അഭീ, അത് പോട്ടെ, വിട്ടേക്ക്; അഭിരാമിയോട് അമൃത സുരേഷ്; അവർ സന്തോഷമായിരിക്കട്ടെയെന്നും ഗായിക
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സഹോദരി എന്നതിനൊപ്പം അമൃതയുടെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണ് അഭിരാമി. കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും വരുമ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കാൻ എപ്പോഴും അഭിരാമിയെത്താറുണ്ട്. വിവാഹമോചനം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമേകി അഭിരാമി സഹോദരിക്കൊപ്പം നിന്നു. അമൃതയുടെ മകൾ അവന്തികയും അഭിരാമിക്ക് പ്രിയപ്പെട്ടയാളാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയമാണ്. പങ്കാളി ഗോപി സുന്ദറുമായി ഗായിക വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിന്റെ പേരിൽ വിമർശകരിൽ നിന്നും കടുത്ത പരിഹാസങ്ങളാണ് അമൃതയ്ക്ക് നേരിടേണ്ടി വരുന്നത്.

അമൃതയ്ക്കെതിരെയുള്ള പരിഹാസങ്ങളിൽ പ്രകോപിതയായിരിക്കുകയാണ് അഭിരാമി സുരേഷ്. നടൻ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകളാണ് ഇതിന് കാരണമായത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്.
ഇതിന് അഭിരാമിയാണ് മറുപടി നൽകിയത്. 'നല്ല കൊണാപ്പ്' എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ എന്നാണ് അമൃത സുരേഷിന്റെ കമന്റ്. പൊതുവെ തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് അമൃത ഇപ്പോൾ പ്രതികരിക്കാറില്ല.
ഗോപി സുന്ദറുമായി അമൃത പിരിഞ്ഞോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ ദിവസം പിറന്നാൾ ദിനത്തിൽ പോലും ഗോപി സുന്ദറിനെ അമൃതയ്ക്കൊപ്പം കണ്ടില്ല. സോഷ്യൽ മീഡിയിലൂടെ ആശംസകളും അറിയിച്ചില്ല. അതേസമയം ആഴ്ചകൾ മുമ്പ് ഒരുമിച്ചുള്ള ഫോട്ടോ ഇരുവരും പങ്കുവെച്ചിരുന്നു. എന്നാൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ രണ്ട് പേരും തയ്യാറായില്ല.

നടൻ ബാലയാണ് അമൃതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ജനിച്ച മകളാണ് അവന്തിക. 2010 ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. 2019 ൽ ഇരുവരും വേർപിരിഞ്ഞു. സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. വിവാഹമോചനത്തിന് ശേഷം മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണം ബാല ഒന്നിലേറെ തവണ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം അടുത്തിടെ ബാല ആശുപത്രിയിലായപ്പോൾ നടനെ കാണാൻ അമൃതയും മകളും എത്തി. അമൃതയുടെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. മകൾ അവന്തികയും സമ്മതം പറഞ്ഞ ശേഷമാണ് ഗോപി സുന്ദറിനെ അമൃത തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും ശ്രദ്ധ നേടി.
അഭിനയ രംഗത്തും കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് അമൃതയെന്ന് സൂചനയുണ്ട്. ആദിശക്തി തിയറ്റർ എന്ന സംഘടനയ്ക്കൊപ്പം ആക്ടിംഗ് വർക് ഷോപ്പിൽ അമൃത പങ്കെടുത്തിട്ടുണ്ട്. നടൻ നാഗ ചൈതന്യയും ഈ വർക് ഷോപ്പിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് നടനൊപ്പം എടുത്ത ഫോട്ടോയാണ് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.


Click it and Unblock the Notifications