടത്തിയതിന് അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുന്നില്ല. നല്ലത് വിചാരിച്ചാണ് എല്ലാം ചെയ്തതെന്നും സ്വർണമല്യ വ്യക്തമാക്കി. വിവാഹം മാത്രമല്ല എല്ലാ ബന്ധത്തിലും ബുദ്ധിമുട്ടുകളുണ്ട്. അതിനായി വർക്ക് ചെയ്യണം. അതിനാൽ ബന്ധങ്ങൾക്ക് ഫോർമുലയൊന്നുമില്ല. ഒരു ചൂതാട്ടം പോലെയാണ് ജീവിതമെന്നും സ്വർണമല്യ വ്യക്തമാക്കി. മുമ്പൊരിക്കൽ താൻ മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലഘട്ടത്തെക്കുിച്ചും സ്വർണ മല്യ സംസാരിച്ചു. ക്രോണിക് ഡിപ്രഷനായിരുന്നു. ആത്മഹത്യാ ചിന്തകൾ വരെ വന്നു. തന്റെ അനുജത്തിയാണ് തന്നെ സഹായിച്ചതെന്നും സ്വർണ മല്യ വ്യക്തമാക്കി.
സഹോദരിക്ക് 13 വയസുള്ളപ്പോഴാണ് അവൾ തന്നോട് സൈക്കോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചതെന്നും സ്വർണമല്യ പറഞ്ഞു. ആ സമയത്ത് ഒരു ബ്രേക്കപ്പുണ്ടായിരുന്നു. ഇതാണ് മാനസികമായി തകരാൻ കാരണമായതെന്നും സ്വർണമല്യ തുറന്ന് പറഞ്ഞു. കണ്ണ് തുറക്കാൻ തോന്നുന്നില്ലെന്നാണ് ഞാൻ പറഞ്ഞത്. വീട്ടുകാർ ഉടനെ ഡോക്ടറുടെയടുത്ത് എത്തിച്ചു. ക്രോണിക് ഡിപ്രഷനാണ്, ആന്റി ഡിപ്രസന്റുകൾ കഴിക്കണമെന്ന് പറഞ്ഞു.
അന്ന് താൻ കരഞ്ഞിരുന്നെന്നും സ്വർണമല്യ ഓർത്തു. ഒരു വിഷയം കൊണ്ട് മാത്രം ഡിപ്രഷൻ വരില്ല. കുറേക്കാലമായുള്ള മോശമായ അനുഭവങ്ങളാണ് പിന്നീട് മാനസികമായി ബാധിക്കുന്നതെന്നും സ്വർണമല്യ ചൂണ്ടിക്കാട്ടി. രണ്ടാമതും വിവാഹിതയായെങ്കിലും ഇതേക്കുറിച്ച് സംസാരിക്കാൻ സ്വർണമല്യ താൽപര്യപ്പെടുന്നില്ല.


Click it and Unblock the Notifications