ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
എല്ലാ സീസണിലും വലിയ ആരാധക വൃന്ദമുണ്ടാക്കുന്ന ഒരു മത്സരാർത്ഥി ബിഗ് ബോസ് ഷോയിൽ ഉയർന്ന് വരാറുണ്ട്. മിക്കവാറും എല്ലാ ഭാഷകളിലെ ബിഗ് ബോസിലും ഇത് സംഭവിക്കാറുണ്ട്. ഹിന്ദിയിൽ ഷെഹനാസ് ഗിൽ, തമിഴിൽ ഒവിയ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്.
മലയാളം ബിഗ് ബോസിൽ ഇങ്ങനെ ഉയർന്ന് വന്ന താരമാണ് റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിൽ തരംഗം സൃഷ്ടിച്ച റോബിൻ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും താരമാണ്. മുൻ സീസണുകളിലൊന്നും ഇത്രയും ആഘോഷിക്കപ്പെട്ട താരം ബിഗ് ബോസിൽ വന്നിട്ടില്ല.

എന്നാൽ ആഘോഷത്തോടൊപ്പം തന്നെ റോബിനെതിരെ ട്രോളുകളും വരാറുണ്ട്. പ്രശസ്തിയിൽ മതിമറന്ന് റോബിൻ അഹങ്കരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
വലിയ ട്രോളുകളും റോബിനെതിരെ വരാറുണ്ട്. എന്നാൽ ഇതൊന്നും റോബിനെ ബാധിക്കാറില്ല. റോബിന് വേണ്ടി സംസാരിക്കാൻ ഫാൻസിന്റെ വലിയൊരു നിര തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട്.

'വ്യക്തിപരമായി വളരെ സന്തോഷം നിറഞ്ഞ സമയത്തിലൂടെയാണ് റോബിനിപ്പോൾ കടന്ന് പോവുന്നത്. കാത്തിരിപ്പുകൾക്ക് ശേഷം താരം വിവാഹം കഴിക്കാൻ പോവുകയാണ്. ആരതി പൊടി എന്ന സംരഭകയാണ് റോബിന്റെ ജീവിത പങ്കാളി ആവുന്നത്'
'റോബിനും ആരതിയും തമ്മിലുള്ള പ്രണയത്തിന് പ്രേക്ഷകരും സാക്ഷിയായതാണ്. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ടവരാണ് റോബിനും ആരതിയും. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇതേപറ്റി റോബിനും ആരതിയും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരുന്നു'

ഇപ്പോഴിതാ റോബിന്റെയും ആരതിയുടെയും രസകരമായ ചില നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ ആരതിയെ പ്രാങ്ക് കോൾ ചെയ്യുകയായിരുന്നു റോബിനും അവതാരകനും.
റോബിന് ബോളിവുഡിൽ നിന്നും അവസരം വന്നു, ദീപിക പദുകോണാണ് സിനിമയിലെ നായിക എന്ന് പറഞ്ഞ് അവതാരകൻ ആരതിയെ ഫോൺ ചെയ്തു.
സിനിമയിൽ അഭിനയിക്കുന്നതിനെ പിന്തുണച്ച ആരതി പക്ഷെ റോബിന് സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. റോബിനോട് ചോദിക്കൂ എന്നാണ് ആരതി ആദ്യം പറഞ്ഞത്.
റോബിൻ സീൻ ചെയ്യാൻ സമ്മതിച്ചു നിങ്ങളുടെ സമ്മതം വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഓക്കെയല്ല എന്ന് ആരതി പൊടി മറുപടി നൽകി.

തനിക്കും നിരവധി അവസരങ്ങൾ സിനിമയിൽ നിന്ന് വന്നിരുന്നെന്നും ഇതേപോലുള്ള കാരണങ്ങൾ മൂലമാണ് ചെയ്യാഞ്ഞതെന്നും ആരതി പറഞ്ഞു. ചേട്ടൻ അഭിനയിച്ച് നല്ല രീതിയിൽ പോവുന്നതിൽ സന്തോഷമേ ഉള്ളൂ. പക്ഷെ ഒരു ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താൽപര്യമില്ലെന്നും ആരതി വ്യക്തമാക്കി. പ്രാങ്കാണെന്ന് പിന്നീട് ആരതിയോട് തുറന്ന് പറയുകയും ചെയ്തു.

റോബിനിൽ ഇഷ്ടപ്പെട്ട കാര്യത്തെക്കുറിച്ചും ആരതി പൊടി സംസാരിച്ചു. നല്ല സഹായ മനസ്കതയുള്ളയാളാണ്. അതാണ് ഒരാൾക്ക് ഏറ്റവും കൂടുതൽ വേണ്ട ഗുണം. റോബിനിൽ ഇഷ്ടമില്ലാത്ത കാര്യമില്ല. ചേട്ടൻ എങ്ങനെയാണ് അങ്ങനെ തന്നെ ഇരിക്കുന്നതാണ് തനിക്കിഷ്ടമെന്നും ആരതി പൊടി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ആരതിയും റോബിനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാവാറുണ്ട്. വിവാഹ ജീവിതത്തിലേക്ക് കടക്കാനിരിക്കുന്ന റോബിനും ആരതിക്കും ഇപ്പോൾ തന്നെ ആശംസകൾ എത്തുന്നുണ്ട്. രണ്ട് പേരും ഒരുമിക്കുന്നതിൽ സന്തോഷമെന്നാണ് ആരാധകർ പറയുന്നത്.


Click it and Unblock the Notifications