'ഐ മേക്കപ്പ് കഴിഞ്ഞ് ഐശ്വര്യ കണ്ണ് തുറന്നു; ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അയാൾ അലറി'
മേക്കപ്പ് ആർട്ടിസ്റ്റുകളെ സംബന്ധിച്ച് ഐശ്വര്യ റായിയെ മേക്കപ്പ് ചെയ്യുകയെന്ന് വലിയ നേട്ടമാണ്. സൗന്ദര്യം കണ്ട് ലോകം ആരാധിക്കുന്ന ഐശ്വര്യയുടെ മുഖത്തിന് മാറ്റ് കൂട്ടാൻ ഏത് മേക്കപ്പ് ആർട്ടിസ്റ്റും ആഗ്രഹിക്കും. എന്നാൽ ഇത് അത്ര എളുപ്പമല്ല. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നവരാണ് ഐശ്വര്യയെ മേക്കപ്പ് ചെയ്യാറ്. ആഗോള ബ്രാൻഡുകൾ ഐശ്വര്യയുടെ പിറകെ നടന്ന ഒരു കാലവും ഉണ്ടായിരുന്നു. ഇന്ത്യയിൽ മേക്കപ്പ്, ഫാഷൻ മേഖലയിൽ ഐശ്വര്യ റായ്, സുസ്മിത സെൻ എന്നിവർ ഉണ്ടാക്കിയ തരംഗം ചെറുതല്ല.
ഐശ്വര്യ മിസ് വേൾഡ് കിരീടവും സുസ്മിത മിസ് യൂണിവേഴ്സ് കിരീടവും ചൂടിയ ശേഷമാണ് കോസ്മെറ്റിക് കമ്പനികൾ വലിയ തോതിൽ ഇന്ത്യയിൽ വേരുറപ്പിച്ചത്. മോഡലിംഗ് കാലത്ത് ഐശ്വര്യയെ മേക്കപ്പ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് അംബിക പിള്ള. 1995 ൽ ഒരു പരസ്യത്തിന് വേണ്ടി ഐശ്വര്യ റായ്ക്ക് ആദ്യമായി മേക്കപ്പ് ചെയ്തതിനെക്കുറിച്ചാണ് അംബിക പിള്ള സംസാരിച്ചത്.
മുമ്പ് ഹെയർ സ്റ്റെെലിംഗ് ചെയ്യുന്നുണ്ടെങ്കിലും മേക്കപ്പ് ചെയ്ത് അധികം പരിചയം ഇല്ലായിരുന്നെന്ന് അംബിക പറയുന്നു. ഞാൻ വളരെ ടെൻഷനിടിച്ചു. എന്തായാലും ചെയ്യാമെന്ന് കരുതി. ടേബിൾ സെറ്റ് ചെയ്തു. എന്റെ കിറ്റ് തുറന്നു. ഐശ്വര്യ വന്നു. അവൾ വളരെ നല്ല രീതിയിൽ പെരുമാറി. അംബിക, നിങ്ങൾ ഹെയർസ്റ്റെെലിസ്റ്റ് അല്ലേ, എപ്പോഴാണ് നിങ്ങൾ മേക്കപ്പ് ആർട്ടിസ്റ്റായതെന്ന് ചോദിച്ചു. ഈയടുത്തെന്ന് മറുപടി നൽകി.

അവൾ ഒരു നിമിഷം ചിന്തിച്ചു. എന്തുകൊണ്ട് ഞാൻ സ്വയം മേക്കപ് ചെയ്തുകൂടാ, നിങ്ങൾ ഹെയർ സ്റ്റെെൽ ചെയ്തോ എന്ന് പറഞ്ഞു. ഞാൻ ഓക്കെയെന്ന് പറഞ്ഞു. അപ്പോൾ എന്നെ മേക്കപ്പിന് വിളിച്ച ഹേമന്ദ് ത്രിവേദി കടന്ന് വന്നു. നിങ്ങളെ വിളിച്ചത് ഹെയറും മേക്കപ്പും ചെയ്യാനാണ്. നിങ്ങളല്ലാതെ ആരും അവളുടെ മുഖം തൊടില്ലെന്ന് ഹേമന്ദ് പറഞ്ഞു.
അങ്ങനെ ഞാൻ മേക്കപ്പ് ചെയ്തു. ഐശ്വര്യ കണ്ണടച്ച് ഇരുന്നു. ഐ മേക്കപ്പ് ചെയ്ത ശേഷം ഐശ്വര്യ കണ്ണ് തുറന്ന് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. ബാബ അസ്മിയാണ് ആ ഷൂട്ടിന്റെ സിനിമാട്ടോഗ്രഫി ചെയ്തത്. ക്യാമറയിലൂടെ ഐശ്വര്യയുടെ മുഖം നോക്കിയ ശേഷം ആരാണ് മേക്കപ്പ് ആർട്ടിസ്റ്റെന്ന് ചോദിച്ച് അദ്ദേഹം അലറി.

ഞാൻ മുന്നോട്ട് വന്നു. എന്ത് മാജിക്കാണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നതെന്ന് ക്യാമറയിൽ വന്ന് നോക്കൂയെന്ന് അദ്ദേഹം പറഞ്ഞു. ആ പരസ്യത്തിലൂടെ എനിക്ക് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. ഐശ്വര്യയുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചാണെന്നും അംബിക പിള്ള ഓർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അംബിക ഇക്കാര്യങ്ങൾ സംസാരിച്ചത്. ഐശ്വര്യ റായുടെ ഏറെ ശ്രദ്ധ നേടിയ പല ലുക്കുകൾക്കും പിന്നിൽ പ്രവർത്തിച്ചത് അംബിക പിള്ളയാണ്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോളിവുഡ് താരങ്ങളെക്കുറിച്ച് അംബിക പിള്ള പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പ്രിയങ്ക ചോപ്ര ചുണ്ടിന് മാത്രമല്ല, മറ്റ് പല ശാസ്ത്രക്രിയകളും ചെയ്തിട്ടുണ്ട്. ആദ്യം മൂക്ക് സർജറി ചെയ്തപ്പോൾ ശരിയായില്ല. പിന്നെ നാലഞ്ച് ഓപ്പറേഷൻ ചെയ്ത ശേഷമാണ് ശരിയായത്.
അനുഷ്ക ശർമ്മ ബോടോക്സ് ചെയ്തത് കണ്ട് താൻ ഭയന്ന് പോയി. പ്ലാസ്റ്റിക് സർജറി ചെയ്ത് ഏറ്റവും മോശമായത് രാഖി സവന്ദിന്റെ മുഖമാണെന്നും അംബിക പിള്ള അന്ന് പറഞ്ഞു. ആരും പ്ലാസ്റ്റിക് സർജറി ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications