നോക്കിയ ഫോണൊക്കെ പുറമേക്ക്; ശാലിനിക്ക് അജിത്തൊരുക്കിയത് രാജകീയ ജീവിതം; താരത്തിന്റെ സമ്പാദ്യങ്ങൾ
തമിഴ് സിനിമാ രംഗത്ത് അജിത്തിനുള്ള ആരാധക വൃന്ദം ചെറുതല്ല. അജിത്ത് സിനിമകളുടെ റിലീസ് ദിവസം തമിഴകത്ത് ഉത്സവ പ്രതീതിയാണ്. കോടികളാണ് അജിത്ത് ചിത്രങ്ങളുണ്ടാക്കുന്ന സാമ്പത്തിക ലാഭം. ആരാധകരുടെ ആഘോഷങ്ങളിലൊന്നും മതി മറക്കാതെ സ്വന്തം കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അജിത്ത്. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലോ മറ്റ് പൊതുവേദികളിലോ അജിത്തിനെ കാണാറില്ല.
ഷൂട്ടിംഗ് കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും മാറുന്ന നടൻ ബൈക്ക് റെെഡിംഗ് ഉൾപ്പെടെയുള്ള തന്റെ ഹോബികൾക്കായി സമയം മാറ്റി വെക്കുന്നു. സാധാരണക്കാരെ പോലെയാണ് അജിത്തിനെയും ഭാര്യ ശാലിനിയെയും മിക്കപ്പോഴും പൊതുവിടങ്ങളിൽ കാണാറ്. മറ്റ് താരങ്ങളെ പോലെ ഡിസൈനർ വസ്ത്രങ്ങളിൽ ശാലിനിയെ അധികം കണ്ടിട്ടില്ല. മുമ്പൊരിക്കൽ നടി ഉപയോഗിക്കുന്ന ഫോണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നോക്കിയയുടെ സാധാരണ സെൽഫോണാണ് ശാലിനിയുടെ കൈയിൽ കണ്ടത്. അജിത്തും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. സിനിമകളുടെ ഔദ്യോഗിക കാര്യങ്ങളെല്ലാം മാനേജർ മുഖേനെയാണ്. അതേസമയം പുറമേക്ക് സാധാരണക്കാർ ആണെങ്കിലും അജിത്തിനും ശാലിനിക്കും കോടികളുടെ സമ്പത്തുണ്ട്.
വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ നിന്നും അജിത്തുണ്ടാക്കിയ സമ്പാദ്യങ്ങൾ ചെറുതല്ല. ഒരു സിനിമയ്ക്ക് കോടികളാണ് അജിത്ത് വാങ്ങുന്ന പ്രതിഫലം. ശമ്പളത്തിന് പുറമെ സിനിമകളുടെ ലാഭത്തിന്റെ ഒരു വിഹിതവും അജിത്തിന് ലഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 196 കോടി രൂപയുടെ ആസ്തി താരത്തിനുണ്ട്.

ആഡംബരപൂർണമാണ് അജിത്തിന്റെ ജീവിതം. റിപ്പോർട്ടുകൾ പ്രകാരം യാത്രകൾക്കായി ഒരു പ്രെെെവറ്റ് ജെറ്റ് നടന് സ്വന്തമായുണ്ട്. 25 കോടി രൂപയാണ് ഇതിന്റെ വില. ലംബോർഗിനി കാർ, ബിഎംഡബ്ല്യു 7 സീരീസ് 740 Li, എപ്രില്ല ബൈക്ക്, ബിഎംഡബ്ല്യു എസ് 1000 ആർആർ ബൈക്ക് തുടങ്ങിയവയും നടന്റെ പക്കലുണ്ട്. ചെന്നെെയിൽ കോടികൾ വിലമതിക്കുന്ന ബംഗ്ലാവിലാണ് അജിത്തും കുടുംബവും താമസിക്കുന്നത്.
ചെന്നെെയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിന്റെ ഉടമകളിൽ ഒരാളാണ് അജിത്ത്. വിവിധ ബിസിനസുകളിൽ നടന് നിക്ഷേപമുണ്ട്. വിവിധ സിനിമാ പ്രൊഡക്ഷൻ കമ്പനികളിൽ ഉൾപ്പെടെയാണ് നിക്ഷേപം. അജിത്ത് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും നടന് സ്വന്തമായുണ്ട്.
2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ശാലിനി വിവാഹത്തിന് തയ്യാറാകുന്നത്. അമർക്കളം എന്ന സിനിമയ്ക്കിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.
വിവാഹ ശേഷം ശാലിനി അഭിനയ രംഗം ഉപേക്ഷിക്കുകയും ചെയ്തു. അഭിനയ രംഗം വിട്ടെങ്കിലും രാജകീയ ജീവിതമാണ് അജിത്ത് ശാലിനിക്ക് വേണ്ടി ഒരുക്കിയത്. അഭിനയ രംഗത്തേക്ക് മടങ്ങി വരാൻ വർഷങ്ങൾക്കിപ്പുറവും നടി തയ്യാറായിട്ടില്ല. വിവാഹശേഷം നടി പൊതുവേദികളിൽ നിന്നും മാറി നിന്നു. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും അഭിമുഖങ്ങൾക്ക് പോലും ശാലിനി മുഖം കൊടുത്തിട്ടില്ല.
അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് ശാലിനി കടന്ന് വന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ശാലിനി മിക്കപ്പോഴും പങ്കുവെക്കാറ്. അനൗഷ്ക, ആദ്വിക് എന്നിവരാണ് താരദമ്പതികളുടെ മക്കൾ. ശാലിനിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. അതേസമയം അജിത്ത് കരിയറിൽ സജീവമാണ്. തുനിവാണ് നടന്റ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം വൻ വിജയം നേടി. അജിത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications