മുൻഭർത്താവിന്റെ ചീത്ത, ഞാൻ കരഞ്ഞ് കൊണ്ടിരുന്നു, മക്കളോടൊപ്പം ഞാൻ വീട് വിട്ടപ്പോൾ: ഭാഗ്യലക്ഷ്മി
ഡ്രെെവിംഗ് പഠിച്ചതിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുൻഭർത്താവ് തന്നെ കാറോടിക്കാൻ സമ്മതിക്കില്ലായിരുന്നെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ. കല്യാണം കഴിഞ്ഞ് വന്ന ശേഷമാണ് ഞാൻ വാഹനം വാങ്ങുന്നത്. ഞാൻ നിർബന്ധിച്ച് വാങ്ങിയ കാർ ഭർത്താവിന്റെ പേരിലായിരുന്നു. എനിക്കത് വലിയ വിഷയമായിട്ടൊന്നും തോന്നിയില്ല. ആ കാറിൽ സ്റ്റുഡിയോയിലൊക്കെ പോകാമെന്ന് ഞാൻ വിചാരിച്ചു. ഡ്രെെവറുണ്ടായിരുന്നു, പക്ഷെ സമ്മതിച്ചില്ല. രണ്ട് പ്രാവശ്യം ആ കാറിൽ ഞങ്ങൾ ചെന്നെെയിൽ പോയി വന്നു. അദ്ദേഹം ടൂറിസ്റ്റ് വെഹിക്കിൾ ആയി ഉപയോഗിച്ചു. 1995 കഴിഞ്ഞപ്പോൾ ഡ്രെെവിംഗ് പഠിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി.
ഞാൻ വാശി പിടിച്ചു. ഭർത്താവിന്റെ അച്ഛൻ വളരെ സപ്പോർട്ടീവ് ആയിരുന്നു. ലക്ഷ്മിയെ ഡ്രെെവിംഗ് പഠിക്കാൻ സമ്മതിക്കെന്ന് അച്ഛനും പറഞ്ഞു. അങ്ങനെ ഡ്രെെവിംഗ് പഠിച്ചു. 1998 ലാണ് ലെെസൻസ് കിട്ടിയത്. പക്ഷെ എന്നിട്ടും എന്നെ അങ്ങനെ ഡ്രെെവ് ചെയ്യാൻ ഭർത്താവ് അനുവദിക്കില്ലായിരുന്നു. മാരുതിയെങ്കിലും എന്നെയൊന്ന് ഓടിക്കാൻ സമ്മതിക്കെന്ന് ഞാൻ അപേക്ഷിച്ചു.

അങ്ങനെ മാരുതി ഓടിച്ചു. അദ്ദേഹം സെെഡിൽ ഇരിക്കുന്നുണ്ട്. ക്ലച്ച് ചവിട്ട്, ബ്രേക്ക് ചവിട്ട് എന്ന് പറഞ്ഞ് അദ്ദേഹം ചീത്ത പറഞ്ഞ് കൊണ്ടേയിരുന്നു. ഒരു വീടിന്റെ മുന്നിലേക്ക് ഇടിച്ചു. തിരിച്ച് വരുമ്പോൾ അദ്ദേഹം ചീത്ത പറഞ്ഞു. ഞാൻ കരഞ്ഞ് കൊണ്ടിരുന്നു. അതൊക്കെയുണ്ടാകും, ഡ്രെെവിംഗ് വിട്ട് കളയരുതെന്ന് അച്ഛൻ. പക്ഷെ ഇങ്ങേർ സമ്മതിക്കില്ല.
2000 ആയപ്പോഴേക്കും ഞങ്ങൾ സെപ്പറേറ്റഡ് ആയി. കാർ പുള്ളിയെടുത്തു. ഞാൻ ഒറ്റയ്ക്ക് കുട്ടികളുമായി മാറി താമസിച്ചപ്പോൾ എനിക്ക് വാഹനം ഇല്ല. പിന്നെ കാർ വാങ്ങി. ഡ്രെെവറെ വെച്ചു. കുടുംബ പ്രശ്നങ്ങളും കോംപ്രമെെസ് ശ്രമങ്ങളും അന്നുണ്ട്. കാറിലിരുന്നാൽ ഓരോരുത്തരോടും ഇതാണ് സംസാരിക്കുന്നത്. ഡ്രെെവർ ഇതെല്ലാം കേൾക്കുകയല്ലേ. ഇവൻ നമ്മുടെ കഥകൾ മറ്റുള്ള ഡ്രെെവർമാരോട് വിളമ്പും. ഞാൻ നാണം കെട്ടു. അങ്ങനെ വീണ്ടും ഡ്രെെവിംഗ് പരിശീലനം നേടിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
2005 ൽ ടാങ്കർ ലോറി ഇടിച്ച് അപകടമുണ്ടായി. അന്ന് എല്ലാവരും ഇനി ഡ്രെെവ് ചെയ്യരുത് എന്ന് പറഞ്ഞു. എന്നാൽ ഞാൻ കാര്യമാക്കിയില്ല. വീണ്ടും ഡ്രെെവ് ചെയ്തു. ജീവിതം പോലെയാണ് ഡ്രെെവിംഗ്. ചിലപ്പോൾ നല്ലൊരു കുണ്ടിൽ വീഴും. നമ്മൾ വീണ്ടും മുൻപോട്ട് പോകും. ജീവിതം അങ്ങനെയാണ്. ഒരു അപകടം വന്നാൽ വളരെ ശ്രദ്ധയോടെ പിന്നീട് മുന്നോട്ട് പോകുക. ഇത്രയും വർഷങ്ങളായി വലിയ അപകടങ്ങളൊന്നും ഉണ്ടാക്കാതെ എന്റെ ജീവിതം പോലെ ഭദ്രമായി ഡ്രെെവ് ചെയ്യുകയാണ് താനെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഈയടുത്താണ് ഭാഗ്യലക്ഷ്മി യൂട്യൂബ് ചാനൽ തുടങ്ങിയത്. സിനിമാ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ജീവിതം നയിക്കുന്ന ഭാഗ്യലക്ഷ്മി തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഇന്നും ഭാഗ്യലക്ഷ്മി.


Click it and Unblock the Notifications

