'ആ നടന്റെ പ്രണയക്കുരുക്കിൽ സുവലക്ഷ്മി വീണില്ല; നടൻമാരുടെ നിർബന്ധത്തിന് പോലും വഴങ്ങിയില്ല'
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു നടി സുവലക്ഷ്മി. കൊൽക്കത്തയിൽ ജനിച്ച് വളർന്ന സുവലക്ഷ്മി ആദ്യം അഭിനയിച്ചത് സത്യജിത് റേയുടെ ഉട്ടേരാൻ എന്ന ബംഗാളി സിനിമയിലാണ്. പിന്നീട് തമിഴ് സിനിമകളിലേക്ക് സുവലക്ഷ്മി ശ്രദ്ധ കൊടുത്തു. മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും ചെറിയ രീതിയിൽ നടി സാന്നിധ്യം അറിയിച്ചു. 1995 ൽ ആസെെ എന്ന സിനിമയിലൂടെയാണ് സുവലക്ഷ്മി തമിഴ് സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. നടൻ അജിത്തിനൊപ്പം അഭിനയിച്ച ഈ സിനിമ ഏറെ ശ്രദ്ധ നേടി.
പിന്നീട് കൈനിറയെ അവസരങ്ങൾ സുവലക്ഷ്മിയെ തേടി വന്നു. നടൻ വിജയ്ക്കൊപ്പം അഭിനയിച്ച ലവ് ടുഡേ എന്ന സിനിമയും സാമ്പത്തിക വിജയം നേടി. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ സുവലക്ഷ്മി കരിയറിൽ പരാജയങ്ങൾ നേരിട്ടു. അക്കാലത്ത് അതീവ ഗ്ലാമറസായ നായികമാർ തമിഴ് സിനിമകളിൽ തരംഗമായിത്തുടങ്ങി. എന്നാൽ ഗ്ലാമറസായ വേഷങ്ങൾ ചെയ്യാൻ സുവലക്ഷ്മി വിസമ്മതിച്ചു. ഇതോടെ അവസരങ്ങൾ കുറഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

പിന്നീടുള്ള വർഷങ്ങളിൽ പതിയെ സുവലക്ഷ്മി സിനിമാലോകത്ത് നിന്നും അകന്ന് തുടങ്ങി. സുവലക്ഷ്മിയെക്കുറിച്ച് നടനും മാധ്യമപ്രവർത്തകനുമായ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈനിറയെ അവസരങ്ങൾ വന്നപ്പോഴും ഇഷ്ടമില്ലാത്ത വസ്ത്രം ധരിച്ച് അഭിനയിക്കാൻ സുവലക്ഷ്മി തയ്യാറായിരുന്നില്ലെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു.
മിക്ക സിനിമകളിലും സാരിയായിരുന്നു സുവലക്ഷ്മിയുടെ വേഷം. ഗ്ലാമറസായി അഭിനയിക്കാൻ നടൻമാർ പോലും നിർബന്ധിച്ചെങ്കിലും നടി ഇതിന് തയ്യാറായില്ല. കമൽഹാസന്റെ സിനിമയുൾപ്പെടെ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു. എന്നാൽ സുവലക്ഷ്മി തന്റെ തീരുമാനം മാറ്റിയില്ല. നടൻമാരുടെ പ്രണയക്കുരുക്കിൽ പെടാതിരിക്കാനും സുവലക്ഷ്മി ശ്രദ്ധിച്ചു.
മിക്ക നടിമാരെയും പ്രണയം നടിച്ച് വലയിലാക്കുന്ന നടനാണ് കാർത്തിക്. എന്നാൽ സുവലക്ഷ്മി അതിൽ വീണില്ല. കാർത്തിക്കിന്റെ പ്രണയക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ട ഏക നടി സുവലക്ഷ്മിയാണെന്നും ബയിൽവൻ രംഗനാഥൻ പറഞ്ഞു. 1996 ൽ പുറത്തിറങ്ങിയ ഗോകുലത്തിൽ സീതെെ എന്ന സിനിമയിൽ കാർത്തിക്കും സുവലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

2003 ന് ശേഷം സുവലക്ഷ്മി സിനിമകളിൽ അഭിനയിച്ചിട്ടില്ല. 2002 ലായിരുന്നു നടിയുടെ വിവാഹം. പ്രൊഫസർ സ്വാഗതോ ബാനർജിയാണ് സുവലക്ഷ്മിയുടെ ഭർത്താവ്. വിവാഹശേഷം ഭർത്താവിനൊപ്പം നടി വിദേശത്തേക്ക് പോയി.
ബയിൽവൻ രംഗനാഥന്റെ വാക്കുകൾ ഇതിനകം തമിഴ് മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പൊതുവെ താരങ്ങളെക്കുറിച്ച്
വിവാദ പരാമർശങ്ങൾ ഇദ്ദേഹം നടത്താറുണ്ട്. പ്രത്യേകിച്ചും നടിമാരെക്കുറിച്ച് ബയിൽവൻ നടത്തുന്ന പ്രസ്താവനകൾ വിമർശിക്കപ്പെടാറുമുണ്ട്.
തൃഷ, നയൻതാര, രംഭ, അനുഷ്ക തുടങ്ങിയ നടിമാരെക്കുറിച്ച് ഇയാൾ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. നടൻമാരെയും ബയിൽവൻ വെറുവതെ വിടാറില്ല. അടുത്തിടെ നടൻ വിജയ്നെക്കുറിച്ച് നടത്തിയ പ്രസ്താവന ആരാധകരെ രോഷം കൊള്ളിച്ചു. വിജയ് വർഷങ്ങളായി വിഗ് വെക്കുന്നുണ്ടെന്നായിരുന്നു ബയിൽവൻ പറഞ്ഞത്.
നടൻ ഒരേ തരത്തിലുള്ള വിഗ് ഉപയോഗിക്കുന്നതാണ് നല്ലതെന്നും പരിഹസിച്ചു. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബയിൽവൻ രംഗനാഥനെതിരെ വ്യാപകവിമർശനം വന്നു. കഴിഞ്ഞ വർഷം പ്രൊഡ്യൂസർ കെ രാജൻ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയുമുണ്ടായി. തമിഴ് താരങ്ങളെ അധിക്ഷേപിക്കുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. നടിമാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നുണ്ടെന്നും പരാതിയിൽ പറഞ്ഞു. മറ്റനേകം പരാതികളും ബയിൽവൻ രംഗനാഥനെതിരെ വന്നു.


Click it and Unblock the Notifications