അമ്മയെ പോലെ തന്നെ മകൾ, പക്ഷെ അസിൻ...; പിറന്നാൾ കഴിഞ്ഞിട്ടും നിരാശയിൽ ആരാധകർ
നടി അസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. 40ാം പിറന്നാൾ ദിനം ഭർത്താവിനും മകൾക്കുമൊപ്പമാണ് അസിൻ ആഘോഷിച്ചത്. വിദേശത്ത് നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ അസിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. മകൾ അരിന്റെയും ഭർത്താവ് രാഹുൽ ശർമയുടെയും ഫോട്ടോകൾ കാണാം. അരിൻ അമ്മയെ പോലെ തന്നെയാണ് കാണാൻ എന്ന് ആരാധകർ പറയുന്നു.
അതേസമയം എന്തുകൊണ്ട് തന്റെ മുഖം അസിൻ കാണിക്കുന്നില്ലെന്ന് ആരാധകർക്ക് ചോദ്യമുണ്ട്. അസിന്റെ ശബ്ദം പങ്കുവെച്ച ദൃശ്യങ്ങളിൽ കേൾക്കാം. ശബ്ദത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും പ്രായത്തിന്റേതായ മാറ്റമായിരിക്കാം ഇതെന്നും അഭിപ്രായമുണ്ട്. തനിക്ക് വന്ന മാറ്റങ്ങൾ കാരണമാണോ അസിൻ സ്വന്തം ഫോട്ടോ പങ്കുവെക്കാത്തതെന്നും ചോദ്യങ്ങളുണ്ട്. വർഷങ്ങളായി അസിൻ ഫോട്ടോ പങ്കുവെക്കാറില്ല.

രാഹുൽ ശർമ്മയെ വിവാഹം കഴിച്ച ശേഷം അസിൻ 2016 മുതൽ അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിന്നു. ബോളിവുഡിലെ പാപ്പരാസി ക്യാമറകണ്ണുകളിലും അസിൻ പെടാറില്ല. അത്രയും സ്വകാര്യമായ ജീവിതമാണ് അസിൻ ഇന്ന് നയിക്കുന്നത്. തെന്നിന്ത്യയിലെ താര റാണിയായിരിക്കെയാണ് അസിൻ ബോളിവുഡിലേക്ക് കടക്കുന്നത്. എന്നാൽ തമിഴ്, തെലുങ്ക് സിനിമാ രംഗത്തെ അതേ വിജയഗാഥ അസിന് ബോളിവുഡിൽ ആവർത്തിക്കാനായിരുന്നില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചിട്ടില്ല. തമിഴിലെ മുൻ നിര നായിക നടി ആയി അസിൻ പിന്നീട് മാറി. പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിൻ സൃഷ്ടിച്ചു. ഗജിനിക്ക് ശേഷമാണ് അസിൻ ബോളിവുഡിലേക്ക് കടന്നത്. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയായിരുന്നു അരങ്ങേറ്റം. ബോളിവുഡിലും പെട്ടെന്ന് അസിൻ ശ്രദ്ധ നേടി. എന്നാൽ പിന്നീട് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞു.
വിവാഹം ചെയ്യുന്ന സമയത്ത് അന്നത്തെ പ്രമുഖ മൊബെെൽ കമ്പനിയായ മെെക്രോമാക്സിന്റെ ഉടമയായിരുന്നു രാഹുൽ ശർമ. വിവാഹ ശേഷം സിനിമാ ലോകവുമായി ഒരു ബന്ധവും വെക്കേണ്ടെന്ന് അസിൻ തീരുമാനിച്ചതാണ്. സിനിമാ മേഖലയിൽ നിന്നും ഒരാളെ വിവാഹം ചെയ്യാനും തനിക്ക് താൽപര്യമില്ലെന്ന് അസിൻ വ്യക്തമാക്കിയിരുന്നു. ഓൾ ഈസ് വെൽ ആണ് അസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഭിഷേക് ബച്ചൻ നായകനായ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.


Click it and Unblock the Notifications











