ശാലിനി അവളുടെ ലോകത്തായിരുന്നു, പ്രണയത്തിലായ സമയം; അലൈപായുതെയുടെ ഓർമ്മകൾ പങ്കുവെച്ച് സ്വർണമല്യ
ജനപ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. കോളിവുഡിൽ നിരവധി താരങ്ങൾ പരസ്പരം വിവനാഹം ചെയ്തെങ്കിലും അജിത്തിനോടും ആരാധകർക്ക് പ്രത്യേക മമതയുണ്ട്. സിനിമാ ലോകത്തെ ആഘോഷങ്ങൾക്കപ്പുറം തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്കാണ് ശാലിനി എന്നും പ്രാധാന്യം കൊടുത്തത്. വിവാഹശേഷം അഭിനയം നിർത്താനുള്ള കാരണവും ഇതാണ്. ശാലിനിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി അജിത്തും ഒപ്പം നിൽക്കുന്നു.
ഷൂട്ടിംഗ് കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അജിത്ത് മുൻഗണന നൽകുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കോ മറ്റ് പൊതുവേദികളിലോ അജിത്ത് വരാറില്ല. 2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അനൗഷ്ക, ആദ്വിക് എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. അടുത്തിടെയാണ് ശാലിനി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ശാലിനി പങ്കുവെക്കാറുണ്ട്.

മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയായിരുന്നു ശാലിനി. തമിഴിലും കൈ നിറയെ അവസരങ്ങൾ ശാലിനിയെ തേടിയെത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയാകുന്നത്. പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ച് വരാൻ ശാലിനി തയ്യാറായിട്ടില്ല. അലൈപായുതെ എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയിരിക്കെയാണ് ശാലിനി വിവാഹത്തിലേക്ക് കടന്നത്. നടിയെ ഇന്നും ഈ ഹിറ്റ് സിനിമയിലൂടെയാണ് പ്രേക്ഷകർ ഓർക്കുന്നത്.
മണിരത്നം സംവിധാനം ചെയ്ത അലൈപായുതേയിൽ മാധവൻ, ശാലിനി എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സിനിമയിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. മാധവന്റെയും ശാലിനിയുടെയും കെമിസ്ട്രിയും ഏവരും എടുത്ത് പറഞ്ഞു. അലൈപായുതേയിൽ മറ്റൊരു പ്രധാന വേഷം ചെയ്ത നടിയാണ് സ്വർണമല്യ. ശാലിനിയുടെ സഹോദരിയുടെ വേഷമാണ് സ്വർണമല്യ ചെയ്തത്.

സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് സ്വർണമല്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അലെെപായുതെ സിനിമ നടക്കുന്നതിനിടെയാണ് ശാലിനി അജിത്തുമായി പ്രണയത്തിലാകുന്നത്. അവൾ അവളുടെ ലോകത്തായിരുന്നു. പക്ഷെ ഒരുപാട് സംസാരിക്കുമായിരുന്നു. ഒരു വർഷം സിനിമയുടെ ഷൂട്ട് നീണ്ടുപോയി. അലൈപായുതെയ്ക്കിടെയാണ് ശാലിനി അമർക്കളം എന്ന സിനിമ ചെയ്യുന്നത്. മാധവനുമായി താൻ ഒരുപാട് സംസാരിക്കുമായിരുന്നെന്നും സ്വർണമല്യ ഓർത്തു.
നേരത്തെ ശാലിനിയെക്കുറിച്ച് മാധവനും സംസാരിച്ചിരുന്നു. അലൈപായുതേ ചെയ്യുന്ന സമയത്ത് ശാലിനി അജിത്തുമായി പ്രണയത്തിലാണ്. റൊമാന്റിക് സീനുകളിൽ അജിത്ത് ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നെന്ന് ശാലിനി പറഞ്ഞെന്ന് മാധവൻ ഓർത്തു. കുഞ്ചാക്കോ ബോബൻ, ജോമോൾ തുടങ്ങിയ താരങ്ങളും ശാലിനിയെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. ശാലിനിയുടെ പ്രണയത്തിൽ താനും സഹായിച്ചിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ മുമ്പൊരിക്കൽ പറഞ്ഞത്.
ശാലിനി-അജിത്ത് പ്രണയത്തെക്കുറിച്ച് അവസാനമായി അറിഞ്ഞയാൾ താനാണെന്ന് ജോമോൾ ഒരിക്കൽ പറഞ്ഞു. നിറം സിനിമയുടെ തമിഴ് ചെയ്യുന്ന സമയത്താണ് പ്രണയം താനറിയുന്നത്. സെറ്റിൽ വെച്ച് ശാലിനിക്ക് അജിത്തിന്റെ ഫോൺ വന്നപ്പോഴാണ് താനറിയുന്നത്. കുഞ്ചാക്കോ ബോബനും ശാലിനിയും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അതിന് മുമ്പേ അറിയാമായിരുന്നെന്നും ജോമോൾ വ്യക്തമാക്കി.
മലയാളത്തിലെ ഹിറ്റ് ജോഡിയായിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിറം, അനിയത്തിപ്രാവ് എന്നീ സിനിമകൾ വൻ ഹിറ്റായി. ഇരുവരും ഇന്നും സുഹൃത്തുക്കളാണ്. അഭിനയ രംഗത്ത് നിന്നും പിന്മാറിയ ശേഷം ശാലിനിയെ അഭിമുഖങ്ങളിൽ പോലും കണ്ടിട്ടില്ല. ശാലിനി സിനിമാ രംഗത്തേക്ക് മടങ്ങി വരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











