ആ റിലേഷൻഷിപ്പ് ബ്രേക്ക് ചെയ്യാൻ ഞാൻ ആരുമല്ല; ഞങ്ങൾ സുഹൃത്തുക്കൾ; മുൻ ഭർത്താവിനെക്കുറിച്ച് ആര്യ
ബഡായി ബംഗ്ലാവിലൂടെ വൻ ജനപ്രീതി നേടിയ ആര്യയുടെ കരിയറിലും ജീവിതത്തിലുമുണ്ടായ മാറ്റങ്ങൾ ആരാധകർ കണ്ടതാണ്. ബഡായി ബംഗ്ലാവിലൂടെ ആഘോഷിക്കപ്പെട്ട ആര്യ ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തിയ ശേഷം കടുത്ത സൈബർ ആക്രമണമാണ് നേരിട്ടത്. വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ആര്യ മടിക്കാറില്ല. പതിനെട്ട് വയസിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
ഒരു മകളും ജനിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. മുൻ ഭർത്താവുമായി ഇപ്പോഴും സൗഹൃദം തുടരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്യയിപ്പോൾ. സെെന സൗത്ത് പ്ലസിനോടാണ് പ്രതികരണം. കാമുകൻ ചതിച്ച് പോയ വിഷമഘട്ടത്തിൽ മുൻ ഭർത്താവ് ഒപ്പം നിന്ന് ആശ്വസിപ്പിച്ചതിനെക്കുറിച്ച് ആര്യ സംസാരിച്ചു. മുൻ ഭർത്താവ് എന്നതിലുപരി അദ്ദേഹം നല്ല സുഹൃത്താണ്. വളരെ ചെറുപ്പത്തിലേ പരിചയമുള്ളവരാണ്.

അന്ന് തൊട്ട് അദ്ദേഹം നല്ലൊരു മനുഷ്യനും സുഹൃത്തുമാണ്. അത് ഇന്നും തുടരുന്നു. ഏറ്റവും പ്രധാനം എന്റെ മകളുടെ അച്ഛനാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹമാണ് ബയോളജിക്കൽ ഫാദർ. ആ റിലേഷൻഷിപ്പ് ബ്രേക്ക് ചെയ്യാൻ ഞാൻ ആരുമല്ല. അച്ഛനും മകളും തമ്മിലുള്ള റിലേഷൻഷിപ്പ് പൂർണമായും അവർക്ക് അവകാശപ്പെട്ടതാണ്. ഞങ്ങൾ മൂന്ന് പേരും സുഹൃത്തുക്കളെ പോലെയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് തീരുമാനമെന്നും ആര്യ വ്യക്തമാക്കി. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലനാണ് ആര്യയുടെ മുൻ ഭർത്താവ്.
മുൻ കാമുകൻ തന്നോട് ചെയ്തതെന്തെന്നും ആര്യ തുറന്ന് പറഞ്ഞു. പ്രതീക്ഷ തന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്കിത് പറ്റില്ല, ഞാൻ വേറൊരു റിലേഷൻഷിപ്പിലാണെന്ന് പറയാമായിരുന്നു. എന്നാൽ അതിന് പകരം ഞാൻ ചോദ്യം ചെയ്യുമ്പോൾ ആരാണ് ഇതൊക്കെ പറയുന്നത്, എത്ര മാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാം, ഒരുമിച്ച് ജീവിതം തുടങ്ങാൻ പോകുകയാണെന്ന് നിനക്കറിയാം എന്നാണ് അയാൾ പറഞ്ഞ് കൊണ്ടിരുന്നത്. ഞാനപ്പോഴും കാത്തിരുന്നു. ഇത്തരത്തിലുള്ള അവസ്ഥ മാനസികമായി നമ്മളെ സമ്മർദ്ദത്തിലാക്കുമെന്നും ആര്യ ചൂണ്ടിക്കാട്ടി.

ആളവിടെ ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ ആത്മാർത്ഥമാണോ എന്ന് ചോദിച്ചാൽ അറിയില്ല. അവസാനം നമ്മൾ ഈ ബന്ധം നിർത്തും. അപ്പോൾ ആൾ ഉദ്ദേശിച്ചത് പോലെ നടക്കും. തനിക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും ആര്യ വ്യക്തമാക്കി. ഈ വിഷമം പൂർണമായും മറക്കുക എളുപ്പമല്ലെന്നും ആര്യ തുറന്ന് പറഞ്ഞു. മനസിൽ എവിടെയെങ്കിലും കിടക്കും. ഏതെങ്കിലും സമയത്ത് ബ്രേക്ക് ഡൗൺ ആകും. പക്ഷെ ഒരു ഘട്ടത്തിൽ മുന്നോട്ട് പോകാൻ സാധിക്കും.
അപ്പോൾ കിട്ടുന്ന എനർജി മുഴുവനും സ്വയം സ്നേഹിക്കാൻ ഉപയോഗിക്കേണ്ടതുണ്ടെന്നും ആര്യ ചൂണ്ടിക്കാട്ടി. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിനും ആര്യ മറുപടി നൽകി. ബിഗ് ബോസ് ഷോയിൽ പോയത് തെറ്റായി പോയെന്ന് ഒരിക്കലും പറയില്ലെന്നും ആര്യ വ്യക്തമാക്കി. പോകണം എന്നത് എന്റെ തീരുമാനം തന്നെയായിരുന്നു. പക്ഷെ ഇനിയൊരിക്കൽ കൂടി പോകുമോ എന്ന് ചോദിച്ചാൽ പോകില്ല.
എനിക്ക് ആ ഷോയോട് ഭയങ്കരമായ ആരാധന ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. 75 ദിവസം ബിഗ് ബോസിൽ ഉണ്ടായിരുന്നു. 75 ദിവസവും നല്ല അനുഭവമായിരുന്നു. അത് കഴിഞ്ഞ് പുറത്ത് വന്നിട്ടുണ്ടായതാണ് ട്രോമയായത്. വീട്ടിനകത്ത് എല്ലാവരും ജോളിയായിരുന്നു. അതേസമയം മാനസികമായ സമ്മർദ്ദം ഉണ്ടായിരുന്നെന്നും ആര്യ വ്യക്തമാക്കി.


Click it and Unblock the Notifications