'അസിന്റെ പിതാവ് ബുദ്ധിശാലി; അത് മകൾക്കും ലഭിച്ചു'; തീരുമാനങ്ങളെടുത്തത് ജോസഫ് തോട്ടുങ്കൽ
തെന്നിന്ത്യൻ സിനിമാ രംഗത്ത് തൃഷ, നയൻതാര എന്നിവർക്കൊപ്പം കരിയറിൽ തിളങ്ങി നിന്ന നടിയാണ് അസിൻ. താരത്തിളക്കവും ജനപ്രീതിയും അക്കാലത്ത് അസിന് ഇവരേക്കാൾ കൂടുതലായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ഹിറ്റുകളുടെ വലിയൊരു നിര തന്നെ അസിന് സൃഷ്ടിക്കാനായി. ഗജിനി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. കൽപ്പന എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അസിൻ ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്കും കടന്നു.
ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവരുടെ നായികയായി തുടക്ക കാലത്ത് തന്നെ അസിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ 2017 ൽ വിവാഹിതയായ ശേഷം അസിൻ സിനിമാ ലോകം പൂർണമായും വിട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു ഫോട്ടോ പോലും അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. മൈക്രോമാക്സിന്റെ കോ ഫൗണ്ടറായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം ചെയ്തത്.

ദമ്പതികൾക്ക് ഒരു മകളും പിറന്നു. കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് കുടുംബ ജീവിതത്തിലേക്ക് കടന്ന അസിന്റെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതുവരെയും ഒരു തിരിച്ച് വരവിന് താരം തയ്യാറായിട്ടില്ല. അസിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പൊതുവെ നടിമാർക്കൊപ്പം അമ്മമാരാണ് സെറ്റിലുണ്ടാകാറെങ്കിലും അസിന്റെ കാര്യത്തിൽ അച്ഛൻ ജോസഫ് തോട്ടുങ്കൽ ആണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് ചെയ്യാറു ബാലു പറയുന്നു. സിനിമകളുടെ കഥ പോലും കേട്ടത് അദ്ദേഹമാണ്. സില്ലിനൊരു കാതൽ എന്ന സിനിമയിൽ ഭൂമികയുടെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അസിനെയാണ്. എന്നാൽ കഥ കേട്ട പിതാവ് ജ്യോതിക ചെയ്യുന്ന വേഷമാണെങ്കിൽ മകൾ ചെയ്യാമെന്ന് പറഞ്ഞു. ഇതോടെയാണ് ഭൂമിക സിനിമയിലേക്ക് വരുന്നത്.

ബില്ല സിനിമയിൽ ആദ്യം പരിഗണിച്ചത് അസിനെയാണ്. എന്നാൽ ഫോട്ടോ ഷൂട്ടിൽ ബിക്കിനി രംഗമുണ്ടെന്ന് പറഞ്ഞ് നടി പിൻമാറി. സിനിമ ചെയ്യില്ലെന്ന് നടിയുടെ പിതാവ് തീർത്ത് പറഞ്ഞെന്നും ചെയ്യാറു ബാലു ഓർത്തു. അസിൻ വിചാരിച്ചിരുന്നെങ്കിൽ മൂന്ന്, നാല് കോൾ ഷീറ്റിൽ അവർക്ക് വർക്ക് ചെയ്യാമായിരുന്നു. എന്നാൽ നടിക്ക് നിബന്ധനകളുണ്ടായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു.
കഷ്ടപ്പെട്ട് സിനിമയിൽ അവസരം തേടി വന്ന ആളല്ല അസിൻ. പണം മാത്രം നോക്കി സിനിമ ചെയ്യില്ല. കണ്ടീഷനുകൾ മൂലം പലരും നടിയെ കാസ്റ്റ് ചെയ്യാൻ മടിച്ചു. എന്നാൽ തന്റെ അഭിനയമികവ് കൊണ്ട് അസിൻ കരിയറിൽ മുന്നേറി. മാധ്യമങ്ങളുമായി നല്ല ബന്ധം അസിന്റെ പിതാവിനുണ്ടായിരുന്നു. സിനിമയെക്കുറിച്ചുള്ള അഭിപ്രായമൊക്കെ മാധ്യമപ്രവർത്തകരോട് ചോദിക്കും. കാരണം അവർക്കാണ് സിനിമയെക്കുറിച്ച് കൂടുതൽ അറിയുകയെന്ന് അദ്ദേഹത്തിനറിയാം.
പിതാവിന്റെ ഈ ബുദ്ധിയാണ് അസിന് ലഭിച്ചതെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. ഭർത്താവിന് കോടിക്കണക്കിന് സ്വത്തുണ്ട്. പത്ത് കമ്പനി നടത്താനുള്ള ബുദ്ധിയും അസിനുണ്ട്. ഭർത്താവിനൊപ്പം കമ്പനി നോക്കി നടത്തിയും വീട്ടമ്മയായും കഴിയാം, ഇനി എന്തിന് അഭിനയിക്കണമെന്ന് അസിന് തോന്നിയിരിക്കാമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
അടുത്തിടെ അസിൻ വിവാഹ മോചിതയാകുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് അസിൻ രംഗത്തെത്തി. അരിൻ എന്നാണ് നടിയുടെ മകളുടെ പേര്. എല്ല വർഷവും പിറന്നാൾ ദിനത്തിൽ മകളുടെ ഫോട്ടോ അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











